താന്‍ സ്വന്തം ജീവിതത്തിലും കാഴ്ചപ്പാടുകളിലും ചില പുതുക്കലുകള്‍ നടത്തിയതായി ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാര്‍. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ താന്‍ ജീന്‍സ് ധരിക്കുമെന്നും സിനിമ കാണാന്‍ പോകുമെന്നും രജിത് പറയുന്നു, അതേസമയം ജീവിതത്തില്‍ പാലിച്ചുപോരുന്ന മൂല്യബോധങ്ങള്‍ക്ക് മാറ്റംവരില്ലെന്നും. കഴിഞ്ഞ ദിവസത്തെ ബിഗ് ബോസ് പ്ലസില്‍ ഹൗസിന് പുറത്തിരുന്ന് അമൃതയോടും രേഷ്മയോടും സംസാരിക്കവെയാണ് രജിത് ഇക്കാര്യങ്ങളെക്കുറിച്ച് രജിത് കുമാര്‍ സംസാരിച്ചത്.

അമൃതയ്ക്കും രേഷ്മയ്ക്കുമൊപ്പമിരുന്ന് ഒരു പുരാണകഥ പറയുകയായിരുന്നു രജിത് കുമാര്‍. ശേഷം തനിക്ക് ജീവിതത്തില്‍ വന്നുചേര്‍ന്ന ചില മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. 'രേഷ്മ എന്റെ പാദം നമസ്‌കരിക്കൂ.. എന്ന് പറഞ്ഞാല്‍ രേഷ്മ രണ്ട് വട്ടം ആലോചിക്കും, ഇരുപത് വട്ടം ആലോചിക്കും. പക്ഷേ നീ എന്നോട് പറഞ്ഞേ (അമൃതയോട്) രേഷ്മയുടെ പാദം തൊട്ട് തൊഴാന്‍.. ഞാന്‍ തൊട്ടുതൊഴുതിട്ടേ നീ അറിയത്തുള്ളൂ, അക്കാര്യം ഞാന്‍ ചെയ്തു എന്നുള്ള കാര്യം. കാരണം ഫാഷന്‍ ഡിസൈനിംഗ് ഉള്‍പ്പെടെ എനിക്ക് അറിയാന്‍ പാടില്ലാത്ത പല മേഖലകളിലും ഈ കുട്ടിക്ക് അറിവുണ്ട്. ഞാന്‍ അയാളുടെ ശിഷ്യനായി ചേര്‍ന്ന് അതില്‍നിന്ന് പഠിക്കാനും അതില്‍ സമര്‍പ്പിക്കാനും എനിക്കറിയാം', രജിത് പറഞ്ഞുതുടങ്ങി. 

 

എന്നാല്‍ കുറച്ചുകാലം മുന്‍പ് ഇതായിരുന്നില്ല തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. 'ഈ ഒരു സാധനം മുന്‍പ് ഞാന്‍ ചെയ്യില്ല. കാരണം ഞാന്‍ എന്തോ ആണെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്', രജിത് പറഞ്ഞു. ആ മനോഭാവം എപ്പോഴാണ് മാറിയതെന്ന രേഷ്മയുടെ ചോദ്യത്തിന് രജിത്തിന്റെ മറുപടി ഇപ്രകാരം- 'എന്റെ ഫാമിലി കുളമായപ്പോള്‍.. എല്ലാം പൊട്ടിത്തകര്‍ന്നപ്പോള്‍.. അത്യാര്‍ത്തിയോടെയും സ്വാര്‍ഥതയോടെയും പഠിച്ചതും നേടിയെടുത്തതുമെല്ലാം പൊട്ടിപ്പൊളിഞ്ഞപ്പോഴേയ്ക്ക് അത് പോയി'. പിന്നാലെ ഇനി ജീവിതശൈലിയില്‍ വരുത്താനാഗ്രഹിക്കുന്ന മാറ്റത്തെക്കുറിച്ചും രജിത് കുമാര്‍ പറഞ്ഞു. 'ഇപ്പോള്‍ ഞാന്‍ ജീവിതം ആസ്വദിക്കാന്‍ പഠിച്ചു. ഞാന്‍ എന്നില്‍ത്തന്നെ മാറ്റം വരുത്തി. ഇനി പുറത്തിറങ്ങുമ്പോഴേക്ക് ഞാന്‍ ജീന്‍സ് ഒക്കെ ഇടും. ഷര്‍ട്ട് ഇടും. കളര്‍ ഇടും. പക്ഷേ ടോണ്‍ഡ് ജീന്‍സ് ഒന്നും ഇട്ടോണ്ട് നടക്കില്ല. ഏറ്റവും സ്റ്റാന്‍ഡേര്‍ഡ് ആയ രീതിയില്‍ തന്നെ പോകും. കറങ്ങാന്‍ പോകും. കാര്യങ്ങള്‍ കാണാന്‍ പോകും. സിനിമ കാണാന്‍ പോകും. ഏറ്റവും നാച്യുറല്‍ ആയിത്തന്നെ.. പക്ഷേ എന്റെ ബേസിക് ക്വാളിറ്റി എന്ന സാധനം കൂടിക്കൂടി വന്നുകൊണ്ടേയിരിക്കും', രജിത് കുമാര്‍ പറഞ്ഞുനിര്‍ത്തി.