ബിഗ് ബോസ്സിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് മത്സരാര്‍ഥികള്‍ക്ക് നല്‍കുന്ന ടാസ്‍ക്. ഓരോ ടാസ്‍കും വേറിട്ടതാക്കാൻ ബിഗ് ബോസ് ശ്രമിക്കാറുണ്ട്. ടാസ്‍ക്കിലാണ് മത്സരാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലിലേക്ക് എത്താറുള്ളതും. ഇത്തവണത്തെ ടാസ്‍ക് സ്വര്‍ണ ഖനിയില്‍ നിന്ന് സ്വര്‍ണവും രത്നങ്ങളും കുഴിച്ചെടുക്കുന്നതായിരുന്നു. ഇന്ന് ടാസ്‍കില്‍ മുന്നിലെത്തിയതാകട്ടെ സുജോയും.

ആക്റ്റീവിറ്റി ഏരിയയില്‍ ആയിരുന്നു സ്വര്‍ണ ഖനി തയ്യാറാക്കിയത്. അറിയിപ്പ് കിട്ടുമ്പോള്‍ സ്വര്‍ണ ഖനിയില്‍ പോകാം. ഇത്തവണത്തെ ടാസ്‍ക്കിന് ഏറെ പ്രത്യേകതയുണ്ടുതാനും. പന്ത്രണ്ടാമത്തെ ആഴ്‍ചയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് കിട്ടുന്നവര്‍ക്ക് ഗ്രാൻഡ് ഫിനാലെയില്‍ നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇന്ന് ടാസ്‍ക്കില്‍ ആദ്യം അവസരം ലഭിച്ചത് പാഷാണം ഷാജിക്കും സുജോയ്‍ക്കുമായിരുന്നു. ഇരുവരും രത്‍നങ്ങളുമായി തിരിച്ചെത്തി. രണ്ടാമത്തെ ഘട്ടത്തില്‍ സുജോയും രജിത്തും കൂട്ടുകെട്ടുണ്ടാക്കി. സുജോയുടെ രത്‍നങ്ങള്‍ ആരും എടുക്കാതെ സൂക്ഷിക്കാം തനിക്ക് കമ്മിഷൻ തന്നാല്‍ മതിയെന്നായിരുന്നു രജിത്തിന്റെ വാഗ്‍ദാനം. അങ്ങനെ രണ്ടാം തവണ രജിത്തിനു പകരം സുജോ പോയി. ഒരിക്കല്‍ കൂടി പോകാൻ സുജോയ്‍ക്ക് അവസരം കിട്ടുകയും രത്‍നങ്ങള്‍ എടുക്കുകയും ചെയ്‍തു. ഫുക്രു, അമൃത സുരേഷ്- അഭിരാമി സുരേഷ് എന്നിവര്‍ക്കായിരുന്നു സ്വര്‍ണ ഖനിയില്‍ പോകാൻ പിന്നീട് അവസരം ലഭിച്ചത്. അതേസമയം രഘുവും സുജോയുടെ രത്നങ്ങള്‍ സംരക്ഷിക്കാൻ രജിത്തിനൊപ്പം കൂടിയിരുന്നു. ഒടുവില്‍ ബിഗ് ബോസ് ഇന്ന് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് എത്തിയത് സുജോയായിരുന്നു.