ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥികള്‍ക്കിടയില്‍, ഒരുപക്ഷേ പ്രേക്ഷകരില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ബന്ധമാണ് സുജോയ്ക്കും അലസാന്‍ഡ്രയ്ക്കുമിടയില്‍ ഉള്ളത്. കണ്ണിനസുഖം വന്ന് ചികിത്സയുടെ ഭാഗമായി ഹൗസില്‍നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ഇരുവര്‍ക്കും വന്നിരുന്നു. പോകുന്നതിന് മുന്‍പ് അടുപ്പവും അകല്‍ച്ചയും തരാതരം പോലെ വരുന്ന ബന്ധമായിരുന്നു ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. ഗെയിമില്‍ മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ഒരു പ്രണയം അഭിനയിക്കുന്നതിന്റെ പ്ലാനിംഗ് 'രഹസ്യമായി' നടത്തിയത് ബിഗ് ബോസ് സബ് ടൈറ്റില്‍ അടക്കം പരസ്യമാക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള ദിനങ്ങളില്‍ യഥാര്‍ഥത്തില്‍ അടുത്തതുപോലെ തോന്നുന്ന സുജോയെയും അലസാന്‍ഡ്രയെയുമാണ് കണ്ടത്. എന്നാല്‍ അസുഖംമാറി തിരിച്ചെത്തിയ ഇരുവരും തമ്മില്‍ അടുപ്പത്തേക്കാളധികം അകല്‍ച്ചയായിരുന്നു.

തിരിച്ചുവന്നതിനുശേഷം രഘുവിനും രജിത്തിനുമൊപ്പമാണ് സുജോ നിന്നത്. അഭിരാമി-അമൃതയും രജിത്തിനൊപ്പമായിരുന്നതിനാല്‍ അത് ഒരു ഗ്രൂപ്പായി രൂപപ്പെടുകയായിരുന്നു. എന്നാല്‍ അലസാന്‍ഡ്ര രണ്ടാമത് വന്ന ആദ്യ ദിനങ്ങളില്‍ ഉള്ളിലുള്ള സങ്കടങ്ങളൊക്കെ പ്രധാനമായും പറഞ്ഞത് അപ്പോള്‍ ഹൗസിലുണ്ടായിരുന്ന ജസ്ലയോടാണ്. സുജോയുമായുണ്ടായ അകല്‍ച്ചയെക്കുറിച്ചും അലസാന്‍ഡ്ര ജസ്ലയോട് ഏറെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അലസാന്‍ഡ്രയും രഘുവും രഘുവുമൊക്കെയുള്ള ഗ്രൂപ്പിന്റെ ഭാഗമായി. പഴയ അടുപ്പമോ ദൈര്‍ഘ്യമേറിയ സംഭാഷണങ്ങളോ ഒന്നും സുജോയ്ക്കും അലസാന്‍ഡ്രയ്ക്കുമിടയില്‍ പിന്നീട് സംഭവിച്ചില്ലെങ്കിലും അതേപോലെ തര്‍ക്കങ്ങളും ഇല്ലായിരുന്നു. എന്നാല്‍ ഏറെക്കാലത്തിന് ശേഷം ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ നടന്ന എപ്പിസോഡ് ആയിരുന്നു ബുധനാഴ്ചത്തേത്.

 

കഴിഞ്ഞ ദിവസത്തെ പ്രാങ്ക് ടാസ്‌കിനെക്കുറിച്ച സംസാരിച്ചുതുടങ്ങിയ ഇരുവരും തര്‍ക്കത്തിലേക്ക് എത്തുകയായിരുന്നു. പ്രാങ്ക് ആണെന്ന് മനസിലാക്കിയതിന് ശേഷം സുജോ എല്ലാവരോടും സോറി പറഞ്ഞ് കെട്ടിപ്പിടിച്ചപ്പോള്‍ തന്നോട് മാത്രം അകലം പാലിച്ചുവെന്ന് അലസാന്‍ഡ്ര പറഞ്ഞതില്‍ സുജോ തന്റെ നീരസം വെളിപ്പെടുത്തുകയും അത് വഴക്കിലേക്ക് പോവുകയായിരുന്നു. നിലവില്‍ ഒരേ ടീമായി വീക്ക്‌ലി ടാസ്‌കില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയില്‍ അസ്വാരസ്യം വന്നാല്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ മോശമാണെന്ന് അതേ ഗ്രൂപ്പിലെ മറ്റംഗങ്ങളായ അഭിരാമിയും അമൃതയും പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് വകവെക്കാതെ കുറഞ്ഞ വാക്കുകളിലൂടെയാണെങ്കിലും പരസ്പരമുള്ള അനിഷ്ടം പ്രകടിപ്പിച്ചു. ഫുക്രുവിനോട് സംസാരിക്കുന്നതുപോലെ തന്നോട് സംസാരിക്കരുതെന്നായിരുന്നു അലസാന്‍ഡ്രയോട് സുജോ പറഞ്ഞ ഒരു വാചകം.

അതിനിടെ സുജോയുടെ പെരുമാറ്റം ഇഷ്ടപ്പെടാതെ അലസാന്‍ഡ്ര അവിടെനിന്നെണീറ്റ് കോമണ്‍ ബെഡ്‌റൂമിലേക്ക് പോയി. പിന്നാലെ അടുത്ത സുഹൃത്തിനെ ആശ്വസിപ്പിക്കാനും സംസാരിക്കാനുമായി രഘുവും പോയി. രഘുവുമായി ഏറെനേരം അലസാന്‍ഡ്ര സുജോയെക്കുറിച്ച് സംസാരിച്ചു. തന്നോട് മാത്രം സുജോ നിലവില്‍ മോശമായാണ് പെരുമാറുന്നതെന്നും പെട്ടെന്ന് ദേഷ്യപ്പെടുന്നുവെന്നുമായിരുന്നു അലസാന്‍ഡ്രയുടെ പരാതി. എന്നാല്‍ ഏറെ നേരം സംസാരിച്ച് രഘു അലസാന്‍ഡ്രയെ തിരിച്ച് ടാസ്‌കിലേക്ക് എത്തിക്കുകയായിരുന്നു.