ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഓരോ വാരം മുന്നോട്ടുപോകുന്തോറും കൂടുതല്‍ കൂടുതല്‍ ആവേശകരമായി മാറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍. എലിമിനേഷനുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമായി മുന്നോട്ടുപോകുന്നതിനിടെ വ്യത്യസ്തമായ ഒരു ടാസ്‌ക് ആണ് ബിഗ് ബോസ് ഇന്ന് മത്സരാര്‍ഥികള്‍ക്ക് നല്‍കിയത്. ഈ വാരത്തിലെ ലക്ഷ്വറി ബജറ്റ് ടാസ്‌ക് ആയി ബിഗ് ബോസ് നല്‍കിയത് ഒരു കോള്‍ സെന്റര്‍ ഗെയിം ആയിരുന്നു. 

ഇതുപ്രകാരം ഇപ്പോഴുള്ള പതിനാറ് മത്സരാര്‍ഥികള്‍ എട്ടുപേര്‍ വീതം അടങ്ങുന്ന രണ്ട് ടീമുകളായി തിരിയണമായിരുന്നു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഗെയിമില്‍ ആദ്യദിവസം ടീം എ ഉപഭോക്താക്കളും ടീം ബി കോണ്‍ സെന്റര്‍ ജീവനക്കാരും ആയിരിക്കും. രണ്ടാംദിനം തിരിച്ചും. ആദ്യദിനമായ ഇന്ന് ടീം എ ആയിരുന്നു ഉപഭോക്താക്കള്‍. രജിത്, പാഷാണം ഷാജി, പ്രദീപ്, ആര്യ, ആര്‍ജെ സൂരജ്, പവന്‍, ഫുക്രു, ദയ എന്നിവരായിരുന്നു എ ടീമില്‍. കളിയുടെ നിയമമനുസരിച്ച് ഉപഭോക്താക്കളില്‍ ഓരോരുത്തര്‍ക്ക് കണ്‍ഫെഷന്‍ റൂമിലത്തി ബി ടീമിന്റ കോള്‍ സെന്ററിലെ ഒരാളെ തെരഞ്ഞെടുത്ത് വിളിച്ച് സംസാരിക്കാം. വിളിക്കുമ്പോള്‍ ആരാണോ കോണ്‍ കട്ട് ചെയ്യുന്നത് എതിര്‍ ടീമിന് ഒരു പോയിന്റ് ലഭിക്കുമെന്നായിരുന്നു ബിഗ് ബോസിന്റെ അറിയിപ്പ്. ബിഗ് ബോസ് ഹൗസിലെത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍ മാത്രമേ സംസാരിക്കാവൂ എന്നും നിര്‍ദേശമുണ്ടായിരുന്നു.

 

ഇതുപ്രകാരം ടീം എയില്‍ നിന്ന് രജിത് ആണ് കണ്‍ഫെഷന്‍ റൂമിലേക്ക് ആദ്യമെത്തിയത്. രേഷ്മയെയാണ് വിളിക്കാനായി രജിത് തെരഞ്ഞെടുത്തത്. സാവധാനത്തില്‍ ആരംഭിച്ച സംസാരം വളരെ പെട്ടെന്ന് ചൂടേറിയ വാക്കുതര്‍ക്കത്തിലേക്ക് എത്തി. വന്നപ്പോള്‍ രഘുവിനോട് അടുപ്പം പുലര്‍ത്തിയ രേഷ്മ രഘു വിജയിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ 'സീരിയല്‍ ടീമി'നൊപ്പം കൂടിയെന്നും വിവാഹവും കുട്ടികളെയും ഇഷ്ടമല്ലെന്ന് രേഷ്മ പറഞ്ഞിരുന്നുവെന്നും ഇത് മോശമാണെന്നും രജിത് ഒന്നിനുപിന്നാലെ ഒന്നെന്ന നിലയില്‍ ആരോപിച്ചു.

 

ഒരു കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവിന്റെ സൗമ്യ ഭാഷയില്‍ രജിത്തിന്റെ കോള്‍ അറ്റെന്‍ഡ് ചെയ്ത രേഷ്മ രജിത്തിന്റെ വാദങ്ങള്‍ പുരോഗമിച്ചതോടെ ഉച്ചത്തില്‍ സംസാരിക്കാന്‍ ആരംഭിച്ചു. തന്റെ വാദങ്ങള്‍ക്കെല്ലാം അതേ നാണയത്തില്‍ മറുപടി പറഞ്ഞ രേഷ്മയെക്കൊണ്ട് ഫോണ്‍ കട്ട് ചെയ്യിക്കാന്‍ രജിത് ആവുന്നത് ശ്രമിച്ചെങ്കിലും അത് നടന്നില്ല. രഘുവുമായി ചേര്‍ന്ന് രേഷ്മയ്ക്ക് ഒരു ദുശ്ശീലമുണ്ടായിരുന്നുവെന്നും പ്രദീപുമായി നിലവില്‍ വ്യാജമായ പ്രണയം അഭിനയിക്കുകയാണെന്നുമൊക്കെ രജിത് ആരോപിച്ചു. എന്നാല്‍ അതേ നാണയത്തില്‍ മറുപടി പറഞ്ഞ രേഷ്മ സ്ത്രീകളെക്കുറിച്ച് താന്‍ എന്താണ് വിചാരിച്ചതെന്നും ആരോപണങ്ങള്‍ ഉയര്‍ത്തിയാല്‍ സ്ത്രീകള്‍ പേടിച്ച് മൂലയ്ക്കിരിക്കുമോ എന്നുമൊക്കെ തിരിച്ചുചോദിച്ചു. അവസാനം സമയം അവസാനിച്ചതായുള്ള ബിഗ് ബോസിന്റെ ബസര്‍ ശബ്ദം വന്നു. ഇതോടെ ടീം ബി വിജയാഹ്ലാദം മുഴക്കിയെങ്കിലും ബിഗ് ബോസിന്റെ മത്സരഫലം അവര്‍ക്ക് അനുകൂലമായിരുന്നില്ല. ഒരു കോള്‍സെന്റര്‍ ജീവനക്കാരി ഈ ഭാഷയിലല്ല സംസാരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ആദ്യ മത്സരത്തില്‍ ടീം എയെ ബിഗ് ബോസ് വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.