എലിമിനേഷന് ശേഷം തിങ്കളാഴ്ചകളില്‍ വരുന്ന നോമിനേഷന്‍ എപ്പിസോഡുകള്‍ ബിഗ് ബോസ് പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്നവയാണ്. വരുന്ന ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റില്‍ ആരൊക്കെ വരണമെന്ന് മത്സരാര്‍ഥികള്‍ തന്നെ തീരുമാനിക്കുന്നത് ഈ എപ്പിസോഡുകളിലാണ്. കണ്‍ഫെഷന്‍ മുറിയിലേക്ക് ഓരോരുത്തരെയായി വിളിച്ച് ഈരണ്ടുപേരെ വ്യക്തമായ കാരണങ്ങളോടെ നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് സാധാരണ ആവശ്യപ്പെടാറ്. എന്നാല്‍ അതില്‍നിന്ന് വിപരീതമായിരുന്നു ഇന്നത്തെ എപ്പിസോഡ്.

ഈരണ്ടുപേരെ (ഏറെയും ഹൗസില്‍ അടുത്ത സൗഹൃദം പുലര്‍ത്തുന്നവര്‍) ഒരുമിച്ച് കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിച്ച്, പരസ്പരം ചര്‍ച്ച ചെയ്ത് ഒരാളുടെ പേര് നോമിനേഷന്‍ ലിസ്റ്റിലേക്ക് നല്‍കുവാനായിരുന്നു ബിഗ് ബോസിന്റെ നിര്‍ദേശം. ഇതനുസരിച്ച് പാഷാണം ഷാജിയെയും ആര്യയെയുമാണ് ബോസ് ആദ്യമായി കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിപ്പിച്ചത്. പിന്നാലെ ഈയാഴ്ചയിലെ നോമിനേഷന്റെ രീതിയും അവതരിപ്പിച്ചു.

താന്‍ നോമിനേഷനിലേക്ക് പോകാമെന്ന് ഇരുവരും ആദ്യം പറഞ്ഞെങ്കിലും തന്റെ പേര് പറയാന്‍ ഷാജി ആര്യയെ നിര്‍ബന്ധിക്കുകയായിരുന്നു. '100 ദിവസം മുഴുവനായി നില്‍ക്കണമെന്ന ആഗ്രഹം നിന്റെയുള്ളില്‍ ഉണ്ട്. എനിക്കറിയാം. അതുകൊണ്ട് എന്നെ നോമിനേറ്റ് ചെയ്‌തോ. എന്റെ കാര്യം ഞാന്‍ എപ്പോഴും പറയാറില്ലേ. എനിക്ക് ഭാര്യയെ കാണാന്‍ ധൃതിയാണ്. വീട്ടിലേക്ക് പോകാന്‍ വലിയ ഇഷ്ടമുണ്ട്. ഇവിടെ നില്‍ക്കുന്നത് സന്തോഷമാണ്. പക്ഷേ വീട്ടില്‍ പോയാല്‍ സസന്തോഷം', ഷാജി തന്റെ വാദം അവതരിപ്പിച്ചു.

 

എന്നാല്‍ ആദ്യം ഇത് സമ്മതിക്കാന്‍ ആര്യ വിസമ്മതിക്കുകയായിരുന്നു. 'എനിക്കറിയാം സാജുച്ചേട്ടന് വീട്ടില്‍ പോകുന്നത് ഒത്തിരി ആഗ്രഹമുള്ള കാര്യമാണെന്ന്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ചെയ്യാന്‍ പറ്റില്ല. ഞാന്‍ കാണുന്ന ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാണ് സാജുച്ചേട്ടന്‍. അപ്പൊ ഞാന്‍ എങ്ങനെ നോമിനേറ്റ് ചെയ്യും സാജുച്ചേട്ടാ?', ആര്യ ചോദിച്ചു. എന്നാല്‍ ഷാജി തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. '100 ദിവസം തികയ്ക്കാന്‍ നീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതുകൊണ്ട് എന്റെ പേര് പറയൂ', ഷാജി തുടര്‍ന്നു. ഷാജിയുടെ പേര് പറയുക എന്നത് കടുപ്പമുള്ള തീരുമാനമാണെന്ന് ആര്യ തുടര്‍ന്ന് ബിഗ് ബോസിനോട് പറഞ്ഞു. എന്നാല്‍ നോമിനേഷനില്‍ വന്നാലും പ്രേക്ഷകരല്ലേ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന് ഷാജി ആര്യയെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് ആര്യ ഇരുവരുടെയും നോമിനേഷനായി ഷാജിയുടെ പേര് പറയുകയായിരുന്നു. തന്റെ മനസിലെ ടൈറ്റില്‍ വിജയി അദ്ദേഹമാണെന്നും പ്രേക്ഷകര്‍ അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്യ കൂട്ടിച്ചേര്‍ത്തു. അവസാന തീരുമാനമാണോ എന്ന് ഒരിക്കല്‍ക്കൂടി ചോദിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ബിഗ് ബോസ് ഈ നോമിനേഷന്‍ സ്വീകരിച്ചത്.