ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് രജിത് കുമാര്‍. തന്റെ പ്രഭാഷണങ്ങളിലൂടെ പലപ്പോഴും ഉണ്ടായിട്ടുള്ള വിവാദങ്ങളാണ് ബിഗ് ബോസിന് പുറത്ത് രജിത്തിനെ ശ്രദ്ധേയനാക്കിയതെങ്കില്‍ ബിഗ് ബോസിലും ഏറെക്കുറെ സമാനമായിരുന്നു കാര്യങ്ങള്‍. അതേസമയം നിലവിലുള്ള പതിനേഴ് മത്സരാര്‍ഥികളില്‍ മികച്ച 'ഗെയിമര്‍' കൂടിയാണ് താനെന്ന് ഈ ദിവസങ്ങളില്‍ രജിത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ എത്തിയ ഞായറാഴ്ച എപ്പിസോഡില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സ്വാധീനിച്ച സ്ത്രീകളെക്കുറിച്ചും സംസാരിക്കാന്‍ പുരുഷ മത്സരാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നു. നിയമ നിര്‍മ്മാണ സഭകളില്‍ അടക്കം സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കണമെന്നായിരുന്നു രജിത് കുമാര്‍ തന്റെ സംഭാഷണത്തിനിടെ ഉയര്‍ത്തിയ ആവശ്യം. പ്രസംഗത്തില്‍ താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പറയാനായതില്‍ രജിത് പിന്നീട് സ്വയം പ്രശംസിക്കുന്ന രംഗവും ഞായറാഴ്ച എപ്പിസോഡില്‍ കണ്ടു.

സ്വയം ഇരുന്ന് സംസാരിക്കുന്ന സ്വഭാവമുള്ളയാളാണ് രജിത് കുമാര്‍. ബിഗ് ബോസിലെ സഹ മത്സരാര്‍ഥികളില്‍ ആരോ ഒരിക്കല്‍ ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'സെല്‍ഫ് കൗണ്‍സിലിംഗ്' ആണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ സ്ത്രീ ശാക്തീകരണ പ്രസംഗത്തെക്കുറിച്ച് രജിത് സ്വയം അഭിനന്ദിച്ചത് ഇങ്ങനെ- 'സത്യംപറഞ്ഞാല്‍ നിന്റെ സ്ത്രീ ശാക്തീകരണം കലക്കി മോനേ, മനസില്‍ കൊണ്ടുനടന്ന ആ സത്യങ്ങള്‍ കറക്ട് വിളിച്ചുപറഞ്ഞു. നീ പണ്ടേ മനസില്‍ ആഗ്രഹിച്ചില്ലേ 50:50 വേണമെന്ന്. പ്രസംഗത്തിന് പകരം അത് ലോകത്തോട് വിളിച്ചുപറയാന്‍ പറ്റിയില്ലേ.'

 

'ഞാന്‍ ഒരിക്കലും സ്ത്രീകള്‍ക്കെതിരേ പറഞ്ഞിട്ടില്ല, അത് വളച്ചൊടിച്ച് അങ്ങനെ ആക്കിയതാണ്. രജിത് സ്ത്രീകള്‍ക്ക് എതിരെയല്ല, സ്ത്രീകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിഗ് ബോസിലൂടെ വിവരമുള്ളവര്‍ മനസിലാക്കും. പക്ഷേ ഇതൊന്നും ഈയുള്ള പാര്‍ട്ടികള്‍ക്ക് അറിയില്ല. ഇവരൊക്കെ കോടികളും ഒന്നാം സമ്മാനവും മനസില്‍ പ്രതീക്ഷിച്ച് നില്‍ക്കുന്ന കുറേപ്പേരാണ്. എനിക്ക് പണം വേണ്ട. എനിക്ക് പണമേ വേണ്ട.'

'നമുക്ക് പണവും വേണ്ട, കോടിയും വേണ്ട, ഫ്‌ളാറ്റും വേണ്ട. പക്ഷേ മെസേജസ്, വാല്യൂസ് ജനങ്ങളിലേക്ക് എത്തിക്കണം. പിന്നെ എന്റര്‍ടെയ്ന്‍മെന്റും വേണം. ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ്. അതില്ലെങ്കില്‍ ജീവിതം ബോറായിപ്പോവും. അവര് ചെയ്യുന്നതെല്ലാം ഞാനും ചെയ്യും ഇനി മുതല്‍'. ഇപ്പോഴാണ് തനിക്ക് ഈ ഗെയിമിനെക്കുറിച്ച് ശരിക്കും മനസിലായതെന്ന് രജിത് കുമാര്‍ പിന്നാലെ ഫുക്രുവിനോട് പറയുകയും ചെയ്തു.