വീക്ക്‌ലി ടാസ്‌കില്‍ ജയില്‍ ശിക്ഷ കിട്ടിയപ്പോള്‍ എന്തുതോന്നി എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് കൗതുകകരമായ മറുപടി പറഞ്ഞ് രജിത് കുമാര്‍. രാജിനി ചാണ്ടിക്കും രജിത് കുമാറിനുമാണ് കഴിഞ്ഞ വാരം ബിഗ് ബോസ് ഹൗസില്‍ ജയില്‍ശിക്ഷ കിട്ടിയത്. രാജിനി ചാണ്ടി ഏറെ സങ്കടത്തോടെയാണ് ശിക്ഷ ഉള്‍ക്കൊണ്ടതെങ്കില്‍ രജിത്കുമാര്‍ നൃത്തം ചവുട്ടിക്കൊണ്ടാണ് ഈ വിവരം കേട്ടത്. ജയില്‍ശിക്ഷ ലഭിച്ചപ്പോള്‍ സന്തോഷപ്രകടനത്തോടെ അത് സ്വീകരിക്കാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ടെന്നും അതിലൊന്ന് തന്റെ ജാതകവുമായി ബന്ധപ്പെട്ടതാണെന്നും രജിത് കുമാര്‍ പറഞ്ഞു.

'ആ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തുള്ളിച്ചാടാനുള്ള കാരണം രണ്ടാണ്. ഒന്ന് എന്റെ അമ്മ എന്റെ ജാതകം എഴുതി വച്ചിട്ടുണ്ടായിരുന്നു. അതില്‍ കാരാഗൃഹവാസത്തിന് യോഗമുള്ളതായി എഴുതിവച്ചിരുന്നു. ഇത്രയും കാലം ഞാന്‍ അങ്ങനെയുള്ള ദുഷ്ടത്തരങ്ങളൊന്നും പ്രവര്‍ത്തിച്ചിട്ടില്ല. ബിഗ് ബോസില്‍ ജയില്‍ശിക്ഷ കിട്ടിയപ്പോള്‍ ഒരു നിമിഷം അമ്മയെക്കുറിച്ചും ആ ജാതകത്തെക്കുറിച്ചും ആലോചിച്ചു. ഉര്‍വ്വശീശാപം ഉപകാരം എന്ന് പറഞ്ഞതുപോലെ ബിഗ് ബോസ് വഴി ജാതകത്തിലെ ഒരു ദോഷം മാറിക്കിട്ടുന്നല്ലോ എന്ന് ആലോചിച്ചു. രണ്ടാമത് സുഹൃത്തായി ഒപ്പം നില്‍ക്കുകയും അപ്പുറത്ത് ചെന്ന് നമ്മളെ ചതിക്കുകയും ചെയ്ത ഒത്തിരി അനഭവങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ വേദനയെ ചിരിച്ചുതള്ളിക്കളയാനാണ് അപ്പോള്‍ ഞാന്‍ ശ്രമിച്ചത്', രജിത് കുമാര്‍ മോഹന്‍ലാലിനോട് പറഞ്ഞു.

അതേസമയം ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ ഇന്ന് നടക്കും. ആറ് പേര്‍ക്കാണ് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. രജിത് കുമാര്‍, രാജിനി ചാണ്ടി, എലീന പടിക്കല്‍, അലസാന്‍ഡ്ര, സുജോ മാത്യു, സോമദാസ് എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവരില്‍ പുറത്തുപോകുന്നത് ആരെന്ന് ഇന്നറിയാം.