ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷന്‍ എപ്പിസോഡ് പതിവുപോലെ നാടകീയതകളാല്‍ സമ്പന്നമായിരുന്നു. രജിത് കുമാര്‍, രാജിനി ചാണ്ടി, അലസാന്‍ഡ്ര, സുജോ മാത്യു, എലീന പടിക്കല്‍, സോമദാസ് എന്നിവരായിരുന്നു എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. ആകാംക്ഷ ജനിപ്പിക്കുന്ന അവതരണത്തിലൂടെ മത്സരാര്‍ഥികളുടെയും കാണികളുടെയും നെഞ്ചിടിപ്പ് കൂട്ടിയാണ് മോഹന്‍ലാല്‍ എലിമിനേഷന്റെ പല ഘട്ടങ്ങള്‍ പിന്നിട്ട് പുറത്താവുന്ന ആളുടെ പേര് പ്രഖ്യാപിച്ചത്.

സുജോ, അലസാന്‍ഡ്ര എന്നിവരാണ് സേഫ് സോണിലാണെന്ന് ആറ് പേരുടെ കൂട്ടത്തില്‍ മോഹന്‍ലാല്‍ ആദ്യം പ്രഖ്യാപിച്ചത്. രണ്ട് പേരുടെയും പേരുകള്‍ ഒരുമിച്ചാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതിനുശേഷം എലീനയുടെ പേരും സേഫ് സോണിലേക്ക് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. പുറത്താവുമെന്ന് മറ്റ് മത്സരാര്‍ഥികളും കാണികളില്‍ നല്ലൊരു ശതമാനവും പ്രതീക്ഷിച്ചിരുന്ന സോമദാസിന്റെ പേരാണ് മോഹന്‍ലാല്‍ അടുത്തതായി പറഞ്ഞത്. പ്രേക്ഷകരുടെ വോട്ട് അനുസരിച്ച് സോമദാസും സേഫ് ആണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.

 

രജിത് കുമാറും രാജിനി ചാണ്ടിയും മാത്രമാണ് നോമിനേഷന്‍ ലഭിച്ചവരില്‍ ബാക്കിയുണ്ടായിരുന്നത്. പുറത്തേക്ക് പോകാന്‍ തയ്യാറാണോ എന്നായിരുന്നു രണ്ട് പേരോടും മോഹന്‍ലാലിന്റെ ചോദ്യം. താന്‍ യഥാര്‍ഥത്തില്‍ ഒരു മത്സരത്തിനായിരുന്നില്ല വന്നതെന്നും മത്സരബുദ്ധി കാണിക്കാന്‍ തനിക്ക് പറ്റുന്നില്ലെന്നും രാജിനി പ്രതികരിച്ചു. എന്നാല്‍ ഒരുപാട് പരിചയങ്ങള്‍ ഇവിടെനിന്ന് കിട്ടിയതില്‍ സന്തോഷവതിയാണെന്നും. അവസരം കിട്ടിയാല്‍ ബിഗ് ബോസില്‍ മുന്നോട്ട് പോകാന്‍ താല്‍പര്യമുണ്ടെന്ന് രജിത് കുമാറും പറഞ്ഞു. പിന്നീട് മോഹന്‍ലാല്‍ രജിത്തിന്റെ പേര് വിളിക്കുകയായിരുന്നു. ആകാംക്ഷ ജനിപ്പിക്കുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ മോഹന്‍ലാലിന്റെ വാചകം ഇങ്ങനെ ആയിരുന്നു- 'രജിത് നിങ്ങള്‍ക്ക് പോകാം..., പക്ഷേ അത് ഇപ്പോഴല്ല'. രജിത് മുഖം പൊത്തിക്കൊണ്ടാണ് ഈ പ്രഖ്യാപനം കേട്ടത്.

ബിഗ് ബോസില്‍ നിന്ന് ആദ്യമായി പുറത്തേക്ക് പോകുന്നത് രാജിനി ചാണ്ടിയാണെന്നും മോഹന്‍ലാല്‍ പിന്നാലെ പ്രഖ്യാപിച്ചു. മറ്റ് മത്സരാര്‍ഥികളില്‍ പലരും ഏറെ സങ്കടത്തോടെയാണ് പ്രഖ്യാപനം കേട്ടത്. രാജിനിയുമായി ഏറെ അടുപ്പം തോന്നിപ്പിച്ച ആര്യയും വീണയുമാണ് അവര്‍ പുറത്ത് പോകുന്ന വാര്‍ത്ത കേട്ടപ്പോഴും ഏറെ വിഷമത്തോടെ കാണപ്പെട്ടത്. ബിഗ് ബോസ് ഹൗസിലെ ഓര്‍മ്മ നിലനിര്‍ത്താനായി മറ്റുള്ളവര്‍ക്കൊപ്പം ഒരു സെല്‍ഫി എടുക്കാനായിരുന്നു രാജിനിയോട് ബിഗ് ബോസിന്റെ അവസാന നിര്‍ദേശം. ഇതുപ്രകാരം സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുന്ന ഫോണില്‍ മറ്റുള്ളവര്‍ക്കെല്ലാമൊപ്പം സെല്‍ഫി എടുത്തതിന് ശേഷം രാജിനിയെ എല്ലാവരും ചേര്‍ന്ന് യാത്രയാക്കുകയായിരുന്നു.