ബിഗ് ബോസ് ഹൗസിലെ ബന്ധങ്ങളിലൊക്കെ വിള്ളലുകള്‍ വീണുതുടങ്ങിയെന്ന പ്രതികരണവുമായി പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ ആര്യ. തനിക്ക് ഇപ്പോള്‍ വീട്ടില്‍ പോയാല്‍ കൊള്ളാമെന്നുണ്ടെന്നും ആര്യ അടുത്ത സുഹൃത്തായ വീണ നായരോട് പറഞ്ഞു. അത്തരത്തില്‍ ഒരഭ്യര്‍ഥനയും ആര്യ ബിഗ് ബോസിനോട് പറഞ്ഞു. 

'ഇപ്പൊ എല്ലാവരും നല്ല റിലേഷന്‍ഷിപ്പില്‍ ഇരിക്കുവാ. ഇതൊരു സൈഡീന്ന് പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇപ്പൊ എനിക്ക് വീട്ടില്‍ പോയാല്‍ കൊള്ളാമെന്നുണ്ട്. സത്യം', വീണയോട് സംസാരിക്കവെ ആര്യ പറഞ്ഞു. പിന്നീട് ക്രോസ് ബാഗിലുള്ള മൈക്രോഫോണിലേക്ക് മുഖം ചേര്‍ത്ത് ബിഗ് ബോസിനോട് ആര്യ അത് അഭ്യര്‍ഥിക്കുകയും ചെയ്തു. 'ബിഗ് ബോസേ എന്നെ വീട്ടില്‍ വിട്ടോ, ഞാന്‍ പൊക്കോളാം', ആര്യ പറഞ്ഞു. ആ അഭിപ്രായത്തോട് തനിക്കും യോജിപ്പുണ്ടെന്നും എന്നാല്‍ ഇന്ന് രാത്രി കഴിഞ്ഞാല്‍ നീ ഈ അഭിപ്രായം മാറ്റിപ്പറയുമെന്നുമായിരുന്നു വീണയുടെ പ്രതികരണം.

 

'ഇന്നൊരു ദിവസമേ നീയിത് പറയൂ ആര്യാ. നീ ഇന്ന് രാത്രി കഴിഞ്ഞാല്‍ ഇത് മാറ്റിപ്പറയും. ഷുവര്‍. കാരണം മിനിഞ്ഞാന്ന് രാത്രി മുതല്‍ ഇന്നലെ ഉച്ച വരെ എനിക്ക് ഇവിടുന്ന് എങ്ങനെയെങ്കിലും ഓടിപ്പോകണമെന്നാ തോന്നിയത്. സത്യമായിട്ടും. അതായിരുന്നു വിഷമം കാരണമുള്ള മാനസികാവസ്ഥ', വീണ പറഞ്ഞു. കഴിഞ്ഞ ദിവസം ജസ്ലയുമായി നടന്ന ചൂടുപിടിച്ച വാക്കുതര്‍ക്കം സൂചിപ്പിച്ചാണ് വീണ അത് പറഞ്ഞത്.

അതേസമയം ആര്യയുടെ അഭിപ്രായപ്രകടനത്തില്‍ യാഥാര്‍ഥ്യമുണ്ടെന്ന് ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ പ്രയാസമുണ്ടാവില്ല. ആദ്യ ആഴ്ചകളില്‍ ബിഗ് ബോസിലെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രധാനമായും രജിത് കുമാറും മറ്റുള്ളവരും തമ്മിലായിരുന്നുവെങ്കില്‍ ഈ വാരം അതില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടുണ്ട്. രജിത് കുമാറുമായുള്ള മറ്റംഗങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ തുടരുമ്പോള്‍ത്തന്നെ ജസ്ല-വീണ തര്‍ക്കമായിരുന്നു ഈ വാരം ഇതുവരെയുള്ളതില്‍ ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ സംഘര്‍ഷം. സുജോ പലരോടും എളുപ്പത്തില്‍ പ്രകോപിതനായി സംസാരിക്കുന്നുണ്ട്. സുജോയുമായുണ്ടായ ചെറിയൊരു അഭിപ്രായവ്യത്യാസത്തിന് ശേഷമാണ് ആര്യ തനിക്ക് പോയാല്‍ കൊള്ളാമെന്നുണ്ടെന്ന് വീണയോട് പറഞ്ഞത്.