Asianet News MalayalamAsianet News Malayalam

ദയ അശ്വതിക്കെതിരെ കേസ് തോറ്റ് രജിത്, നേട്ടമുണ്ടാക്കി ഫുക്രുവും

രജിത് കുമാറിന്റെ പരാതി ന്യായമല്ലെന്ന് തീര്‍പ്പിലെത്തുകയായിരുന്നു.

Rajith Kumar failed in bigg boss court task
Author
Chennai, First Published Mar 4, 2020, 1:03 AM IST

ബിഗ് ബോസ് ആകര്‍ഷകമാക്കുന്നത് ഓരോ ടാസ്‍ക്കുകളുമാണ്. ഓരോ ടാസ്‍ക്കുകളില്‍ നിന്നും ലക്ഷ്വറി ബജറ്റിനുള്ള പോയന്റും വ്യക്തിഗത പോയന്റും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടാസ്‍ക്കുകള്‍ സംഘര്‍ഷഭരിതമാകുകയും കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്യാറുണ്ട്. കോടതി മുറിയില്‍ നടക്കുന്ന സംഭവമായിരുന്നു ഇന്നത്തെ ടാസ്‍ക്. പരാതിപ്പെടുകയും കേസു വാദിക്കുകയും ചെയ്യുന്നതായിരുന്നു ടാസ്‍ക്.

സമാധാനപൂര്‍ണമായ അന്തരീക്ഷം ആഗ്രഹിക്കുന്നുവെന്ന് ബിഗ് ബോസ് ആദ്യമേ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ചിരിച്ചുകൊണ്ടു മാത്രമേ സംസാരിക്കാവുവെന്നും അറിയിച്ചിരുന്നു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് എത്താതിരിക്കാനായിരുന്നു അങ്ങനെ ചെയ്‍തത്. ആര്‍ക്കും ആര്‍ക്കെതിരെയും പരാതിപ്പെടാം. പരാതിപ്പെടുന്നയാള്‍ക്ക് ജഡ്‍ജിയാര് ആകണമെന്ന് പറയാം. ആര്‍ക്ക് എതിരെയാണോ പരാതി അയാള്‍ക്ക് വാദിക്കാൻ വക്കീലിനെ വയ്‍ക്കാം. പരാതിപ്പെട്ടയാള്‍ വിജയിച്ചാല്‍ അയാള്‍ക്ക് 100 പോയന്റ് കിട്ടും. തോറ്റാല്‍ 100 പോയന്റ് നഷ്‍ടപ്പെടും, അത് ആര്‍ക്കെതിരെയായിരുന്നോ പരാതി അയാള്‍ക്ക് കിട്ടുകയും ചെയ്യും. വക്കീലിന് 50 പോയന്റ് കൊടുക്കുകയും ചെയ്യണം.

രജിത് കുമാറായിരുന്നു ആദ്യം പരാതിപ്പെട്ടത്. ദയ അശ്വതിക്ക് എതിരെ ആയിരുന്നു പരാതി. ദയ അശ്വതി തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് ആയിരുന്നു പരാതി. തന്റെ സല്‍പ്പേര് പോകുന്നുവെന്നും രജിത് കുമാര്‍ പറഞ്ഞു. ജഡ്‍ജിയായി എത്തിയത് രഘുവായിരുന്നു. ദയ അശ്വതിയുടെ വക്കീലായി എത്തിയത് ഫുക്രുവായിരുന്നു. വാദം ആരംഭിച്ചു. ആദ്യം വാദിക്ക് പറയാനുള്ളതായിരുന്നു ജഡ്‍ജി കേട്ടത്. ആദ്യം തന്നോട് അടുപ്പം കാട്ടിയിരുന്ന ദയ അശ്വതി കണ്ണിന് അസുഖം ബാധിച്ച് പുറത്ത് ചികിത്സയ്‍ക്ക് പോയി തിരിച്ചെത്തിയപ്പോള്‍ തനിക്ക് എതിരെ തിരിഞ്ഞുവെന്നും രജിത് കുമാര്‍ പറഞ്ഞു. ദയ അശ്വതി ഒറ്റപ്പെട്ടിരുന്നപ്പോള്‍ താൻ അടുപ്പം കാട്ടിയിരുന്നുവെന്നും ബിഗ് ബോസ് വീട്ടില്‍ ആക്റ്റീവാകാൻ സഹായിച്ചിരുന്നുവെന്നും രജിത് പറഞ്ഞു. എന്നാല്‍ തന്നെ ആരും ഒറ്റപ്പെടുത്തിയിരുന്നില്ലെന്ന് ദയ അശ്വതി പറഞ്ഞു. ആരും കാണാതിരുന്നപ്പോള്‍ തന്നോട് അടുപ്പം കാട്ടാനാണ് രജിത് കുമാര്‍ ശ്രമിച്ചിരുന്നതെന്ന് ദയ അശ്വതി പറഞ്ഞു. ആരും ഇല്ലാത്തപ്പോള്‍ ഡൈ ചെയ്യാൻ പറഞ്ഞു. മല്ലയുദ്ധം നടത്താനും തനിക്കൊപ്പം രജിത് നിന്നു. സ്വന്തം സല്‍പ്പേരില്‍ ആശങ്കയുണ്ടായിരുന്നെങ്കില്‍ ഒരു പെണ്‍കുട്ടിയോട് മല്ലയുദ്ധം നടത്താൻ തയ്യാറാകുമായിരുന്നോവെന്ന് ദയ അശ്വതി ചോദിച്ചു.

ദയ അശ്വതി പറയുന്നതിനിടയില്‍ ജഡ്‍ജി ഇടപെട്ടു. വാദി ഉന്നയിച്ച കാര്യത്തെ കുറിച്ചല്ല പ്രതി പറയുന്നത് വക്കീലിന് എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്‍ജി ചോദിച്ചു. വക്കീല്‍ ഫുക്രു വാദം ആരംഭിക്കുകയും ചെയ്‍തു. യെസ് ഓര്‍ നോ പറയണം എന്ന് പറഞ്ഞ് ഒരു ചോദ്യം ഫുക്രു രജിത്തിനോട് ചോദിച്ചു. അതിന് വിശാലമായ ഉത്തരം പറയാൻ രജിത് കുമാര്‍ ശ്രമിച്ചപ്പോള്‍ ഫുക്രു തടഞ്ഞു. കണ്ണിനു അസുഖം ബാധിച്ച് പോയി തിരിച്ചുവന്നതിന് ശേഷമല്ലേ ദയ അശ്വതി രജിത്തിനെതിരെ തിരിഞ്ഞത് എന്നായിരുന്നു ഫുക്രു ചോദിച്ചത്. അതേസമയം വക്കീല്‍ ബാലിശമായിട്ടാണ് പെരുമാറുന്നത് എന്ന് രജിത് കുമാര്‍ പറഞ്ഞു. വക്കീലിന്റെ പെരുമാറ്റത്തെ കുറിച്ച് പറയാൻ ജഡ്‍ജിയുണ്ടെന്ന് രഘു പറഞ്ഞു. രജിത് തന്നെക്കുറിച്ച് മോശമായി പറയാൻ തുടങ്ങിയപ്പോഴായിരുന്നു താനും അങ്ങനെ ചെയ്‍തത് എന്ന് ദയ അശ്വതി പറഞ്ഞു. എന്നാല്‍ ആദ്യം ദയ അശ്വതിയാണ് മോശം പറഞ്ഞത് എന്ന് രജിത് പറഞ്ഞു. തിരിച്ചുവരുന്നത് നാടകീയമായിട്ടായിരിക്കണം എന്ന് പറഞ്ഞ് ബിഗ് ബോസ് അധികൃതര്‍ ചെയ്‍ത സംഭവത്തില്‍ താൻ അഭിനയിക്കുകയായിരുന്നുവെന്ന് ദയ അശ്വതി പറഞ്ഞു. കുറച്ച് അഭിനയിക്കണം എന്ന് ബിഗ് ബോസ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ദയ അശ്വതി പറഞ്ഞത്. അത് ടാസ്‍ക്കിന്റെ ഭാഗമായിരുന്നുവെന്നും ദയ അശ്വതി പറഞ്ഞു. അപ്പോള്‍ അത് ടാസ്‍ക്കാണ് എന്ന് വ്യക്തമായല്ലോ കേസിന് പ്രസക്തിയില്ലല്ലോയെന്ന് വക്കീല്‍ ഫുക്രു ചോദിച്ചു.

പരാതിയില്‍ ന്യായമുണ്ടോയെന്ന് ചോദിക്കാൻ ജഡ്‍ജിയോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. ഒറ്റവാക്കില്‍ ഉത്തരം പറയാനായിരുന്നു ആവശ്യപ്പെട്ടത്. അതനുസരിച്ച് രഘു കാഴ്‍ചക്കാരോട് പരാതി ന്യായമാണോ എന്ന് ചോദിച്ചു. ഓരോരുത്തരും മറുപടി പറഞ്ഞു. അങ്ങനെ ഭൂരിപക്ഷം പേരുടെ അഭിപ്രായം പരിഗണിച്ച് രജിത്തിന്റെ പരാതി ന്യായമല്ല എന്ന തീര്‍പ്പില്‍ എത്തുകയും ചെയ്‍തു.

Follow Us:
Download App:
  • android
  • ios