ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അറുപത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഈ സീസണിലെ സംഭവബഹുലങ്ങളായ പല എപ്പിസോഡുകളും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടാവും. എന്നാല്‍ അവയെയൊക്കെ കവച്ചുവെക്കുന്ന തരത്തില്‍ അപ്രതീക്ഷിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു വ്യാഴാഴ്ച എപ്പിസോഡ്. ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് ആയ കോടതി ടാസ്‌ക് പുരോഗമിക്കുന്നതിനിടെ ഗ്രൂപ്പായി തിരിഞ്ഞുള്ള മത്സരാര്‍ഥികളുടെ വാശി അതിര് വിടുന്നതിനും കൂട്ടത്തിലൊരാള്‍ക്ക് വീണ് പരുക്കേല്‍ക്കുന്നതിനും ഇന്നത്തെ എപ്പിസോഡില്‍ പ്രേക്ഷകര്‍ സാക്ഷികളായി. 

ഏഷ്യാനെറ്റ് നേരത്തേ പുറത്തുവിട്ട പ്രൊമോയില്‍ കണ്ടതുപോലെതന്നെ രജിത് കുമാറിനാണ് വീണ് പരുക്കേറ്റത്. സ്വിമ്മിംഗ് പൂളിലേക്കാണ് അദ്ദേഹം വീണത്. ബിഗ് ബോസ് കോടതിയില്‍ ഇന്ന് വാദം കേട്ട രണ്ടാമത്തെ കേസ് ആയ എലീനയ്ക്കും സുജോയ്ക്കും ഇടയിലുള്ള കേസിന് ശേഷമായിരുന്നു സംഭവം. കേസിലെ വിധി കേട്ടതിന് ശേഷം അടുത്ത പരാതി സമര്‍പ്പിക്കാനായി ഹൗസിന് പുറത്തുള്ള ക്യാമറ ലക്ഷ്യമാക്കി മത്സരാര്‍ഥികള്‍ പുറത്തേക്ക് പോവാന്‍ ഒരുങ്ങുകയായിരുന്നു. ഫുക്രു ആദ്യം പുറത്തേക്ക് ഇറങ്ങുമെന്നുകണ്ട സുജോ കോടതിയിലെ ബഞ്ചുകള്‍ക്ക് പുറത്തുകൂടി ചാടി പെട്ടെന്ന് വാതിലിന് അരികിലേക്ക് എത്തുകയായിരുന്നു. ഫുക്രുവിനെ പിടിച്ചുമാറ്റി സുജോ പുറത്തേക്ക് പോവുകയും ചെയ്തു. അതേസമയം വീണ രജിത്തിനെ പിടിച്ചുനിര്‍ത്താനും ശ്രമിക്കുന്നുണ്ടായിരുന്നു. 

 

പുറത്തെ പരാതി ക്യാമറയ്ക്ക് മുന്നിലേക്ക് സുജോ ആദ്യം ഓടിയെത്തുമ്പോഴേക്ക് പിന്നാലെ രജിത്തും വരുന്നുണ്ടായിരുന്നു. എന്നാല്‍ സ്വിമ്മിംഗ് പൂളിന് സമീപത്തുകൂടി സുജോയ്ക്ക് സമീപത്തേക്ക് ഓടിയെത്താന്‍ ശ്രമിച്ച അദ്ദേഹം കാല്‍ വഴുതി പൂളിലേക്ക് വീഴുകയായിരുന്നു. സുജോയും പിന്നാലെ എത്തിയ ഫുക്രുവും കൂടിയാണ് രജിത്തിനെ പൂളില്‍നിന്ന് പിടിച്ച് കയറ്റിയത്. സംഭവം കണ്ട് മിക്കവരും ഓടിയെത്തുകയും ചെയ്തു. വീഴ്ച വകവെക്കാതെ വീണയ്ക്കും ആര്യയ്ക്കും എതിരായി തനിക്കുള്ള പരാതി ക്യാമറയ്ക്ക് മുന്നില്‍ രജിത് അവതരിപ്പിച്ചു. അതിനുശേഷമാണ് അദ്ദേഹം പരുക്കിനെ കാര്യമായി പരിഗണിച്ചതും കണ്‍ഫെഷന്‍ മുറിയിലേക്ക് മറ്റുള്ളവരുടെ സഹായത്തോടെ എത്തിയതും. അവിടെവച്ച് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചു. 

പരിശോധനയ്ക്കുശേഷം പുറത്തെത്തിയ രജിത്തിനോട് വിവരം അന്വേഷിക്കാന്‍ ഫുക്രുവും ഷാജിയും ആര്യയും ഉള്‍പ്പെടെയുള്ളവര്‍ എത്തി. ചതവില്ലെന്നും എന്നാല്‍ കാല്‍ വളയ്ക്കാന്‍ പറ്റുന്നില്ലെന്നുമായിരുന്നു രജിത്തിന്റെ മറുപടി. സ്ലിപ്പര്‍ ഇട്ടാണ് ഓടിയതെന്നും ടൈല്‍സില്‍ തെന്നി വീഴുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ചതവില്ല, കാല്‍ വളയ്ക്കുമ്പോഴേക്ക് വളയുന്നില്ല. അതിന്റെ വേദനയുണ്ട്. നട്ടെല്ലല്ല ഇടിച്ചത്. പെല്‍വിക്‌സിലാണ് വേദന. സ്ലിപ്പര്‍ ഇട്ടാണ് ഓടിയത്. ടൈല്‍സില്‍ തെന്നിപ്പോയി', രജിത് പറഞ്ഞു.