ബിഗ് ബോസ് മത്സരാർത്ഥിയായ സോമദാസ്‌ കഴിഞ്ഞ ദിവസം തന്റെ ജീവിത കഥ പറഞ്ഞിരുന്നു. അതിൽ ആദ്യ ഭാര്യക്ക് അഞ്ചരലക്ഷം രൂപ നൽകി രണ്ടു പെൺകുഞ്ഞുങ്ങളെ താൻ വാങ്ങി എന്നൊരു പരാമർശം നടത്തിയിരുന്നു. അതിനെതിരെ സോമദാസിന്റെ മുൻ ഭാര്യ സൂര്യ രംഗത്തു വന്നു. സൂര്യയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ സംസാരിച്ചതിന്റെ വിശദാംശങ്ങൾ.

സൂര്യ, സോമദാസ്‌ ബിഗ് ബോസിൽ പറഞ്ഞതിനെ നിഷേധിച്ചുകൊണ്ട് രംഗത്തു വന്നത് കണ്ടു. ഇങ്ങനൊരു പരസ്യ പ്രതികരണം നടത്താൻ തോന്നിയത് എന്ത് കൊണ്ടാണ്?

ഞാൻ സത്യത്തിൽ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. ഞാൻ അനുഭവിച്ചതിന്റെ വളരെ ചെറിയൊരംശം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. സോമദാസ്‌ പറഞ്ഞ കള്ളങ്ങൾ കേട്ട് സങ്കടവും വേദനയും തോന്നിയപ്പോൾ ചിലതു തുറന്നു പറഞ്ഞെന്നു മാത്രം. എന്റെ മക്കൾ എന്നെ കൂടുതൽ തെറ്റിദ്ധരിക്കാതിരിക്കാൻ വേണ്ടിയാണു ഞാനിത്രയും പറഞ്ഞത്. ഇപ്പോൾ തന്നെ എന്റെ മക്കൾ എന്നോട് സംസാരിക്കാറില്ല, എന്നെ കണ്ടാൽ പരിചയം ഭാവിക്കാറില്ല. എന്നെ മക്കളെ പണത്തിനുവിറ്റ ഒരു ദുഷ്‍ടയായി കൂടി അവർ കാണാതിരിക്കാൻ വേണ്ടിയാണ് ഞാൻ സത്യങ്ങൾ തുറന്ന് പറഞ്ഞത്.

എന്തുകൊണ്ടാണ് വേർപിരിഞ്ഞപ്പോൾ മക്കളെ സോമദാസിന് നൽകിയത്? സൂര്യ കുഞ്ഞുങ്ങളെ ആവശ്യപ്പെട്ടില്ലേ?

ഞാൻ ആവശ്യപ്പെട്ടു. കോടതിയിലൊക്കെ പോയി. എന്നാൽ, മക്കൾ എന്റെ കൂടെ വരാൻ തയ്യാറല്ലായിരുന്നു. സോമദാസ്‌ അമേരിക്കയിൽ നിന്നും വന്ന ഉടനായിരുന്നു ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ. കുഞ്ഞുങ്ങൾക്കിഷ്ടമുള്ള ഉടുപ്പുകൾ, കളിപ്പാട്ടങ്ങൾ, മിഠായികൾ തുടങ്ങിയവയൊക്കെ സോമദാസ്‌ അമേരിക്കയിൽ നിന്നും കൊണ്ടുവന്നിരുന്നു. ആ സാധങ്ങളൊക്കെ കണ്ടിട്ട് എന്റെ മൂത്ത മകൾ ഞാൻ വീട്ടിലേക്ക് പോയപ്പോൾ പോലും എന്റെ കൂടെ വന്നിരുന്നില്ല. രണ്ടാമത്തെ കുഞ്ഞിനെ വിളിക്കാൻ സോമദാസ്‌ വണ്ടിയുമായി വന്നപ്പോൾ അവളും കൂടെ കയറി പോവുകയാണുണ്ടായത്. അത്രയും കാര്യങ്ങൾ സ്വാഭാവികമായിരുന്നു. എന്നാൽ അതിനു ശേഷം അവർ എന്നെക്കുറിച്ചു കുട്ടികൾക്ക് കഥകൾ പറഞ്ഞു നൽകുകയും കുഞ്ഞുങ്ങൾ അതുകേട്ട് വളരുകയും ചെയ്തു. അവരെ ഒന്ന് കാണാൻ പോലും എനിക്ക് അവസരം കിട്ടിയില്ല. ഞാൻ കുട്ടികളിൽ നിന്നും പൂർണമായും അകറ്റപ്പെട്ടു. കോടതി ചോദിച്ചപ്പോഴും മക്കൾ സോമദാസിനൊപ്പം പോകുന്നു എന്ന് തന്നെ പറഞ്ഞു. അങ്ങനെയാണ് എനിക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടത്.

സോമദാസും സൂര്യയും എങ്ങനെയാണു കണ്ടു മുട്ടിയതും വിവാഹം കഴിച്ചതും?

എന്റെ അമ്മ രണ്ടാം വിവാഹം കഴിച്ചിരുന്നു. അമ്മയുടെ രണ്ടാം വിവാഹത്തിലെ ഭർത്താവിന്റെ മുറപ്പെണ്ണിന്റെ മകനാണ് സോമദാസ്‌. അപ്പോൾ ഞാൻ പ്ലസ് ടു പഠിക്കുന്ന സമയമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ കണ്ടുമുട്ടിയതും അടുത്തതും. ഈ വിവാഹത്തിന് എന്റെ രണ്ടാനച്ഛനും അമ്മയുമടക്കം എല്ലാവരും എതിരായിരുന്നു. എന്നിട്ടും എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹം നടത്തി തന്നത്. അതുകൊണ്ട് തന്നെ സോമദാസുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എന്റെ കൂടെ നിൽക്കാനോ സപ്പോർട്ട് ചെയ്യാനോ ആരുമുണ്ടായിരുന്നില്ല. മക്കളെ സോമദാസ്‌ കൊണ്ടുപോയപ്പോൾ ഞാൻ ആശ്വസിച്ചതും അതുകൊണ്ട് തന്നെയാണ്. എന്റെ കൂടെ നിന്നാൽ എനിക്ക് മക്കളെ പോറ്റാനുള്ള ശേഷിയൊന്നുമില്ല. പണമില്ല. ജോലിയില്ല. ബന്ധുക്കളില്ല. ഞാൻ വിഷമിച്ചാലും എന്റെ മക്കൾക്ക് നല്ല ഭാവിയുണ്ടാവുമെന്നു കരുതി. എന്നാൽ, എന്റെ മക്കൾ എന്നെ വെറുക്കുന്ന അവസ്ഥയുണ്ടാവുമെന്നു കരുതിയില്ല.

സോമദാസ്‌ അമേരിക്കയിൽ എത്ര കാലമുണ്ടായിരുന്നു?

ഒരു രണ്ടു വർഷത്തിൽ താഴെ മാത്രമേ അമേരിക്കയിൽ നിന്നിട്ടുള്ളു. അതിന്റെ കാരണം കൃത്യമായ വിസയോ ഒന്നുമില്ലാതെ ഒരു പ്രോഗ്രാമിന് വേണ്ടി അമേരിക്കയിൽ പോയിട്ട് അവിടെ അനധികൃതമായി നിന്നതിനാലാണ്. അത്രയൊക്കെയേ അങ്ങനെ പോയാൽ നില്ക്കാൻ സാധിക്കു. അവിടെ ചെന്നിട്ടും എന്നോട് പറഞ്ഞത് അവിടെയുള്ള ഒരാളെ വിവാഹം കഴിച്ചാൽ അമേരിക്കൻ പൗരത്വം കിട്ടും അതിനു ഞാൻ സമ്മതിക്കണം എന്നാണ്. ഞാനതു സമ്മതിക്കുക പോലും ചെയ്തിരുന്നു.

സോമദാസിനെ ബിഗ് ബോസിൽ കണ്ടപ്പോൾ എന്ത് തോന്നി?

സന്തോഷമാണ് തോന്നിയത്. എന്റെ മക്കൾ സോമദാസിന്റെ കൂടെയാണല്ലോ. അതുകൊണ്ട് സോമദാസിനുണ്ടാവുന്ന എല്ലാ ഉയർച്ചയുടെയും നന്മയുടെയും ഒരു പങ്ക് എന്റെ മക്കൾക്കും കിട്ടുമെന്ന് കരുതി സന്തോഷിച്ചിരുന്നു. ബിഗ് ബോസ് വഴി ഇനിയും സിനിമയിൽ പാടാനൊക്കെ അവസരം കിട്ടുമെന്ന് കരുതി. എന്നാൽ മക്കൾ കേൾക്കുന്നു എന്ന ബോധം പോലുമില്ലാത്ത അവരെ പ്രസവിച്ച എന്നെക്കുറിച്ചു ഇത്രയും നീചമായ രീതിയിൽ സംസാരിച്ചപ്പോൾ സഹിക്കാനാവാത്ത സങ്കടവും ദേഷ്യവും തോന്നി. ഞാൻ എന്റെ മക്കളെ അഞ്ചര ലക്ഷം രൂപക്ക് വിറ്റു എന്നും പത്തരലക്ഷമാണ് ഞാൻ മക്കൾക്ക് വിലയിട്ടത് എന്നൊക്കെ കേട്ടപ്പോൾ ഞെട്ടിപ്പോയി.

 

നിങ്ങൾ സോമദാസിൽ നിന്നും അഞ്ചര ലക്ഷം രൂപ വാങ്ങിയിരുന്നോ?

വാങ്ങിയിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടത് സോമദാസാണ്. മക്കളെ എടുത്തു കൊണ്ടുപോയത് സോമദാസാണ്. എനിക്ക് ജീവിക്കാൻ പോലും നിവൃത്തിയുണ്ടായിരുന്നില്ല. ഈ ലോകത്തിൽ വിവാഹമോചനം നടത്തുന്ന ആദ്യത്തെ സ്ത്രീയല്ല ഞാൻ. എനിക്ക് വിവാഹമോചനത്തിനുള്ള നഷ്ടപരിഹാരമായാണ് അഞ്ചര ലക്ഷം രൂപ തന്നത്. മക്കൾ എല്ലാ കാലത്തും സോമദാസിനൊപ്പമായിരുന്നു. പിന്നെന്തിനയാൾ  പണം തന്നു മക്കളെ വാങ്ങണം?

സൂര്യ പിന്നീട് വിവാഹം കഴിച്ചോ?

ഞാൻ ഇപ്പോൾ ഒരു വര്‍ഷം മുൻപ് വീണ്ടും വിവാഹം കഴിച്ചു. ബ്യൂട്ടീഷ്യൻ ജോലി പഠിച്ചു. സ്വന്തം കാലിൽ നില്ക്കാൻ ശ്രമിക്കുന്നു. ഞാൻ ജോലി ചെയ്തതൊക്കെ ജീവിക്കാൻ ശ്രമിക്കുന്നത് ഞാൻ തോറ്റുപോയിട്ടില്ലെന്നു കാണിക്കാനാണ്. എന്നെ കളഞ്ഞു പോയിട്ടും എന്റെ മക്കളെ കൊണ്ടുപോയിട്ടും ഞാൻ തോറ്റിട്ടില്ലെന്ന് കാണിക്കാൻ വേണ്ടി മാത്രം.

സോമദാസിന്റെയും സൂര്യയുടെയും ജീവിതം തകർത്തത് എന്താണ്?

സോമദാസിന്റെ മാതാപിതാക്കളുടെ പെരുമാറ്റമാണ് ഒരു കാരണം. സോമദാസിന് മാത്രമേ ആ വീട്ടിൽ വരുമാനമുണ്ടായിരുന്നുള്ളു. അതുകൊണ്ട് സോമദാസിനെ അവരുടെ കൂടെ നിർത്താൻ അവർ ശ്രമിച്ചു. അത് കൂടാതെ എന്നെ സോമദാസുമായി അടുത്തിടപഴകാൻ കൂടി അവർ അനുവദിച്ചിരുന്നില്ല. രണ്ടാമത്തെ വിഷയം സോമദാസിന്റെ പരസ്ത്രീ ബന്ധങ്ങളാണ്. ഞങ്ങൾക്കിടയിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു.

ഇപ്പോൾ സോമദാസ്‌ എലിമിനേഷൻ പട്ടികയിൽ നിൽക്കുകയാണ്. സോമദാസിന്റെ ബിഗ് ബോസിലെ ഭാവിയെക്കുറിച്ചു എന്ത് കരുതുന്നു?

സോമദാസ്‌ പുറത്തു വരുന്നതാണ് നല്ലത്. അയാൾക്ക് വെറുതെ പാട്ടുപാടാൻ മാത്രമേ അറിയൂ. ഇത്രയും ദിവസമായിട്ടും ബിഗ് ബോസ് ഗെയിം എന്താണെന്നു പോലും അയാൾക്ക് മനസിലായിട്ടുണ്ടെന്നു തോന്നുന്നില്ല. എന്റെ മക്കൾ സോമദാസിനൊപ്പം ജീവിക്കുന്നത് കൊണ്ട് ഒരിക്കൽ പോലും ഞാൻ അയാളെ മനസറിഞ്ഞു പ്രാകിയിട്ടില്ല. ഇപ്പോഴും പ്രാകുന്നില്ല. എന്റെ മക്കൾ എവിടെ ആയാലും സമാധാനമായി ജീവിക്കട്ടെ. ഒരേയൊരാഗ്രഹമേയുള്ളു, എത്ര കാലം കഴിഞ്ഞിട്ടായാലും മക്കൾ സത്യം തിരിച്ചറിയണം. അച്ഛനും അമ്മയും എന്തുകൊണ്ട് പിരിഞ്ഞുവെന്നും എന്താണ് നടന്നതെന്നും സത്യസന്ധമായി അവർ മനസിലാക്കണം. അതോടെ എന്നോടുള്ള മക്കളുടെ വെറുപ്പ് മാറും എന്ന് കരുതുന്നു. എന്റെ മക്കൾ തെറ്റിദ്ധാരണ മാറി എന്നെ തേടി വരുന്ന ദിവസത്തിനായി കാത്തിരിക്കുന്നു.