ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഏറ്റവും പുതിയ എപ്പിസോഡ് ഒരു വലിയ തര്‍ക്കത്തിന് സാക്ഷ്യം വഹിച്ചാണ് തുടങ്ങിയത്. 'ബിഗ് ബോസ് ഹൗസില്‍ എങ്ങനെ പ്രശസ്തരാവാം' എന്ന വിഷയത്തില്‍ മത്സരാര്‍ഥികള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുക എന്നതായിരുന്നു ഇന്നത്തെ മോണിംഗ് ടാസ്‌ക്. ഇതനുസരിച്ച് തെസ്‌നി ഖാന്‍ ആണ് സംസാരിച്ച് തുടങ്ങിയത്. അതിനിടെ സുരേഷ് ഈ വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താനെത്തി. രജിത് കുമാര്‍ ശ്രദ്ധിക്കപ്പെടാനായി ചില കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് സുരേഷ് പറഞ്ഞു. 

ഉദാഹരണത്തിന് എല്ലാവരും ഭക്ഷണം കഴിക്കുമ്പോള്‍ വിളിച്ചിട്ടും വരാത്തയാള്‍ മറ്റുള്ളവര്‍ കഴിച്ചതിന് ശേഷം വരുകയും ആദ്യം ക്യാമറയ്ക്ക് മുന്നില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവാദം ചോദിച്ചെന്നും സുരേഷ് രജിത്തിനെക്കുറിച്ച് പറഞ്ഞു. അത് സ്‌കോര്‍ ചെയ്യാന്‍ നോക്കിയതാണെന്നും സുരേഷ് പറഞ്ഞു. എന്നാല്‍ എനിക്ക് എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു രജിത്തിന്റെ പ്രതികരണം. എന്നാല്‍ സുരേഷ് ആ പറഞ്ഞതിനോടും വിമര്‍ശനവുമായി എത്തി. സ്വന്തം ഭക്ഷണക്കാര്യം ക്യാമറയില്‍ നോക്കി പറയുന്നത് വ്യക്തിപരമാണെന്ന് സമ്മതിക്കാമെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങളും രജിത് ഇപ്രകാരം ക്യാമറയില്‍ നോക്കി പറയുന്നുണ്ടെന്നായിരുന്നു സുരേഷിന്റെ വിമര്‍ശനം. സുജോയുടെ ഷൂവിന്റെയും പ്രോട്ടീന്‍ പൗഡറിന്റെയും വില ഇത്തരത്തില്‍ രജിത് പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ആരോപിച്ചു. അതും വ്യക്തിപരമാണെന്നാണ് പറയുന്നതെങ്കില്‍ ആ 'വ്യക്തിപര'ത്തെ അടിക്കുകയാണ് വേണ്ടതെന്നുകൂടി സുരേഷ് പറഞ്ഞു. 

 

എന്നാല്‍ അതോടെ നിയന്ത്രണം വിട്ട് എണീറ്റ രജിത് 'അടിക്കണമെങ്കില്‍ അടിക്കെ'ന്ന് പറഞ്ഞ് മുന്നോട്ടായുകയായിരുന്നു. എന്നാല്‍ സുരേഷ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് സുജോയ്ക്ക് നേരയും രജിത് എത്തി. പ്രോട്ടീന്‍ പൗഡര്‍ താന്‍ മോഷ്ടിച്ചെന്ന് സുജോ ആരോപിച്ചെന്ന് പറഞ്ഞായിരുന്നു രജിത്തിന്റെ വരവ്. 'നിന്റെ പ്രോട്ടീന്‍ പൗഡര്‍ ഞാന്‍ എടുത്തോ, നിന്റെ പ്രോട്ടീന്‍ പൗഡര്‍ ഞാന്‍ എടുത്തിട്ടില്ല. നിനക്ക് അടിച്ചുപൊട്ടിക്കണേല്‍ നീ അടിച്ച് പൊട്ടിക്കെടാ', രജിത് നിയന്ത്രണംവിട്ട് പറഞ്ഞു. രംഗം തണുത്തതിന് ശേഷം മറ്റ് മത്സരാര്‍ഥികള്‍ക്കുള്ള ഉപദേശവുമായി വീണ്ടും സുരേഷ് രംഗത്തെത്തി. രജിത് മറ്റ് മത്സരാര്‍ഥികളില്‍ നിന്ന് ഒരു അടി പ്രതീക്ഷിക്കുന്നുണ്ടെന്നും അതുവഴി കിട്ടുന്ന മൈലേജ് ആണ് അദ്ദേഹത്തിന്റെ ഉന്നമെന്നും സുരേഷ് പറഞ്ഞു. 'നമ്മള് നല്ല കണ്‍ട്രോളില്‍ ആയിരിക്കണം. പുള്ളിക്ക് ഒരു അടി വേണം, അടി കിട്ടിയാലേ പുള്ളിക്ക് ഒരു മൈലേജ് ആവൂ. ആരും തൊടരുത്, അയാള്‍ അടിച്ചാല്‍ പോലും. ഓര്‍ത്തോളണം', സുരേഷ് പറഞ്ഞുനിര്‍ത്തി.