മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ഇന്ന് ടാസ്‍ക്കിന്റെ ദിവസമാണ്. ബിഗ് ബോസ് ഒരു സ്‍കൂളാക്കി മാറ്റിയായിരുന്നു ഇന്നത്തെ ടാസ്‍ക്ക്. ടാസ്‍ക്ക് ആയതിനാല്‍ സംഘര്‍ഷം ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ കരുതിയെങ്കിലും ഇന്ന് കാര്യങ്ങള്‍ രൂക്ഷമായിരുന്നു. വികൃതികളായ കുട്ടികളാണ് സ്‍കൂളില്‍ പഠിക്കുന്നത്. പക്ഷേ ടാസ്‍ക്ക് കാര്യമാകുന്ന സംഭവമാണ് ഇന്ന് ബിഗ് ബോസ്സിലുണ്ടായത്.

ദയ അശ്വതി ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയാണ്. സുജോ മോറല്‍ സയൻസിന്റെ അധ്യാപകനും. പൊളിറ്റിക്സ് പഠിപ്പിക്കുന്ന അധ്യാപകനാണ് ഫുക്രു. വികൃതികളായ വിദ്യാര്‍ഥികളായി രജിത്തും അമൃതയും അഭിരാമിയും രഘുവും എലീനയും രേഷ്‍മയും അലസാൻഡ്രയും പാഷാണം ഷാജിയും ആണ് സ്‍കൂളില്‍. ക്ലാസ് തുടങ്ങുന്നതിനു മുമ്പ് തന്നെ കുട്ടികള്‍ വികൃതി തുടങ്ങി. സ്റ്റാഫ് റൂമിലെ ബോര്‍ഡില്‍ അഭിരാമി അധ്യാപകരെ കുറിച്ച് പടം വരയ്‍ക്കുകയായിരുന്നു. ഫുക്രു മാഷിന്റെ രൂപം വലിയ തലയായിരുന്നു. ദയ അശ്വതിയുടെ ഫോട്ടോ കരയുന്ന തരത്തിലും വരച്ചു. സുജോ മാഷിന് മസിലും വരച്ചു. അസംബ്ലിയിലും കുട്ടികള്‍ വികൃതി കാട്ടി. എന്നാല്‍ രജിത്ത് ആണ് മാഷൻമാരുടെ ചിത്രം വരച്ചത് എന്ന് മറ്റുള്ളവര്‍ പറഞ്ഞു. പക്ഷേ ആരാണ് ചിത്രം വരച്ചത് എന്ന് ഫുക്രു കണ്ടുപിടിച്ചു. എല്ലാവര്‍ക്കും ശിക്ഷയും കൊടുത്തു.

ക്ലാസ് തുടങ്ങിയപ്പോഴും കുട്ടികള്‍ വികൃതി കാണിക്കുകയായിരുന്നു. രേഷ്‍മയുടെ ബര്‍ത്ത്‍ഡേയാണ് എന്ന് ക്ലാസ്സിനിടെ പറഞ്ഞു. രേഷ്‍മ എല്ലാവര്‍ക്കും മിഠായി കൊടുത്തു. അതിനിടയില്‍ ആശംസ അറിയിക്കാൻ ശ്രമിക്കുമ്പോള്‍ രജിത് രേഷ്‍മയുടെ കണ്ണില്‍ മുളകു തേക്കുകയായിരുന്നു. തമാശയാണ് എന്ന് മറ്റുള്ളവര്‍ കരുതിയെങ്കിലും സംഗതി കാര്യമാകുകയായിരുന്നു.

കണ്ണിന് പുകച്ചില്‍ സഹിക്ക വയ്യാതെ രേഷ്‍മ കരയാൻ തുടങ്ങി. പച്ചമുളക് രജിത് രേഷ്‍മയുടെ കണ്ണില്‍ തേക്കുകയാണ് എന്ന് വ്യക്തമായി. രജിത് കുമാറിന് ഫുക്രു ശിക്ഷ കൊടുത്തു. പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോകുകയായിരുന്നു. എത്ര തവണ കണ്ണ് കഴുകിയിട്ടും രേഷ്‍മയുടെ വേദന മാറിയില്ല.  രേഷ്‍മയെ വാതില്‍ തുറന്ന് പുറത്തേയ്‍ക്ക് കൊണ്ടുപോയി.

രേഷ്‍മയെ ബിഗ് ബോസ് മുറിയിലേക്ക് വിളിപ്പിച്ചു. ഡോക്ടര്‍മാര്‍ രേഷ്‍മയെ പരിശോധനയ്‍ക്കായി കൊണ്ടുപോകുകയും ചെയ്‍തു.