താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ എതിര്‍പ്പ് പറഞ്ഞതാണ് രജിത്തിനെ ചൊടിപ്പിച്ചതെന്ന് ആര്യ മറ്റുള്ളവരോട് പിന്നാലെ പറയുകയും ചെയ്തു. "പുള്ളിയുടെ പ്രശ്‌നം മഞ്ജുവും വീണയും ഞാനും എലീനയുമൊക്കെ പ്രതികരിച്ചതാണ്."

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ തനിക്കെതിരേ ഒരുപാട് മത്സരാര്‍ഥികള്‍ ഒരുമിച്ച് വിമര്‍ശനം നടത്തിയതിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന വിമര്‍ശനവുമായി രജിത് കുമാര്‍. ഭാര്യയ്ക്ക് അബോര്‍ഷന്‍ സംഭവിച്ചതുമായി ബന്ധപ്പെട്ട അനുഭവം രജിത് കഴിഞ്ഞ എപ്പിസോഡില്‍ മറ്റംഗങ്ങളുമായി പങ്കുവച്ചിരുന്നു. ഭാര്യയ്ക്ക് അത്യാഹിതം സംഭവിച്ച സമയത്തും നേരത്തേ നിശ്ചയിച്ചിരുന്നത് പ്രകാരം താന്‍ കാര്‍മികത്വം വഹിക്കേണ്ട ഒരു വിവാഹം നടത്തിക്കൊടുക്കാന്‍ പോയെന്നായിരുന്നു രജിത്ത് പങ്കുവെച്ച അനുഭവം. എന്നാല്‍ ഈ അനുഭവ വിവരണം അവസാനിച്ചതും അംഗങ്ങളില്‍ മിക്കവരും അന്ന് രജിത് ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. കുറച്ചുസമയത്തിന് ശേഷം മറ്റംഗങ്ങളുടെ വിമര്‍ശനം ആവര്‍ത്തിച്ചപ്പോഴായിരുന്നു ഈ വിമര്‍ശനത്തിന് പിന്നില്‍ എല്ലാവരും കൂടിച്ചേര്‍ന്നുള്ള പ്ലാനിംഗ് ഉണ്ടെന്ന് രജിത് ആരോപിച്ചത്.

എന്നാല്‍ ഈ ആരോപണത്തിന് പിന്നാലെ അതിനെ ഖണ്ഡിച്ചുകൊണ്ട് ആര്യ മറുപടിയുമായി രംഗത്തെത്തി. അത്തരത്തിലുള്ള വാദവുമായി രംഗത്തുവരരുതെന്ന് ആര്യ തറപ്പിച്ച് പറഞ്ഞു. 'പ്ലാനിംഗ് എന്ന് പറയരുത്. ചേട്ടന്റെ കഥ കേള്‍ക്കാനിരുന്നത് പ്ലാന്‍ ചെയ്തിട്ടൊന്നുമല്ല. ചേട്ടന്‍ കഥ പറഞ്ഞ് തുടങ്ങിയപ്പോള്‍ മുതല്‍ ഞങ്ങളെല്ലാവരും ഇവിടെ ഇരിപ്പുണ്ട്. പിന്നെ എപ്പോഴാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്യുക?', ആര്യ രജിത്തിന്റെ മുഖത്തുനോക്കി ചോദിച്ചു.

എതിര്‍പ്പ് രൂക്ഷമായതോടെ രജിത്ത് അവിടെനിന്നും പോവുകയായിരുന്നു. താനുള്‍പ്പെടെയുള്ള സ്ത്രീകള്‍ എതിര്‍പ്പ് പറഞ്ഞതാണ് രജിത്തിനെ ചൊടിപ്പിച്ചതെന്ന് ആര്യ മറ്റുള്ളവരോട് പിന്നാലെ പറയുകയും ചെയ്തു. 'പുള്ളിയുടെ പ്രശ്‌നം മഞ്ജുവും വീണയും ഞാനും എലീനയുമൊക്കെ പ്രതികരിച്ചതാണ്. പുള്ളി പറഞ്ഞ കഥ അതുപോലെ വിഴുങ്ങി കൈയടിച്ച് പാസ്സാക്കണമായിരുന്നു. അത് നമ്മള്‍ ചെയ്തില്ല. അതാണ് പുള്ളിക്ക് പ്രശ്‌നമായത്', ആര്യ പറഞ്ഞു.