ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഇതുവരെയുള്ള ദിവസങ്ങളില്‍ വേറിട്ട സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ മത്സരാര്‍ഥിയാണ് ഡോ. രജിത് കുമാര്‍. ആദ്യവാരം തന്നിലെ പ്രഭാഷകനെയും താര്‍ക്കികനെയും രജിത് കയറൂരിവിടുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടതെങ്കില്‍ രണ്ടാംവാരത്തില്‍ ബിഗ് ബോസിലെ 'ഗെയിമിംഗി'നെക്കുറിച്ച് കുറേയൊക്കെ മനസിലാക്കിയും മനസിലാക്കാന്‍ ശ്രമിച്ചും തന്ത്രപൂര്‍വ്വം ഇടപെടാന്‍ ശ്രമിക്കുന്ന രജിത് കുമാറിനെയാണ് കാണാനാവുന്നത്. തനിക്കെതിരേ ബിഗ് ബോസ് ഹൗസില്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രജിത് മുന്‍പും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇന്നലെ ഫുക്രുവിനോടുള്ള സംസാരമധ്യേ അദ്ദേഹം ആ 'ഗ്രൂപ്പി'ലെ അംഗങ്ങള്‍ ആരെന്നുകൂടി പറഞ്ഞു.

രാജിനി ചാണ്ടിക്കൊപ്പം ബിഗ് ബോസിലെ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴായിരുന്നു രജിത്തിന്റെ അഭിപ്രായപ്രകടനം. ബിഗ് ബോസില്‍ സിനിമാ-സീരിയല്‍ രംഗത്തുനിന്ന് എത്തിയവരുടെ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും താനാണ് അവരുടെ പൊതുശത്രുവെന്നും രജിത് പറഞ്ഞു. ആറ് പേരുടെ ലോബീയിംഗ് ആണ് ഇവിടെ നടക്കുന്നതെന്നും രജിത് പറഞ്ഞു. എന്നാല്‍ പേരുകള്‍ പറഞ്ഞപ്പോള്‍ ഏഴ് പേരുടെ പേരുകളാണ് അദ്ദേഹം പറഞ്ഞത്. 'ആര്യ, മഞ്ജു പത്രോസ്, പ്രദീപ്, വീണ, അമ്മച്ചി (രാജിനി ചാണ്ടി), സാജു എന്നിവര്‍ സീരിയല്‍, സിനിമ മേഖലയിലെ പ്രബലരാണ്. അവരുടെ ശക്തനായ എതിരാളി ഞാനാണ്. ആറ് പേരുടെ ലോബീയിംഗ് ലോബീയിംഗ് ആണ്. ഫിലിം ഇന്‍ഡസ്ട്രിയും സീരിയല്‍ ഇന്‍ഡസ്ട്രിയും..'. 'ജയില്‍വാസ'ത്തിന് കാരണമായ വോട്ടിംഗില്‍ തന്റെ പേര് ആദ്യം പറഞ്ഞത് മഞ്ജുവാണെന്നും രജിത് ഫുക്രുവിനോട് പറഞ്ഞു.

 

വീക്ക്‌ലി ടാസ്‌കില്‍ മോശം പ്രകടനം കാഴ്ച വച്ച രണ്ട് പേരുടെ പേര് എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് നല്‍കിയ നിര്‍ദേശം. ഇതനുസരിച്ച് ഏഴ് വോട്ടുകള്‍ വീതം നേടിയ രജിത് കുമാറും രാജിനി ചാണ്ടിയും ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാല്‍ രജിത്തിന്റെ പ്രകടനം മോശമായിരുന്നില്ലെന്ന അഭിപ്രായമുള്ളവരും മത്സരാര്‍ഥികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. പരീക്കുട്ടിയായിരുന്നു അവരില്‍ ഒരാള്‍. രജിത് എന്ന വ്യക്തി തന്റെ മാക്‌സിമം പ്രകടനമാണ് നടത്തിയതെന്ന അഭിപ്രായക്കാരനായിരുന്നു പരീക്കുട്ടി. ഇക്കാര്യം പരീക്കുട്ടി രജിത്തിനോട് നേരിട്ട് പറയുകയും ചെയ്തിരുന്നു.