രേഷ്മയും രജിത് കുമാറും തമ്മിലുണ്ടായ തര്‍ക്കത്തിലൂടെയാണ് ബിഗ് ബോസിന്റെ ഏറ്റവും പുതിയ എപ്പിസോഡ് തുടങ്ങിയത്. നിലവില്‍ ഹൗസ് കീപ്പിംഗ് ഡ്യൂട്ടിയിലാണ് രജിത് കുമാര്‍. അതിന്റെ ഭാഗമായി തന്റെ കിടക്കയില്‍ കിടന്ന കമ്പിളി മടക്കി വച്ചത് ഇഷ്ടമായില്ലെന്നും ഇനി അത് ആവര്‍ത്തിക്കരുതെന്നും രേഷ്മ രജിത്തിനോട് പറയുകയും അതൊരു തര്‍ക്കമായി വളരുകയുമായിരുന്നു. മറ്റംഗങ്ങളുടെ മുന്നില്‍വച്ചായിരുന്നു ഇരുവര്‍ക്കുമിടയിലെ തര്‍ക്കം. ക്യാപ്റ്റന്‍ പ്രദീപ് ഇതിനുശേഷം രജിത്തിനോട് മാത്രമായി സംസാരിക്കാനും എത്തിയിരുന്നു. എന്നാല്‍ പതിവുപോലെ രജിത് ഇതിനുശേഷം തനിയെ സംസാരിക്കാന്‍ സമയം കണ്ടെത്തി. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയുമാണ് ബിഗ് ബോസ് ഹൗസിലെ മറ്റുള്ളവര്‍ എന്ന അഭിപ്രായത്തോടെയാണ് രജിത് സംസാരിച്ചു തുടങ്ങിയത്.

'ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക. എന്നിട്ട് എല്ലാവരുംകൂടി ചേര്‍ന്ന് ആ പേപ്പട്ടിയെ തല്ലിക്കൊല്ലുക. അതാണ് സംഭവം. എനിക്ക് ഒരു വിഷമവും ഇല്ല. നമ്മള്‍ എന്തെല്ലാം പീഡനങ്ങള്‍ അനുഭവിച്ചാണ് ഇവിടെ വന്നിരിക്കുന്നത്? ദൈവം ഇവിടംവരെയെങ്കിലും കൊണ്ടെത്തിച്ചില്ലേ? അത് എന്റെ വലിയൊരു ഭാഗ്യമാണ്. ഞാന്‍ പേടിച്ച് ഓടൂല്ല', രജിത് പറഞ്ഞു.

 

പിന്നീട് ഒരു ക്ലാസ് എടുക്കുന്ന മാതൃകയിലും രജിത് തനിയെ സംസാരിച്ചു. 'മുന്‍കോപം' എന്നതായിരുന്നു വിഷയം. 'നമ്മുടെ ഇന്നത്തെ വിഷയം ക്രോധം. ഇന്ന് രാവിലെ നടന്ന ആ സംഭവം അതുതന്നെയാണ്. നിയന്ത്രണമില്ലാത്ത കോപം അഥവാ മുന്‍കോപം. ഇതിന്റെ ഫലമായി ശരീരത്തിനുള്ളില്‍ ഒരുപാട് രാസപ്രവര്‍ത്തനങ്ങള്‍ നടക്കുകയും വളരെയധികം കെമിക്കലുകള്‍ ശരീരത്തില്‍ ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടാണ് ഉപനിഷത്തുകളില്‍ പറഞ്ഞിരിക്കുന്നത്, നിയന്ത്രണമില്ലാത്ത ഇന്ദ്രിയങ്ങള്‍ വ്യക്തിയെ നാശത്തിലേക്ക് നയിക്കും എന്ന്. കുഴപ്പമില്ല, പതുക്കെ പതുക്കെ കുട്ടികള്‍ അത് പഠിച്ചോളും. പക്ഷേ അതോടെ കാലം കടന്നുപോയിരിക്കും. സമൂഹത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പാഴ്ജന്മം എന്ന പേര് ഏറ്റുവാങ്ങിക്കൊണ്ട് നമ്മള്‍ അധപ്പതിക്കേണ്ടിവരും', രജിത് പറഞ്ഞവസാനിപ്പിച്ചു.