ബിഗ് ബോസ് സീസണ്‍ രണ്ട് രണ്ടാം വാരത്തിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. നോമിനേഷനും എലിമിനേഷനുമുള്ള വാരമാണ് മുന്നിലുള്ളത്. അതിനാല്‍ത്തന്നെ ക്യാപ്റ്റനാവുന്നയാള്‍ക്ക് നോമിനേഷന്‍ ലഭിക്കില്ലെന്നുള്ള പ്രത്യേകതയും ഉണ്ടായിരുന്നു. പതിനേഴ് അംഗങ്ങളോടും ക്യാപ്റ്റനാവാന്‍ യോഗ്യതയുണ്ടെന്ന് കരുതുന്ന മൂന്ന് പേരെ നോമിനേറ്റ് ചെയ്യാന്‍ പറഞ്ഞതിന് ശേഷം ഏറ്റവുമധികം വോട്ട് കിട്ടിയ മൂന്ന് പേര്‍ക്ക് ഒരു ഗെയിം നല്‍കുകയായിരുന്നു ബിഗ് ബോസ്. 

പതിനേഴ് പേര്‍ പറഞ്ഞ നോമിനേഷനുകള്‍ അനുസരിച്ച് ഏറ്റവുമധികം നിര്‍ദേശിക്കപ്പെട്ടത് രജിത് കുമാര്‍, സുരേഷ് കൃഷ്ണന്‍, സാജു നവോദയ എന്നിവര്‍ ആയിരുന്നു. ഇവര്‍ക്കായിരുന്നു ഗെയിമില്‍ പങ്കെടുക്കാനുള്ള അവസരം. വ്യത്യസ്ത കാലഘട്ടങ്ങളില്‍ പുറത്തിറങ്ങിയ പത്ത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ അവ ഇറങ്ങിയതനുസരിച്ച് തരംതിരിക്കുക എന്നതായിരുന്നു മത്സരം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെയുള്ള സിനിമകള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 90 സെക്കന്റുകള്‍ വീതമാണ് ഓരോരുത്തര്‍ക്കും നല്‍കിയത്.

ഈ മത്സരത്തില്‍ ഏറ്റവുമധികം പോയിന്റുകള്‍ നേടിയ സാജു നവോദയയാണ് വരുന്ന ആഴ്ചയിലെ ബിഗ് ബോസ് സീസണ്‍ രണ്ടിലെ ക്യാപ്റ്റന്‍. അദ്ദേഹത്തിന് അടുത്ത വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റിലേക്ക് നോമിനേഷന്‍ ലഭിക്കില്ല.