ഡെയ്‌ലി ടാസ്‌കുകളും വാക്ക്‌ലി ടാസ്‌കുകളുമുണ്ട് ബിഗ് ബോസില്‍. അതില്‍ അടുത്ത വാരം ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്ന വീക്ക്‌ലി ടാസ്‌കുകളാണ് മത്സരാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും ആവേശമുണ്ടാക്കുന്നവ. ശാരീരികക്ഷമത പരീക്ഷിക്കുന്ന ടാസ്‌കുകളും അക്കൂട്ടത്തില്‍ വരാറുണ്ട്. ചിലപ്പോഴൊക്കെ മത്സരാര്‍ഥികളില്‍ ചിലര്‍ക്ക് വാശിയേറിയ മത്സരങ്ങള്‍ക്കിടെ പരിക്കേറ്റിട്ടുമുണ്ട്. സീസണ്‍ രണ്ടിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ നടന്ന ക്യാപ്റ്റന്‍സി ടാസ്‌കില്‍ വാശിയോടെ മത്സരിച്ച സുജോ മാത്യുവിനാണ് പരിക്കേറ്റത്. 

വീക്ക്‌ലി ടാസ്‌കില്‍ മികച്ച പ്രകടനം നടത്തിയ മൂന്ന് പേര്‍ക്കാണ് സാധാരണ ക്യാപ്റ്റന്‍സി ടാസ്‌കുകളില്‍ മത്സരിക്കാന്‍ ബിഗ് ബോസ് അവസരം നല്‍കാറ്. എന്നാല്‍ അതിന് വിപരീതമായി ഇത്തവണ മുഴുവന്‍ മത്സരാര്‍ഥികള്‍ക്കും ബിഗ് ബോസ് ക്യാപ്റ്റന്‍സി ടാസ്‌കില്‍ മത്സരിക്കാന്‍ അവസരം നല്‍കി. രസകരവും എന്നാല്‍ ശാരീരികക്ഷമത പരീക്ഷിക്കുന്ന ഒന്നുമായിരുന്നു ടാസ്‌ക്. രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു മത്സരം. ഗ്രൂപ്പംഗങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍, തലയില്‍ കെട്ടാനായി രണ്ട് നിറങ്ങളിലുള്ള റിബണുകളും നല്‍കിയിരുന്നു. എല്ലാവര്‍ക്കും ധരിക്കാന്‍ വെല്‍ക്രോ ജാക്കറ്റുകളും. ബസര്‍ മുഴങ്ങുമ്പോള്‍ 'കില്ലര്‍' കോയിന്‍ കൈവശമുള്ള ടീം എതിര്‍ ടീമംഗങ്ങളുടെ ജാക്കറ്റിലേക്ക് അത് ഒട്ടിക്കാന്‍ ശ്രമിക്കണമായിരുന്നു. അടുത്ത ബസര്‍ മുഴങ്ങുമ്പോള്‍ ആരുടെ ജാക്കറ്റിലാണോ കോയിനുള്ളത്, ആ ടീം പരാജയപ്പെടും എന്നതായിരുന്നു ആദ്യ ഘട്ടം.

 

എലീന, ദയ എന്നിവര്‍ ചേര്‍ന്നാണ് ആദ്യം ഈ മത്സരത്തിനായുള്ള ടീമുകളെ വിളിച്ചത്. രഘു, അമൃത-അഭിരാമി, അലസാന്‍ഡ്ര, ഷാജി എന്നിവരായിരുന്നു എലീനയുടെ ടീമില്‍. ദയയുടെ ടീമില്‍ ആര്യ, ഫുക്രു, രേഷ്മ, സുജോ എന്നിവരും. ഇതനുസരിച്ച് ആദ്യ ഘട്ടത്തില്‍ കോയിന്‍ അവസാനം വന്നുപെട്ടത് ഷാജിയുടെ പക്കലാണ്. അതിനാല്‍ എലീന വിളിച്ച ടീം പരാജയപ്പെട്ടു. വിജയിച്ച ടീമംഗങ്ങള്‍ ഇതേ ഗെയിം പരസ്പരം കളിക്കുക എന്നയാരുന്നു രണ്ടാം ഘട്ടം. ഓരോ ബസറിനിടയിലും കോയിന്‍ എത്തിച്ചേരുന്നയാള്‍ പുറത്താവുമായിരുന്നു. ഇതനുസരിച്ച് ആദ്യം ദയയും പിന്നീട് ആര്യയും പുറത്തായി. രേഷ്മ, ഫുക്രു, സുജോ എന്നിവര്‍ക്കിടയില്‍ വാശിയേറിയ മത്സരം തുടര്‍ന്നു. കോയിനുമായി തന്റെ പിന്നാലെയോടുന്ന രേഷ്മയെ വെട്ടിച്ച് വീട്ടിനകത്തേക്ക് കുതിക്കവെയാണ് സുജോയ്ക്ക് പരുക്കേറ്റത്. 

വീട് പുറത്തുനിന്ന് ഭിത്തിയില്‍ ഇടിച്ച സുജോ അകത്തേക്ക് ഓടി ഗ്ലാസിലും അറിയാതെ വന്നിടിച്ചു. ബസര്‍ മുഴങ്ങിയതിന് ശേഷം അവിടെയിരുന്ന സുജോയോട് മറ്റുള്ളവര്‍ ഡോക്ടറെ കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. പുരികത്തില്‍ മുറിവ് പറ്റിയിരുന്നു സുജോയ്ക്ക്. അപ്പോഴത്തേക്ക് ബിഗ് ബോസ് കണ്‍ഫെഷന്‍ മുറിയിലേക്ക് സുജോയെ വിളിച്ചു. അവിടെയെത്തിയ സുജോയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തുകയും ആവശ്യമായ ശുശ്രൂഷ നല്‍കുകയും ചെയ്തു. ഏറെ വൈകാതെ സുജോ തിരിച്ചെത്തുകയും ഫുക്രുവുമായുള്ള മത്സരം ആരംഭിക്കുകയും ചെയ്തു.