മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ ആരൊക്കെയാണ് യഥാര്‍ഥ കൂട്ടുകാര്‍ എന്നറിയാത്ത അവസ്ഥയിലാണ് മോഹൻലാലും പ്രേക്ഷകരും. ഓരോ രംഗത്തും ഓരോ ആള്‍ക്കാര്‍ തമ്മില്‍ കൂട്ടുകൂടുന്നു. അടുത്ത രംഗം കാണുമ്പോള്‍ അവര്‍ പരസ്‍പരം കുറ്റം പറയുന്നു. അതിനിടയില്‍ അലസാൻഡ്രയും സുജോയും പ്രണയത്തിലാണെന്നും പറയുന്നു. അലസാൻഡ്രയോട് സുജോയ്‍ക്ക് പ്രണയമുണ്ടെന്ന് രജിത് കുമാര്‍ സമര്‍ഥിക്കുകയും ചെയ്‍തു ഇന്നത്തെ രംഗത്ത്.

രജിത് കുമാറും സുജോയും തമ്മില്‍ സംസാരിക്കുകയാണ്. അതിനിടയിലാണ് അലസാൻഡ്ര അതുവഴി പോകുന്നത്. അപ്പോള്‍ സുജോ, രേഷ്‍മ എന്നു വിളിക്കുന്നു. പക്ഷേ തിരിച്ചുവന്ന അലസാൻഡ്ര, സുജോ തന്റെ പേര് തെറ്റിച്ചുവിളിച്ചത് എന്തെന്ന് ചോദിക്കുന്നു.  ഇവന്റെ പേര് പലരും തെറ്റിച്ചുവിളിക്കുന്നു. താനാണ് പേര് എല്ലാവര്‍ക്കും പറഞ്ഞുകൊടുക്കുന്നത്. എന്നാല്‍ ഇവനോ തന്നെ രേഷ്‍മ, അര്‍ച്ചന, എലീന എന്നൊക്കെ പേര് തെറ്റിച്ചുവിളിക്കുമെന്നും അലസാൻഡ്ര പറഞ്ഞു. തന്റെ പേര് സുജോയ്‍ക്ക് അറിയില്ലെന്നും അലസാൻഡ്ര പറയുന്നു. അപ്പോഴാണ് രജിത് കുമാര്‍ ഇടപെടുന്നത്. വിഷമം തോന്നില്ലെങ്കില്‍ ഒരു കാര്യം പറയാം. നിന്നോട് പേര് തെറ്റിച്ചുപറയുമ്പോഴേ നിനക്ക് ദേഷ്യമുണ്ടാകൂ. അപ്പോഴേ അവന് ഒരു ഇത് ഉണ്ടാകു.  മോളുടെ പേര് അലസാൻഡ്രെ എന്ന് കൃത്യമായി വിളിക്കുമ്പോള്‍ അതിനു ഒരു സുഖവുമില്ല. സ്വാഭാവികമായി തെറ്റിച്ചുവിളിക്കുമ്പോള്‍ നിന്റെ ഉള്ളില്‍ ഒരു ദേഷ്യമുണ്ടാകൂവെന്നും അലസാൻഡ്രയോട് രജിത് കുമാര്‍ പറഞ്ഞു. എന്നാല്‍ വേറെ ആരെയെങ്കിലും ആണെങ്കില്‍ താൻ അത് വിശ്വസിച്ചേനെ, ഇവന് ആ പേര് ഓര്‍മ്മയില്ലാത്തതുകൊണ്ടാണ് എന്ന് എനിക്ക് ശരിക്കും അറിയാം എന്ന് പറഞ്ഞ് അലസാൻഡ്ര പോകുകയും ചെയ്‍തു. എന്നാല്‍ പേര് ഓര്‍മ്മയുണ്ടോയെന്ന് നീ സ്ഥാപിച്ചുനോക്കുകയല്ലേ എന്ന് രജിത് കുമാര്‍ ചോദിച്ചപ്പോള്‍ ആ അതെയെന്ന് പോകുന്നവഴിക്ക് അലസാൻഡ്ര പറയുകയും ചെയ്‍തു. കൊച്ചു കള്ളീയെന്നും രജിത് കുമാര്‍ പറഞ്ഞു. ഒറ്റച്ചവിട്ടു ഞാൻ വെച്ചുതരും എന്നായിരുന്നു സുജോയോട് രജിത് കുമാര്‍ പറഞ്ഞത്. അഭിനയം, കംപ്ലീറ്റ് അഭിനയം, ഞാനാണ് അന്ന് ആദ്യം പറഞ്ഞത്, അന്ന് നീ എന്നെ തേച്ച് ഒട്ടിച്ചുവെന്നും സുജോയോട് പറഞ്ഞു. താൻ എല്ലാം നിരീക്ഷിച്ചുകൊണ്ടാണ് ഇവിടെ  നടക്കുന്നത്, ഒരു വട്ടനെപ്പോലെ, ഒരു ഭ്രാന്തനെപ്പോലെ താൻ നിങ്ങളുടെ എല്ലാം ആക്റ്റിവിറ്റി കണ്ടുകൊണ്ടു തന്നെയാണ് നടക്കുന്നത് എന്നും രജിത് കുമാര്‍ പറഞ്ഞു. രജിത് കുമാറിന്റെ വാദം സമ്മതിച്ചുകൊടുക്കുന്ന പെരുമാറ്റമായിരുന്നു സുജോയുടെ ഭാഗത്തുനിന്നുണ്ടായത്.