രജിത് കുമാറില്ലാത്ത ബിഗ് ബോസ് വീട്ടില്‍ ഇന്നലെ നടന്ന ടാസ്കുകളെല്ലാം ഏറെ രസകരമായിരുന്നു. കൂടുതലൊന്നും ആര്‍ക്കും രജിത്തിനെ കുറിച്ച് സംസാരിക്കാന്‍ സമയം ലഭിച്ചില്ല. എന്നാല്‍ ടാസ്കുകള്‍ക്കിടയില്‍ എല്ലാ മത്സരാര്‍ത്ഥികളേക്കാള്‍ കുസൃതിയും തമാശയും നിറച്ച് വലിയ കോഴിയായി മാറിയത് രഘുവായിരുന്നു. രഘുവിന്‍റെ പ്രണയലേഖനം ലഭിക്കാത്ത ആള്‍ താന്‍ മാത്രമാണെന്നായിരുന്നു ഷാജി പറഞ്ഞത്. അത് ശരിയായിരുന്നു. പ്രധാനാധ്യാപികയായ ആര്യക്ക് വരെ രഘു പ്രണയലേഖനമെഴുതി. ആ കത്ത് ആര്യ രഘുവിനെ കൊണ്ടുതന്നെ വായിപ്പിക്കുകയും ചെയ്തു.

രഘുവെഴുതിയ പ്രണയ ലേഖനം

"പ്രണയത്തിന്‍റെ താഴ്‍വരയില്‍ ഒരു കാറ്റായി നീ വീശുമ്പോള്‍ അവിടെ ഒരു ആല്‍മരച്ചില്ലയായി ഞാന്‍ ഇരുന്നോട്ടെ... മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍റെ പുല്‍ത്തകിടിയില്‍ പതിനേഴാം വയസില്‍ റൊണാള്‍ഡോയുടെ ബൂട്ടുകള്‍ ചുംബിച്ചതുപോലെ 14ാം വയസില്‍ ബാഴ്സലോണയുടെ നീലയും ബ്രൗണും ഇടകലര്‍ന്ന ജേഴ്സി മെസിയുടെ ശരീരത്തില്‍ ഒട്ടിയപോലെ ടീച്ചറുടെ  ഹൃദയത്തോട് എനിക്ക് തോന്നിയ ആരാധന ഞാന്‍ ഇവിടെ വ്യക്തമാക്കട്ടെ....

ഒരിക്കലും വരാത്ത ആകാശഗംഗയിലെ വാല്‍നക്ഷത്രം പോലെ കോടാനുകോടി ഗ്രഹങ്ങള്‍ക്കിടയില്‍ ഞാന്‍ ടീച്ചറുടെ മുഖം തപ്പിനടന്നു. ചുവന്ന സാരിയില്‍ ടീച്ചര്‍ക്കെന്തു ഭംഗിയാണ്. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങള്‍ പോലെ പൊളിറ്റിക്സ് മാഷും സുജോ മാഷും ചുറ്റും ഓടുമ്പോള്‍ സൂര്യഗ്രഹണം പോലെ ഞാനും ടീച്ചറെ നോക്കാറുണ്ട്. ടീച്ചറുടെ കണ്ണുകള്‍ ഒരിക്കലെങ്കിലും എന്നെ നോക്കിയിരുന്നെങ്കില്‍ അതെനിക്ക് നയന്‍താര തന്ന ഓട്ടോഗ്രാഫ് പോലെ ആയേനെ. 

പ്രായത്തില്‍ നമ്മള്‍ ബുര്‍ജ് ഖലീഫയും കുത്തബ്മിനാറും തമ്മിലുള്ള അന്തരമുണ്ടെങ്കിലും മനസിന്‍റെ വലുപ്പത്തില്‍ ഞാന്‍ ഇന്ത്യയുടെ അത്രയും ടീച്ചര്‍ ദുബായിയുടെ അത്രയുമേ ഉള്ളൂ. കാത്തിരിപ്പിന്‍റെ സുഖം ചെറുതല്ല, കണ്ണില്‍ ക്രൂഡോയില്‍ ഒഴിച്ച് എണ്ണ വില കുത്തനെ കൂടുന്നതും കാത്ത് ഞാന്‍ ഇരിക്കുകയാണ്. ആ ചുവന്ന സാരിയുടുത്ത് ഏതോ ട്രാഫിക് സിഗ്നലില്‍ ടീച്ചര്‍ എന്നെയും കാത്ത് സ്റ്റോപ് ബോര്‍ഡ് കാണിക്കില്ല എന്ന പ്രതീക്ഷയില്‍. ആ കൊഞ്ഞാണന്‍ പൊളിറ്റിക്സ് സാറിനെ ഒഴിവാക്കണം, മിസ് അയാള്‍ ഈ ക്ലാസിലെ കൊലുകൊലുന്നെ വെളുത്ത അമൃതയുമായി പ്രണയത്തിലാണ്. - 
എന്ന് 
സ്വന്തം മോനു കുട്ടാപ്പി.