ബിഗ് ബോസ്സില്‍ കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായത്. ഒരു ടാസ്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. രേഷ്‍മയുടെ കണ്ണില്‍ രജിത് മുളക് തേക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രജിത്തിനെ താല്‍ക്കാലികമായി ബിഗ് ബോസ്സില്‍ നിന്ന് പുറത്താക്കുകയും ചെയ്‍തു. അതേസമയം രേഷ്‍മ ബിഗ് ബോസ്സിലേക്ക് ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി.

സ്‍കൂളുമായി ബന്ധപ്പെട്ട ഒരു ടാസ്‍ക്കായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആര്യ പ്രധാന അധ്യാപികയായി. ഫുക്രു പൊളിറ്റിക്സ് അധ്യാപകനായി. സുജോ മോറല്‍ സയൻസ് അധ്യാപകനായി. ദയ അശ്വതി ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയുമായി. മറ്റുള്ളവര്‍ വികൃതികളായ വിദ്യാര്‍ഥികളുമായി. ക്ലാസ് നടക്കുമ്പോഴായിരുന്നു രജിത് രേഷ്‍മയുടെ കണ്ണില്‍ മുളക് തേച്ചത്. സംഭവം വലിയ പ്രശ്‍നമായതോടെ രേഷ്‍മയെ ചികിത്സയ്‍ക്കായി പ്രവേശിപ്പിച്ചു. രജിത്തിനെ തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കുന്നതായും ബിഗ് ബോസ് അറിയിച്ചു.

രജിത്തിനെ പുറത്താക്കിയെന്ന് അറിഞ്ഞയുടൻ ബിഗ് ബോസ് വീട്ടില്‍ അതിനെക്കുറിച്ച് ചര്‍ച്ചയിലായിരുന്നു എല്ലാവരും. എല്ലാവരും രജിത്തിനെ ന്യായീകരിക്കാത്ത സമീപനമായിരുന്നു ആദ്യം സ്വീകരിച്ചത്. എന്നാല്‍ രജിത്തിനെ പുറത്താക്കിയെന്ന് അറിഞ്ഞപ്പോള്‍ സങ്കടത്തിലായി. എന്തുകൊണ്ടാണ് രജിത് അങ്ങനെ ചെയ്‍തത് എന്നായി എല്ലാവരുടെയും ചര്‍ച്ച. പുറത്തുപോയാല്‍ രജിത്തിനെ അത് എങ്ങനെ ബാധിക്കും എന്നായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്‍തത്.

അതിനിടയിലായിരുന്നു രേഷ്‍മ ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തിയത്. സംഭവത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് രേഷ്‍മയോട് ബിഗ് ബോസ് ചോദിച്ചു. എന്ത് പറയാൻ, എന്തുകൊണ്ടാണ് അയാള്‍ അങ്ങനെ ചെയ്‍തത് എന്ന് രേഷ്‍മ ചോദിച്ചു. ദേഷ്യത്തില്‍ ഉള്ളപ്പോള്‍ പോലും രജിത് അങ്ങനെ ചെയ്‍തില്ല. കണ്ണിന് മുളക് തേച്ചത് എന്തിനായിരുന്നു. അത് ഗൌരവമുള്ള കാര്യമാണ് എന്നും രേഷ്‍മ പറഞ്ഞു. ഗൌരവമായി തന്നെയാണ് എടുത്തത് അതുകൊണ്ടാണ് രജിത്തിനെ തല്‍ക്കാലത്തേയ്‍ക്ക് പുറത്താക്കിയത് എന്നും ബിഗ് ബോസ് പറഞ്ഞു. രജിത് പുറത്താക്കപ്പെട്ടത് അപ്പോഴാണ് രേഷ്‍മ അറിയുന്നത്. താൻ എന്തുപറയാൻ എന്നായിരുന്നു രേഷ്‍മയുടെ മറുപടി.

രേഷ്‍മ ബിഗ് ബോസ് വീട്ടിനുള്ളില്‍ കയറിയപ്പോള്‍ ആകെ ശോകമൂകമായിരുന്നു രംഗം. രജിത്തിനെ പുറത്താക്കിയ കാര്യം തന്നോട് പറഞ്ഞുവെന്ന് രേഷ്‍മ എലീനയോട് പറഞ്ഞു. തന്നോട് എന്തിനാണ് അങ്ങനെ ചെയ്‍തത് എന്ന് ചോദിക്കണമെന്നുണ്ടായിരുന്നുവെന്ന് രേഷ്‍മ പറഞ്ഞു. തന്റെ കണ്ണിന്റെ അവസ്ഥ അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്‍തു. ബിഗ് ബോസിലെ ഇപ്പോഴത്തെ അവസ്ഥ മോശമാണെന്ന് വന്നപ്പോഴാണ് അറിയുന്നത് എന്നും രേഷ്‍മ പറഞ്ഞു.