തനിക്ക് അലസാന്‍ഡ്രയോട് ഇപ്പോള്‍ വെറുപ്പാണ് തോന്നുന്നതെന്ന് രഘുവിനോട് സുജോ മാത്യു. സുജോയും അലസാന്‍ഡ്രയും ഗെയിമില്‍ നിലനില്‍ക്കുന്നതിനുവേണ്ടി ഒരു ബന്ധം അഭിനയിക്കുകയാണെന്നാവാം ആദ്യം പ്രേക്ഷകര്‍ക്ക് തോന്നിയതെങ്കില്‍ അത് യഥാര്‍ഥത്തില്‍ ഒരു അടുപ്പത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ എപ്പിസോഡുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അലസാന്‍ഡ്രയും സുജോയും തമ്മിലുള്ള തര്‍ക്കം കാണിച്ചിരുന്നു. അതേക്കുറിച്ച് സംസാരിക്കാനാണ് രഘു എത്തിയതെങ്കിലും സാന്‍ഡ്രയെക്കുറിച്ച് തനിക്കൊന്നും കേള്‍ക്കേണ്ടെന്ന നിലപാടിലായിരുന്നു സുജോ.

'ഇവിടെ എനിക്ക് ഏറ്റവും കൂടുതല്‍ വെറുപ്പ് തോന്നുന്നത് ആരോടാണെന്ന് അറിയാമോ, സാന്‍ഡ്രയുടെ അടുത്ത്. അവളാ ഇതിന്റെ മൊത്തം റൂട്ട് കോസ്. അവളോട് ഞാനിനി മിണ്ടില്ല. ഇനി ഞാനവളെ ആ രീതിയില്‍ കാണില്ല. എനിക്കവളോട് കുറച്ച്.. എന്താ പറയുക.. തോന്നിത്തുടങ്ങിയിരുന്നു. ഉറപ്പായിട്ടും', അലസാന്‍ഡ്രയോട് തനിക്ക് യഥാര്‍ഥത്തില്‍ ഒരു പ്രണയം തോന്നിത്തുടങ്ങിയിരുന്നുവെന്ന് സുജോ രഘുവിനോട് വെളിപ്പെടുത്തി. 

 

പക്ഷേ കഴിഞ്ഞ ദിവസത്തെ പ്രശ്‌നത്തിന്റെ പേരില്‍ അത്തരത്തില്‍ ഒരു നിലപാടിലേക്ക് എത്തണോ എന്നായിരുന്നു രഘുവിന്റെ ചോദ്യം. പക്ഷേ തന്റെ അസ്വസ്ഥതകള്‍ക്കെല്ലാം കാരണം അലസാന്‍ഡ്രയാണെന്ന് പഴിചാരുകയായിരുന്നു തുടര്‍ന്നും സുജോ. 'അല്ല, എനിക്കെന്റെ മനസിലൂടെ പല കാര്യങ്ങള്‍ ഓടി. അവള്‍ ഒരു സാഹചര്യം ക്രിയേറ്റ് ചെയ്തതുകൊണ്ടാണ് എനിക്കിവിടെനിന്ന് പോകാന്‍ തോന്നുന്നത്. ഞാന്‍ വേറൊരു കാര്യം ചിന്തിച്ചു. എല്ലാരും കാണുമ്പോള്‍ എന്നോട് ചോദിക്കും, എന്തേ വഴക്കിട്ടോ എന്ന്. സകല ഇഷ്യൂസും ക്രിയേറ്റ് ചെയ്തത് ഇവളാണ്. അവളെന്നെ ഇന്‍സള്‍ട്ട് ചെയ്തു. രഘു അവളെപ്പറ്റി എന്നോട് പറയണ്ട.' സുജോ പറഞ്ഞവസാനിപ്പിച്ചു.