ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന്റെ രണ്ടാം വാരം അവസാനിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചുകഴിഞ്ഞു. നാളത്തെ എപ്പിസോഡിലാണ് ഈ വാരത്തിലെ എലിമിനേഷന്‍ പ്രഖ്യാപിക്കുക. ആറ് പേരാണ് ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റിലുള്ളത്. രജിത് കുമാര്‍, സോമദാസ്, രാജിനി ചാണ്ടി, സുജോ മാത്യു, എലീന പടിക്കല്‍, അലസാന്‍ഡ്ര എന്നിവര്‍. എലിമിനേഷന്‍ എപ്പിസോഡ് ആരംഭിക്കുന്നതിന് മുന്‍പ് രജിത് കുമാര്‍ മറ്റ് മത്സരാര്‍ഥികളോട് ക്ഷമ ചോദിക്കുന്നതിനും ഇന്നത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു.

അടുക്കളയില്‍ ചെന്ന് അവിടെ നിന്നിരുന്ന രാജിനി ചാണ്ടി, സാജു നവോദയ, എലീന പടിക്കല്‍, അലസാന്‍ഡ്ര എന്നിവരോടൊക്കെ രജിത് കുമാര്‍ ക്ഷമ ചോദിച്ചു. അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാചകം. രജിത് മറ്റെല്ലാവരോടും ഇത്തരത്തില്‍ ക്ഷമ ചോദിച്ചെന്ന് ചിലരുടെ വാചകങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ആര്യയും വീണ നായരും ഇക്കാര്യം സംസാരിച്ചിരുന്നു.