മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ വിജയകരമായി മുന്നോട്ടുപോവുകയാണ്. മോഹന്‍ലാല്‍ അവതാരകനാവുന്ന ഷോ ഒരു മാസം പിന്നിടുമ്പോള്‍ കാണികളുടെ എണ്ണത്തിലും കുതിപ്പ് നടത്തിയിട്ടുണ്ട്. ഒരു മാസത്തോളമായി ദിവസേന ടെലിവിഷനില്‍ കാണുന്ന ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കണമെന്ന് മനസില്‍ ഒരു ആഗ്രഹം തോന്നിയിട്ടുണ്ടോ? യഥാര്‍ഥത്തില്‍ അല്ലെങ്കിലും ഓഗ്മെന്റഡ് റിയാലിറ്റി വഴി അത് സാധിക്കാന്‍ അവസരം നല്‍കുകയാണ് ഏഷ്യാനെറ്റ്.

ബിഗ് ബോസിന്റെ പ്രചരണാര്‍ഥം തയ്യാറാക്കിയ ബിഗ് ബോസ് ഓഗ്മെന്റഡ് റിയാലിറ്റി ആപ്പ് വഴി ഹൗസിന് പുറത്തും അകത്തും നിന്ന് സ്വന്തം വീഡിയോകള്‍ പകര്‍ത്താം. ഈ ആപ്ലിക്കേഷന്‍ വഴി എടുത്ത വീഡിയോ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് പങ്കുവച്ചിട്ടുണ്ട്.

ഷോയുടെ പ്രചരണാര്‍ഥം ഒരു ഓഗ്മെന്റഡ് റിയാലിറ്റി വാഹനവും ഏഷ്യാനെറ്റ് തയ്യാറാക്കിയിട്ടുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന വാഹനത്തില്‍ പ്രവേശിച്ച് ഷോയുടെ അവതാരകനായ മോഹന്‍ലാലിനൊപ്പം സെല്‍ഫി എടുക്കാനുള്ള അവസരവുമുണ്ട്.