ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പ്രായമുള്ള മത്സരാര്‍ഥിയാണ് രാജിനി ചാണ്ടി. പ്രായത്തിന്റേതായ ബഹുമാനത്തോടെയാണ് മറ്റ് പതിനാറ് മത്സരാര്‍ഥികളും ആദ്യ ദിനങ്ങളില്‍ രാജിനിയോട് പെരുമാറിയതെങ്കില്‍ മോഹന്‍ലാല്‍ എത്തിയ ആദ്യ വാരാന്ത്യ എപ്പിസോഡിലേക്ക് എത്തുമ്പോള്‍ പലരും അവരോടുള്ള തങ്ങളുടെ ചില അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. ആദ്യ വാരത്തിലെ ക്യാപ്റ്റന്‍ കൂടിയായിരുന്നു രാജിനി ചാണ്ടി. അതെന്തായാലും സ്വന്തം ജീവിതം പറയാനുള്ള ടാസ്‌ക് ഇന്നത്തെ എപ്പിസോഡില്‍ ബിഗ് ബോസ് രാജിനിക്കാണ് നല്‍കിയത്. പതിനെട്ടാം വയസ്സില്‍ വിവാഹം കഴിച്ചതും നാട്ടിന്‍പുറത്തുനിന്ന് ബോംബം പോലെയൊരു മഹാനഗരത്തിലേക്ക് ജീവിതം പറിച്ചുനട്ടതുമായ അനുഭവങ്ങള്‍ അവര്‍ മറ്റുള്ളവരോട് പറഞ്ഞു. 

അച്ഛന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്നെന്നും എട്ട് മക്കളില്‍ ഏഴാമത്തെയാളായാണ് തന്റെ ജനനമെന്നും രാജിനി ചാണ്ടി പറഞ്ഞു. 'അപ്പച്ചന്റേത് വലിയ അച്ചടക്കമുള്ള ഒരു ജീവിതമായിരുന്നു. എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ ജീവിതം. വെളുപ്പിന് എണീയ്ക്കുന്ന സ്വഭാവം എനിക്ക് കിട്ടിയത് അപ്പനില്‍നിന്നാണ്. പതിനെട്ടാമത്തെ വയസില്‍ കല്യാണം കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം, പക്വതയെത്താത്ത പ്രായത്തില്‍ ബോംബെയിലേക്ക്.  ഇംഗ്ലീഷോ ഹിന്ദിയോ അപ്പോള്‍ അറിയുമായിരുന്നില്ല.' ഇപ്പോഴുള്ള ആത്മവിശ്വാസത്തിലേക്ക് തന്നെ എത്തിച്ചത് ഭര്‍ത്താവാണെന്നും രാജിനി പറയുന്നു.

'ഈ കോണ്‍ഫിഡന്‍സിലേക്ക് എത്തിച്ച മാപ്ലയ്ക്കാണ് ഫുള്‍ ക്രെഡിറ്റ്. ഞാനുമായി പത്ത് വയസിന്റെ വ്യത്യാസമുണ്ട് പുള്ളിയ്ക്ക്. എന്റെ സ്വഭാവത്തെ ഒരു തരത്തിലും മാറ്റിക്കളയാതെയാണ് പുള്ളി എനനെ മോള്‍ഡ് ചെയ്തത്. കല്യാണം നടക്കുന്ന സമയത്ത് പുള്ളി അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്കിലെ ക്രെഡിറ്റ് അനലിസ്റ്റ് ആണ്. അന്നൊക്കെ നാലക്ക ശമ്പളം എന്നുപറഞ്ഞാല്‍ വലുതാണ്. 1970ലെ കാര്യമാണ് പറയുന്നത്', രാജിനി പറഞ്ഞു.

ബിഗ് ബോസ് വേദിയില്‍ മുന്‍പ് ജീവിതം പറഞ്ഞ പല മത്സരാര്‍ഥികളുമായും തട്ടിച്ചുനോക്കുമ്പോള്‍ ഭാഗ്യത്തോടെ വളര്‍ന്ന വ്യക്തിയാണ് താനെന്നും രാജിനി പറഞ്ഞു. 'വലിയ ദു:ഖങ്ങളൊന്നുമില്ല എനിക്ക്. ബോംബെയില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ നാട്ടിലെ ജീവിതവുമായി ഞാന്‍ എങ്ങനെ പൊരുത്തപ്പെടുമെന്ന് ബന്ധുക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷേ ഞാന്‍ വേഗത്തില്‍ ഇണങ്ങി.' ഇപ്പോള്‍ താമസിക്കുന്ന ആലുവയില്‍ മകളുടെ പ്രായത്തിലുള്ള സുഹൃത്തുക്കള്‍ ഉണ്ടെന്നും മകള്‍ അമേരിക്കയിലാണെന്നും രാജിനി ചാണ്ടി പറഞ്ഞു.

ഈ പ്രായത്തിലെത്തുമ്പോള്‍ പലരും ജീവിതത്തിലെ വിരസതയെപ്പറ്റി പറയുമെന്നും അവര്‍ക്ക് ഒരു പ്രചോദനമാവുക എന്ന ലക്ഷ്യമായിരുന്നു ബിഗ് ബോസില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നതെന്നും രാജിനി ചാണ്ടി പറഞ്ഞു. 'എനിക്കിപ്പോള്‍ 68 വയസ്സുണ്ട്. 60 വയസൊക്കെ കഴിയുമ്പോള്‍ പലരും മടുത്തു എന്ന് പറയും. എങ്ങനെ ഓവര്‍കം ചെയ്യാം എന്ന് ഒന്ന് കാണിച്ചുകൊടുക്കാം എന്നതായിരുന്നു ബിഗ് ബോസിലേക്ക് വന്നപ്പോള്‍ എന്റെ മോട്ടോ. തല കറുപ്പിച്ചതുകൊണ്ട് പ്രായം കുറയാന്‍ പോകുന്നില്ല', രാജിനി ചാണ്ടി പറഞ്ഞുനിര്‍ത്തി.