മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ നിന്ന് ഒരാള്‍ കഴിഞ്ഞ ദിവസം പുറത്തായി. ആദ്യമായി ഷോയില്‍ നിന്ന് പുറത്തായത് രാജിനി ചാണ്ടിയായിരുന്നു. സസ്‍പെൻസുകള്‍ നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ രാജിനി ചാണ്ടി പുറത്താകുമ്പോള്‍ സോമദാസ് അടക്കമുള്ളവരുടെ പേരുകള്‍ സംശയത്തിലായിരുന്നു. ഇന്നത്തെ ഭാഗത്തില്‍ സോമദാസ് പുറത്താകുന്നതാണ് കണ്ടത്. ആരോഗ്യകാരണങ്ങളാല്‍ ആണ് സോമദാസ് പുറത്തായത് എങ്കിലും അത് എന്തെങ്കിലും ട്വിസ്റ്റുകള്‍ക്കായിരിക്കും എന്നാണ് മറ്റ് മത്സരാര്‍ഥികള്‍ കരുതുന്നത്.

സോമദാസിന്റെ വിവാഹ വാര്‍ഷികത്തിന് മറ്റുള്ളവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു തുടക്കം. ഓരോരുത്തരും സോമദാസിനും ഭാര്യക്കും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു. സോമദാസ് ഭാര്യക്കായി ഒരു ഗാനം ആലപിക്കുകയും ചെയ്‍തു. അതിനു പിന്നാലെയാണ് ബിഗ് ബോസ് സോമദാസിന്റെ വിളിപ്പിച്ചത്. പരിശോധനയ്‍ക്കാണെന്ന് പറഞ്ഞായിരുന്നു വിളിപ്പിച്ചത്. രക്തസമ്മര്‍ദ്ദം കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ സോമദാസിനെ അറിയിക്കുകയും ചെയ്‍തു. വീണ്ടും സോമദാസിനെ ബിഗ്  ബോസ് വിളിപ്പിച്ചു. ആരോഗ്യപ്രശ്‍നങ്ങള്‍ ഉണ്ടെന്നും പുറത്തുപോകുന്നത് ആണ് നല്ലതെന്നും ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. പിന്നീട് അക്കാര്യം എല്ലാ മത്സരാര്‍ഥികളെയും ബിഗ് ബോസ് അറിയിച്ചു.

സോമദാസ് പുറത്തുപോകുകയാണ് എന്നറിഞ്ഞപ്പോള്‍ മറ്റ് മത്സാര്‍ഥികളും വിഷമത്തിലായി. പോകുന്നതില്‍ സങ്കടമുണ്ടെന്നും സോമദാസും പറഞ്ഞു. എല്ലാവരോടും യാത്ര പറയാനും സോമദാസിനോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. ഓരോരുത്തരോടും യാത്ര പറഞ്ഞ സോമദാസ് ബാഗ് പാക്ക് ചെയ്യുകയും ചെയ്‍തു. അതേസമയം സോമദാസിനോട് പുറത്തുപോകാൻ പറഞ്ഞത് ബിഗ് ബോസ്സിന്റെ എന്തെങ്കിലും ട്വിസ്റ്റ് ആയിരിക്കുമെന്നാണ് മറ്റുള്ളവര്‍ പറഞ്ഞത്. ഒരു ദിവസം കഴിഞ്ഞ് സോമദാസിനെ തിരിച്ചുകൊണ്ടുവരുമെന്ന് രജിത് പറഞ്ഞു.

സോമദാസിന്റെ കാര്യം തന്നെയായിരുന്നു ബിഗ് ബോസ്സിലെ തുടക്കത്തിലെ സംസാരം. കഴിഞ്ഞ ദിവസം തന്നെ പുറത്തുപോയെങ്കില്‍ വിഷമമില്ലായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ വിദഗ്ദ്ധ പരിശോധനയ്‍ക്ക് വേണ്ടിയാകും സോമദാസിനെ പുറത്തുവിടുന്നത് എന്നും  പറഞ്ഞു. പുറത്തുപോയാലും സൗഹൃദം തുടരണമെന്നും പറഞ്ഞു.

ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ക്കിടയില്‍ സോമദാസിന് പോകാനായി വാതില്‍ തുറക്കുകയും ചെയ്‍തു.