മന്ദബുദ്ധിയെന്ന് വിളിക്കരുതെന്നും അങ്ങനെ തന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും രജിത് കുമാറിനോട് സുജോ മാത്യു. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഇവര്‍ രണ്ടുപേരും മാത്രമായി സംസാരിക്കുന്നതിനിടെയായിരുന്നു തര്‍ക്കം ഉടലെടുത്തത്.

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിലവില്‍ മികച്ച മത്സരാര്‍ഥികളില്‍ ഒരാളാണ് രജിത് കുമാര്‍. ബിഗ് ബോസിലെ ടെയിമിംഗ് രീതികളെക്കുറിച്ച് ഏകദേശം മനസിലാക്കിയതുപോലെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പെരുമാറ്റം. സുജോയോട് ഒരു സാങ്കല്‍പിക ചോദ്യം ചോദിക്കുകയായിരുന്നു രജിത്. അത് ഇങ്ങനെയായിരുന്നു. നിങ്ങളുടെ വിവാഹം കഴിഞ്ഞെന്ന് സങ്കല്‍പിക്കുക. ഭാര്യയുടെ അടുത്ത ബന്ധുവിന്റെ കല്യാണമുള്ള ദിവസം തന്നെയാണ് നിങ്ങള്‍ക്ക് പാരീസിലെ ലോകപ്രശസ്തമായ ഫാഷന്‍ വീക്കില്‍ പങ്കെടുക്കേണ്ടതും. കല്യാണത്തിന് പോകണമെന്നാണ് ഭാര്യയ്ക്ക്. നിങ്ങള്‍ ഏത് തെരഞ്ഞെടുക്കുമെന്നായിരുന്നു സുജോയോടുള്ള രജിത്തിന്റെ ചോദ്യം. 

 

ഭാര്യയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു സുജോയുടെ ആദ്യ മറുപടി. അത് ആരും പറയുന്ന മറുപടിയാണെന്നും സ്വന്തമായി ചിന്തിക്കാതിരിക്കാന്‍ നിങ്ങള്‍ മന്ദബുദ്ധിയൊന്നുമല്ലല്ലോ എന്നായിരുന്നു രജിത്തിന്റെ മറുചോദ്യം. ഇതില്‍ പ്രകോപിതനായ സുജോ എതിര്‍പ്പ് ഉയര്‍ത്തുകയായിരുന്നു. മന്ദബുദ്ധിയെന്ന് വിളിക്കരുതെന്നും ക്ഷമ പരീക്ഷിക്കരുതെന്നും സുജോ പറഞ്ഞതോടെ രജിത് കുമാര്‍ പിന്‍വാങ്ങുകയായിരുന്നു.