ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കപ്പെട്ടിരിക്കുന്ന രജിത് കുമാറിന് താന്‍ തിരക്കഥയൊരുക്കുന്ന പുതിയ സിനിമയില്‍ അവസരമുണ്ടായിരിക്കുമെന്ന് ആലപ്പി അഷറഫ്. താന്‍ തിരക്കഥയൊരുക്കി, നവാഗതനായ പെക്‌സണ്‍ ആംബ്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മനശാസ്ത്രജ്ഞന്റെ വേഷമാണ് രജിത്തിനുവേണ്ടി മാറ്റിവച്ചിരിക്കുന്നതെന്നും അദ്ദേഹത്തിനെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകരെന്നും ആലപ്പി അഷറഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഡോക്ടര്‍ രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക്.. ഫീല്‍ ഫ്‌ളൈയിംഗ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലപ്പി അഷറഫിന്റെ കഥാ, തിരക്കഥയില്‍ പെക്‌സന്‍ അംബ്രോസ് എന്ന യുവ സംവിധായകന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് 'ക്രേസി ടാസ്‌ക്'. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കും. പുതുമുഖങ്ങള്‍ക്ക് എറെ പ്രാധാന്യമുള്ള ഈ ചിത്രം മെന്റല്‍ അസൈലത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്ന് യുവതികളുടെ കഥയിലൂടെയാണ് കടന്നു പോകുന്നത്. ചിത്രത്തിലെ വളരെ പ്രാധാന്യമുള്ള ഒരു സൈക്കാട്രിസ്റ്റിന്റെ ക്യാരക്ടര്‍ ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെ ഏറെ ജനപ്രിയനായ ഡോക്ടര്‍ രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് സംവിധായകന്‍. ഇതിലേക്കായി അദ്ദേഹവുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

അതേസമയം ചൊവ്വാഴ്ച എപ്പിസോഡിലാണ് രജിത് കുമാറിനെ താല്‍ക്കാലികമായി പുറത്താക്കുന്നതായി ബിഗ് ബോസ് പ്രഖ്യാപിച്ചത്. വീക്ക്‌ലി ടാസ്‌കിനിടെ സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ടായിരുന്നു ബിഗ് ബോസിന്റെ നടപടി. അതേസമയം രജിത് കുമാറിന്റെ ഷോയിലെ മുന്നോട്ടുപോക്ക് സംബന്ധിച്ചുള്ള അന്തിമ പ്രഖ്യാപനം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന വാരാന്ത്യ എപ്പിസോഡുകളില്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബിഗ് ബോസിന്റെ ഒരു വിഭാഗം പ്രേക്ഷകര്‍.