ആദ്യ സീസണിലേതിനേക്കാള്‍ വേഗത്തിലാണ് ബിഗ് ബോസ് രണ്ടിലെ താരങ്ങള്‍ പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്നതും ഇഷ്ടങ്ങളും അനിഷ്ടങ്ങളും പിടിച്ചുപറ്റുന്നതും. ഇങ്ങനെ പറയാന്‍ ചില കാര്യങ്ങളും ഉണ്ട്. ആദ്യ എലിമിനേഷനിലേക്ക് എത്തുമ്പോള്‍ തന്നെ ബിഗ് ഹൗസിലെ താരങ്ങള്‍ക്കായി സോഷ്യല്‍ മീഡിയയിലടക്കം ആരാധകര്‍ ഏറെയാണ്. അവിടെ ചര്‍ച്ചകളും പൊടിപൊടിക്കുന്നു.

അത്തരത്തില്‍ ദിവസങ്ങള്‍ക്കകം ഒരു ആരാധകക്കൂട്ടത്തെ ഉണ്ടാക്കിയിരിക്കുകയാണ് മത്സരാര്‍ത്ഥി രജിത് കുമാര്‍.  സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ഒറ്റതിരിഞ്ഞുള്ള പെരുമാറ്റവുമെല്ലാം കാരണം രജിത് കുമാറിനെ മത്സരാര്‍ത്ഥികള്‍ എതിര്‍ക്കുമ്പോഴും ഷോയെ ലൈവായി നിര്‍ത്തുന്നതില്‍ മുഖ്യപങ്ക് രജിത് കുമാറിനാണ്. 

അതുകൊണ്ടുതന്നെ വ്യക്തിപരമായി താല്‍പ്പര്യമില്ലാത്തവര്‍ പോലും ഇപ്പോള്‍ രജിത് കുമാര്‍ പുറത്തു പോകണം എന്നാഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. വീട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും ഫെമിനിസ്റ്റ് ആശയമുള്ള പുരുഷന്‍മാരുടെയും കണ്ണിലെ കരടായി രജിത്കുമാര്‍ മാറിയെങ്കിലും പ്രേക്ഷകരിലെ വലിയൊരു വിഭാഗത്തെ അദ്ദേഹത്തിന് സ്വാധീനിക്കാന്‍ കഴിയുന്നുണ്ട്.

എന്നാലിതാ എലിമിനേഷന്‍ എപ്പിസോഡിന്‍റെ പ്രൊമോ പുറത്തുവന്നുകഴിഞ്ഞു. പ്രൊമോയില്‍ മോഹന്‍ലാല്‍ എത്തുന്നതും രജിത് കുമാറിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നതും കാണാം. താങ്കള്‍ പെട്ടിയൊക്കെ റെഡിയാക്കിയോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. താങ്കള്‍ക്ക് പുറത്തു നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ കഴഇയുമോ എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. 

നമ്മള്‍ വിചാരിക്കും പോലെ ജീവിതത്തില്‍ എല്ലാം സംഭവിക്കുകയാണെങ്കില്‍ എത്ര നന്നായേനെ എന്നു പറയുന്ന മോഹന്‍ലാല്‍ നിങ്ങള്‍ പോകും എന്നു പറയുന്നിടത്താണ് പ്രൊമോ അവസാനിക്കുന്നു. ആഴ്ചകള്‍ക്കുള്ളില്‍ വലിയ ആരാധകവൃന്ദത്തെ ഉണ്ടാക്കിയ രജിത് പോകുമോ ഇല്ലയോ എന്ന ഉദ്വേക മുഹൂര്‍ത്തങ്ങള്‍ക്കാകും ഇന്നതെ ബിഗ് ബോസ് വേദിയാകുക.