ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും ഉദ്വേഗം നിറഞ്ഞ എപ്പിസോഡ് ആയിരുന്നു ഇന്നലത്തേത്. പതിവിന് വിപരീതമായി രണ്ട് എലിമിനേഷനുകളും രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഒരേദിവസം നടത്തി പ്രേക്ഷകരെയും മത്സരാര്‍ഥികളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുകയായിരുന്നു ബിഗ് ബോസ്. പരീക്കുട്ടിയും സുരേഷ് കൃഷ്ണനും പുറത്തായ എപ്പിസോഡില്‍ പ്രതികരണങ്ങള്‍കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയെടുത്തിട്ടുള്ള രണ്ട് വനിതകളാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയത്. ജസ്ല മാടശ്ശേരിയും ദയ അശ്വതിയും. ഇരുപത് ദിനങ്ങള്‍ ഹൗസിലെ സാഹചര്യങ്ങളില്‍ ഇതിനകം താമസിച്ച മറ്റ് മത്സരാര്‍ഥികള്‍ക്കിടയിലേക്ക് ഇവര്‍ കൂടിയെത്തുമ്പോള്‍ ഷോയുടെ എന്റര്‍ടെയ്ന്‍മെന്റ് വാല്യു ഉയരുമെന്ന് ഉറപ്പാണ്. ഇന്നലെ എത്തിയ പുതിയ അംഗങ്ങളെക്കുറിച്ച് രജിത് കുമാറിന്റെ ആത്മഭാഷണം ഇന്നലെ എപ്പിസോഡിലെ കൗതുകമുള്ള ഒരു രംഗമായിരുന്നു.

 

ജെസ്ലയും ദയയും എല്ലാവര്‍ക്കും മുന്നില്‍ സ്വയം പരിചയപ്പെടുത്തിയതിന് ശേഷമായിരുന്നു ഇരുവരെയും കുറിച്ചുള്ള രജിത്തിന്റെ അഭിപ്രായപ്രകടനം. പുതിയ ആളുകള്‍ വന്നതിലെ കൗതുകവും എന്നാല്‍ തന്റെ മുന്നോട്ടുപോക്കിന് അവര്‍ എത്തരത്തിലാവും ഇടപെടുക എന്ന സംശയവും രജിത്തിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. 'എന്റെ ബിഗ് ബോസേ, എന്തായാലും നന്ദിയുണ്ട്. എന്റെ സൈഡില്‍ നില്‍ക്കാനായിട്ട് ഒരാളെയെങ്കിലും തരണേ ദൈവമേ എന്ന് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പൊ അങ്ങ് എനിക്ക് രണ്ടുപേരെ വിട്ടുതന്നു. ഈ രണ്ടുപേര് ഏത് ടൈപ്പാണെന്ന് കണ്ടുവേണം അറിയാന്‍. ഇവിടെയിപ്പൊ പ്രസന്റ് ചെയ്തപ്പൊ ഒരാളിന്റെ വ്യൂ കുഴപ്പമില്ല. മറ്റെയാളുമായി ഏറ്റുമുട്ടേണ്ടിവരും. ആദ്യത്തെയാളും നമ്മളെ കീറിയൊട്ടിക്കുമോയെന്ന് അറിഞ്ഞൂട. അതുകൊണ്ട് തല്‍ക്കാലം ഞാന്‍ രണ്ട് സ്‌റ്റെപ്പ് പിന്നിലേ നടക്കൂ. എന്തായാലും കളി വേറെ ലെവലിലാണ്', രജിത് കുമാര്‍ പറഞ്ഞു.

 

ഒരാളിന്റെ വ്യൂ കുഴപ്പമില്ലെന്ന് രജിത് അഭിപ്രായപ്പെടുന്നത് ദയ അശ്വതിയെക്കുറിച്ചാണ്. ഹൗസിലേക്ക് ആദ്യമായി കടന്നുവന്നപ്പോള്‍ രജിത്തിനോടുള്ള തന്റെ സ്‌നേഹവും ബഹുമാനവും അവര്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 'മറ്റെയാളുമായി ഏറ്റുമുട്ടേണ്ടിവരുമെ'ന്ന് രജിത് പറഞ്ഞത് ജസ്ല മാടശ്ശേരിയെക്കുറിച്ചുമാണ്. ജസ്ലയും രജിത്തും തമ്മില്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും അത് അഭിപ്രായവ്യത്യാസത്തിലേക്ക് പോകുന്നതുമായ കാഴ്ചയും ഇന്നലത്തെ എപ്പിസോഡില്‍ത്തന്നെ ഉണ്ടായിരുന്നു. ആ കാഴ്ചകളുമായാണ് ഞായറാഴ്ച എപ്പിസോഡ് അവസാനിച്ചിരിക്കുന്നത്.