രജിത് കുമാര്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലും സഞ്ചരിച്ച് ചെയ്തുകൊണ്ടിരിക്കുന്ന വ്യക്തിത്വ വികസന സെമിനാര്‍ ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്കും കേള്‍ക്കാനുള്ള അവസമായിരുന്നു ഇന്നലെ. എന്താണ് പേഴ്‌സണാലിറ്റി എന്ന് ചോദിച്ചുകൊണ്ടാണ് രജിത് സംസാരിച്ചു തുടങ്ങിയത്. ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള നല്ല ഗുണങ്ങളാണ് അയാളുടെ പേഴ്‌സണാലിറ്റി എന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മനസില്‍ ജീവിക്കാന്‍ കഴിയുക എന്നതാണ് പേഴ്‌സണാലിറ്റി എന്നാണ് ഡിഫൈന്‍ ചെയ്തത്. മറ്റുള്ളവരുടെ മനസില്‍ ജീവിക്കണമെങ്കില്‍ എല്ലാവരെയും സന്തോഷിപ്പിക്കണം എന്ന് നമുക്കറിയാം. കുറഞ്ഞപക്ഷം പൊതുബോധത്തിനനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒരുമാതിരി ആളുകളെ സന്തോഷിപ്പിക്കാം. എന്നാല്‍ അതാണോ ഒരു മനുഷ്യന്റെ വ്യക്തിത്വം? ഈ ലളിത നിര്‍വ്വചനത്തില്‍ ഒതുങ്ങുന്നതാണോ നമ്മുടെ പേഴ്‌സണാലിറ്റി?

 

എന്നാല്‍ പേഴ്‌സണാലിറ്റിയെക്കുറിച്ച് പറയാന്‍ എടുത്ത ഉദാഹരണങ്ങള്‍ സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ചായി. ഭാര്യയുടെ ഹൃദയത്തില്‍ ഭര്‍ത്താവിനും ഭര്‍ത്താവിന്റെ ഹൃദയത്തില്‍ ഭാര്യയ്ക്കും ജീവിക്കാന്‍ കഴിയുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. വീട്ടിലെ മറ്റുളവരുടെ പ്രേമ-വൈവാഹിക-വിവാഹമോചന വിഷയങ്ങളില്‍ രജിത് കുമാറിന്റെ താല്‍പര്യം നാം നേരത്തെയും കണ്ടതാണ്. അവര്‍ക്ക് വേണ്ട ഉപദേശങ്ങള്‍, തന്റെ ജീവിതത്തില്‍ സംഭവിച്ച വീഴ്ചകളുടെ പശ്ചാത്തലത്തില്‍ പകര്‍ന്നു കൊടുക്കുന്ന ഒരു നന്മ പ്രവൃത്തി ആയിട്ടാണ് രജിത് തന്റെ ഇടപെടലിനെ സ്വയം നോക്കിക്കാണുന്നത്.

പങ്കാളിയുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ വേണ്ട ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പിന്നീട് രജത് എടുത്തു പറയുന്നു- സത്യസന്ധത, സുതാര്യത, ആത്മാര്‍ത്ഥത എന്നീ ഗുണങ്ങള്‍ ഉള്ളവര്‍ക്കാണ് അതിന് സാധിക്കുക. കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളും  വിവാഹമോചനവുമായി പിന്നീട് സംസാരം. നമ്മുടെ സമൂഹത്തില്‍ ഇന്ന് വിവാഹമോചനം എന്ന് പറയുന്നത് അത്ര വലിയ വിഷയമൊന്നുമല്ല. എന്നാല്‍ അതൊരു കുറവായിട്ടാണ് രജിത് കാണുന്നത്. ഒരു ഉമ്മയില്‍ തീരേണ്ട വിഷയമാണ് പലപ്പോഴും ഈഗോ കാരണം വിവാഹമോചനത്തില്‍ എത്തുന്നത് എന്നദ്ദേഹം പറയുന്നു. അതിന് വേണ്ടത് സമര്‍പ്പണമാണ്, അല്ലാതെ തുല്യതയല്ല. തുല്യതയ്ക്ക് വേണ്ടിയുള്ള ആവശ്യങ്ങള്‍ അസ്വഭാവികമായിട്ടാണ് രജിത് കാണുന്നത്. തുല്യതയില്‍ ഊന്നിയുള്ള ബന്ധത്തെ സമാന്തരമായി സഞ്ചരിക്കുന്ന, ഒരിക്കലും കൂട്ടിമുട്ടാത്ത പാളങ്ങളായിട്ടാണ് രജിത് കാണുന്നത്. തുല്യതയ്ക്ക് പകരം ഒരു മൂല്യമായി അദ്ദേഹം മുന്നോട്ടുവെക്കുന്ന സമര്‍പ്പണം എന്ന മൂല്യത്തെ വിശദീകരിക്കാന്‍ രജിത് ഉപയോഗിക്കുന്ന ഒരു ഉദാഹരണം കേട്ടാല്‍ നമുക്ക് മനസ്സിലാക്കാം, ആരുടെ സമര്‍പ്പണമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് എന്ന്.

'ഒരിക്കല്‍ ട്രെയിനില്‍ സഞ്ചരിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു സ്ത്രീയുടെ ചരടില്‍ കെട്ടിയ താലി പൊട്ടി പുറത്തേക്ക് പോയി. അവര്‍ ട്രെയിനിന്റെ ചങ്ങല വലിച്ചു നിര്‍ത്തി. തന്റെ താലിയോട് കാട്ടിയ സമര്‍പ്പണത്തെ ഒരു ഉത്തമ മാതൃകയായി രജിത് പറയുന്നു. സത്യസന്ധത, സുതാര്യത, ആത്മാര്‍ത്ഥത, സമര്‍പ്പണം എന്നീ മൂല്യങ്ങള്‍ മുന്നോട്ടുവെക്കുന്ന രജിത് തുല്യതയെ ഒരു തെറ്റായ മൂല്യമായിട്ടാണ് കാണുന്നത്. സ്ത്രീ-പുരുഷ തുല്യതയെ ഒരു പുരുഷന്‍ ചോദ്യം ചെയ്യുമ്പോള്‍ നമ്മള്‍ ഒന്ന് അലര്‍ട്ട് ആവണം.

എന്തുകൊണ്ട് നാം അലര്‍ട്ട് ആവണം?

നമ്മുടെ ചുറ്റും നോക്കൂ, പെണ്‍കുട്ടികള്‍ പഠിക്കുന്നു, സ്ത്രീകള്‍ ജോലി ചെയ്യുന്നു, സ്ത്രീകള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നു ഇതൊക്കെ സ്വാഭാവികമായി നടക്കുന്ന കാര്യങ്ങളായി തോന്നാം. എന്നാല്‍ ഇന്ന് നമ്മള്‍ സ്വാഭാവികമായി കരുതുന്ന പലതും നൂറ്റാണ്ടുകള്‍ക്ക് കുറുകെ നടന്ന നിരന്തര സമരങ്ങളുടെ ഫലമാണ്. വിട്ടിലെ ആണ്‍കുഞ്ഞിനെയും പെണ്‍കുഞ്ഞിനെയും ഒരു പോലെ സ്‌കൂളില്‍ വിടുന്നത് തുല്യനീതിയാണ്. രജിത് കുമാര്‍ വെറുമൊരാളല്ല, ഒരധ്യാപകനാണ്. അദ്ദേഹം പെണ്‍കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്. രജിത് കുമാറിന്റെ ക്ലാസുകളില്‍ ഇരിക്കാന്‍ പെണ്‍കുട്ടികള്‍ ഉള്ളത് സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടി ഫെമിനിച്ചികള്‍ എന്ന് ഇന്ന് കളിയാക്കി വിളിക്കുന്നവരുടെ മുന്‍ തലമുറകള്‍ ചെയ്ത സമരങ്ങളുടെ ഫലമാണ്. ആ ഇടത്ത് നിന്നുകൊണ്ടാണ് രജിത് കുമാര്‍ വീണ്ടും പാട്രിയാര്‍ക്കിയുടെ ഭാരം സ്ത്രീകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം സംസാരിക്കുന്നത് കേട്ടിരിക്കുന്ന മൂന്ന് സ്ത്രീകള്‍ വളരെ ചെറുപ്പത്തിലേ വിവാഹ മോചനം നേടിയവരാണ്. അവരാരും അവരുടെ അഹങ്കാരം കൊണ്ട് വിവാഹ മോചനം നേടിയവരല്ല. അവരവര്‍ അനുഭവിച്ച സാഹചര്യവുമായി ഒത്തു പോകാന്‍ കഴിയാത്തതുകൊണ്ട് വേദനയോടെ ആ ജീവിതത്തില്‍ നിന്നും ഇറങ്ങി പോയവരാണ്.

 

എന്നിട്ടും ദയ മാത്രമാണ് ദുര്‍ബലമായ എതിര്‍പ്പിന്റെ ഒരു സ്വരം ഉയര്‍ത്താന്‍ തയ്യാറായത്. രജിത്തിന്റെ വാദങ്ങളിലെ പ്രധാന ആയുധമായി അദ്ദേഹം ഉപയോഗിക്കുന്നതാണ് ഉദാഹരണങ്ങള്‍. തുല്യതയുമായി ബന്ധപ്പെട്ട് അദ്ദേഹം ഉപയോഗിച്ച ഒരു ഉദാഹരണത്തെ ദയ ചോദ്യം ചെയ്തു. തുല്യതയെ കളിയാക്കാനായി അദ്ദേഹം ഉപയോഗിച്ച ഒരു ഉദാഹരണം ആണ്- 'സുരേഷ്,  നീ ചിരവ എടുക്കൂ, ഞാന്‍ പാത്രം എടുക്കാം,' എന്നത്. തുല്യ പങ്കാളികളുടെ ഇടയിലെ ഒരു സംഭാഷണം. എന്നാല്‍ അടുക്കളയിലേക്ക് ഒരിക്കലും കയറാത്ത ഒരു ഭര്‍ത്താവിന്റെയടുത്ത് ഈ ഉദാഹരണം എങ്ങനെ ഫലവത്താവും എന്ന് ദയ ചോദിക്കുന്നു. രജത് പതറുന്നു. എന്നാല്‍  ആര്യ പൂര്‍ണമായും രജിത് കുമാറിന്  കീഴടങ്ങിക്കൊണ്ട് തനിക്ക് അന്ന് ഇത്ര വിവരമുണ്ടായിരുന്നെങ്കില്‍ അങ്ങനെ ആയിരിക്കില്ല ചെയ്യുക എന്ന് പറഞ്ഞു. ദയ രജിത് കുമാര്‍ പറഞ്ഞത് അസാധ്യമാണെന്ന് തന്നെ പറഞ്ഞു. അമൃത പരിപൂര്‍ണ നിശ്ശബ്ദയായിരുന്നു.

വിവാഹത്തിന്റെ പവിത്രതയെക്കുറിച്ചും അത് നിലനിര്‍ത്തേണ്ടത് സ്ത്രീയുടെ ചുമതലയാണെന്നും രജിത് കുമാര്‍ പറഞ്ഞുവെക്കുമ്പോള്‍ സമൂഹത്തിന്റെ പ്രതികരണത്തിന്റെ ഒരു ഉദാഹരണമായി ബിഗ് ബോസ് വീടിനെയും എടുക്കാം. കേള്‍വിക്കാരില്‍ അത്രയും കടുത്ത ജീവിതാനുഭവം ഉള്ള ദയ മാത്രമാണ് അതിനെതിരെ വിയോജിപ്പ് പറയുന്നത്. പരസ്പരം ഒത്തുപോകാനാവാത്ത വിവാഹബന്ധത്തില്‍ വിവാഹമോചനമാണ് നല്ലത് എന്നംഗീകരിക്കാന്‍ പാരമ്പര്യവാദം മുറുകെ പിടിക്കുന്ന സമൂഹത്തിന് ഇപ്പോഴും കഴിയുന്നില്ല. വിവാഹ മോചനം ഇപ്പോഴും സ്ത്രീയുടെ കുറ്റമായിട്ടാണ് കാണുന്നത്. അത്തരം ചിന്തയുടെ പ്രതിനിധിയാണ് രജിത് കുമാറും. എന്നാല്‍ ഇതേ രജിത് കുമാര്‍ ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയാണ്. എന്നിട്ടും അദ്ദേഹം പാരമ്പര്യവാദത്തില്‍ നിന്നും അണുവിട മാറാതെ ഇപ്പോഴും യുവതലമുറയെ വിവാഹത്തിന്റെ പവിത്രതയെക്കുറിച്ചും വിവാഹമോചനത്തിന്റെ ആവശ്യമില്ലായ്മയെക്കുറിച്ചും സംസാരിക്കുന്നു എന്നതാണ് വിരോധാഭാസം.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക