ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് തുടക്കം മുതല്‍ ഒട്ടേറെ അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ഇതുവരെ കടന്നുപോയതി. മത്സരാര്‍ഥികള്‍ക്കിടയിലെ കണ്ണിനസുഖവും മറ്റ് ശാരാരിക അവശതകള്‍ മൂലം ചിലരുടെ സ്വയം പുറത്തുപോകലും പരുക്കുകളും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുമൊക്കെ ഷോയെ പ്രേക്ഷകര്‍ക്കിടയില്‍ എപ്പോഴും കൗതുകത്തോടെ നിലനിര്‍ത്തി. ഇപ്പോഴിതാ ഹൗസിലെ 75-ാം ദിവസവും മത്സരാര്‍ഥികള്‍ക്ക് ഒരു വലിയ സര്‍പ്രൈസ് ആണ് സമ്മാനിച്ചത്.

സാധാരണ വാരാന്ത്യ എപ്പിസോഡുകളില്‍ മാത്രം സ്‌ക്രീനിലൂടെ തങ്ങള്‍ കാണുന്ന മോഹന്‍ലാല്‍ ഹൗസിലേക്ക് കടന്നുവന്ന ദിവസമായിരുന്നു അവരെ സംബന്ധിച്ച് ഇത്. ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തില്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ ഷോയുടെ ടൈറ്റില്‍ സോംഗ് മുഴങ്ങി. സാധാരണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി പുതിയ മത്സരാര്‍ഥികള്‍ ഹൗസിലേക്ക് കടന്നുവരുമ്പോഴാണ് ഈ പാട്ട് മുഴങ്ങാറ്. അതുപ്രകാരം എല്ലാവരും മുന്‍ വാതിലിലേക്ക് നോക്കി. നാടകീയതയൊന്നുമില്ലാതെ സാക്ഷാല്‍ മോഹന്‍ലാലിന്റെ കടന്നുവരവായിരുന്നു അത്.

 

അമ്പരപ്പോടെയാണ് മത്സരാര്‍ഥികള്‍ എല്ലാവരും തന്നെ മോഹന്‍ലാലിനെ സ്വീകരിച്ചത്. വീക്ക്‌ലി ടാസ്‌കില്‍ മോശം പ്രകടനം നടത്തിയതായി എല്ലാവരും ചേര്‍ന്ന് തെരഞ്ഞെടുത്ത രഘു, അമൃത, അഭിരാമി എന്നിവര്‍ ഈ സമയം ജയിലിലായിരുന്നു. നിങ്ങളെ ജാമ്യത്തില്‍ ഇറക്കാനാണ് താന്‍ വന്നതെന്ന് മോഹന്‍ലാല്‍ അവരോട് നേരമ്പോക്ക് പറഞ്ഞു. പിന്നാലെ ക്യാപ്റ്റന്‍ ഫുക്രുവിനോട് ജയിലിന്റെ താക്കോലുമായി വരാനും പറഞ്ഞു. ജയിലിലായവരെ തുടര്‍ന്ന് പുറത്തിറക്കി. പിന്നീട് എല്ലാവര്‍ക്കുമൊപ്പം വീട് മുഴുവന്‍ ചുറ്റിനടന്ന് കാണുകയായിരുന്നു മോഹന്‍ലാല്‍. ഷോ അവസാനിപ്പിക്കുന്ന കാര്യവും അതിനുള്ള സാഹചര്യവും നേരിട്ട് വിശദീകരിക്കാനാണ് മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുന്നത്.