Asianet News MalayalamAsianet News Malayalam

ഗായകനായി രജിത്, ചിയര്‍ ഗേളായി ആര്യ; ഇനി 'ടീം സരസു' നയിക്കും

രഘുവിന്റെ ഗെയിം സ്ട്രാറ്റജിയാണ് ഇതില്‍ ഏറ്റവും നിഗൂഢതകള്‍ നിറഞ്ഞത്. രജിത്തിനൊപ്പം നില്‍ക്കുന്നു. അതേസമയം അമൃത-അഭിരാമി സഹോദരിമാരെ ഒപ്പംനിര്‍ത്തി വേറൊരു ടീം ഉണ്ടാക്കുന്നു. നിരന്തരം ആര്യയെയും ആര്യയുടെ ഒപ്പം നില്‍ക്കുന്നവരെയും രഘു കുറ്റം പറയുന്നു. തിരിച്ചുവരവില്‍ മറ്റൊരു സാബുവാകാനാണ് രഘു അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത്.
 

team sarasu in bigg boss review by sunitha devadas
Author
Thiruvananthapuram, First Published Mar 10, 2020, 3:57 PM IST

ബിഗ് ബോസ് വീട്ടില്‍ ഇന്നലെ മുതല്‍ പുതിയ കളികളാണ്. ഇന്നലെ നമ്മള്‍ കണ്ട ഒരു രംഗം രജിത് കുമാര്‍ പാട്ട് പാടുന്നു. ആര്യ കയ്യടിക്കുന്നു എന്നതാണ്. ഒറ്റയ്ക്ക് കളിച്ചിരുന്ന രജിത് കുമാറിനെ ഇപ്പോള്‍ രഘുവും അഭിരാമിയും അമൃതയും സുജോയും കൂടി ശരിക്കും കുരങ്ങ് കളിപ്പിക്കുകയാണ്. രജിത് കുമാറിനെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് അവരുള്‍പ്പെടുന്ന ടീമിന്റെ ലീഡറാണ് രജിത് കുമാര്‍ എന്നാണ്. കഴിഞ്ഞ ദിവസം രജിത് കുമാര്‍ പറയുന്നുണ്ട്, നമ്മള്‍ അഞ്ചു പേര് നന്മയുടെ പ്രതീകമായി, ടീമായി നില്‍ക്കണം എന്നൊക്കെ. എന്നാല്‍ ഇവര്‍ ശരിക്കും രജിത് കുമാറിനെ മുന്നില്‍ നിര്‍ത്തി സ്ട്രാറ്റജിക് ഗെയിം കളിക്കുകയാണ്. ഈ അഞ്ച് പേരെ ഒരു വിഭാഗം പ്രേക്ഷകര്‍ വിളിക്കുന്നത് 'ടീം സരസു' എന്നാണ്. സാന്ദ്ര, അമൃത, രജിത്, രഘു, അഭിരാമി സുജോ എന്നിവരാണ് 'സരസു'. ആര്യ, മഞ്ചു, വീണ എന്നിവരെ ചേര്‍ത്ത് മുന്‍പ് പ്രേക്ഷകര്‍ 'ടീം അരിമാവ്' എന്ന് പറയാറുണ്ടായിരുന്നു.

team sarasu in bigg boss review by sunitha devadas

 

ഈ 'സരസു ടീം' ഇപ്പോള്‍ ആര്യയുടെ സെലിബ്രിറ്റി ടീം ചെയ്തിരുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ ആര്യയും കൂട്ടരും കഴിഞ്ഞ അന്‍പത് ദിവസം ചെയ്തതാണ് ഇപ്പോ ടീം സരസു ചെയ്യുന്നത്. അതെന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. നോമിനേഷന്‍ ചര്‍ച്ച ചെയ്യുന്നത് ബിഗ് ബോസ് നിയമങ്ങള്‍ക്ക് എതിരായിട്ടും രജിത്തിന്റെ നേതൃത്വത്തില്‍ ടീം സരസു നോമിനേഷന്‍ ചര്‍ച്ചകള്‍ നടത്തുന്നു. പാഷാണം ഷാജി, ആര്യ, ഫുക്രു, രേഷ്മ, ദയ എന്നിവരെ എങ്ങനെ പുറത്താക്കാം എന്ന് പ്ലാന്‍ ചെയ്യുന്നു.

2. ആര്യയും പാഷാണം ഷാജിയും ഫുക്രുവും ഇനിയൊരിക്കലും കാപ്റ്റന്‍ ആയി വരരുതെന്ന് ഇവര്‍ കൂട്ടായും ഒറ്റയ്ക്കും ചര്‍ച്ച ചെയ്യുന്നു.

3. ലിവിങ് റൂമിലൊക്കെ ഇരുന്നുകൊണ്ട് ഇവിടെ രജിത് കുമാറിനെ ഇരിക്കാന്‍ അനുവദിക്കില്ലായിരുന്നു, ഇപ്പോള്‍ നമ്മള്‍ ശക്തരായി, ഇനി ഇരിക്കാം, രജിത്തിന് ഇപ്പോള്‍ ഗുണ്ടകള്‍ ഉണ്ട് എന്നൊക്കെയുള്ള അമൃതയുടെയും സരസു ടീമിന്റെയും വില കുറഞ്ഞ ചര്‍ച്ചകള്‍.

4. രജിത് കുമാര്‍ ഇല്ലാത്ത സമയത്ത് സുജോയും അമൃതയും അഭിരാമിയും രജിത്തിനെ ചൊറിയന്‍ എന്നും മറ്റും പറഞ്ഞുകൊണ്ട് പരിഹസിക്കുന്നതില്‍ നിന്നും ഇവര്‍ക്ക് രജിത് കുമാറിനോടുള്ള യഥാര്‍ത്ഥ അഭിപ്രായം പുറത്തു വരുന്നു.

5. രഘു, രജിത് കുമാറിനെച്ചൊല്ലി ദയയുമായും അമൃതയും അഭിരാമിയും രജിത് കുമാറിന് വേണ്ടി വീണയോടും സുജോ രജിത് കുമാറിന് വേണ്ടി എന്ന പോലെ വീണയോടും അടിയുണ്ടാക്കുന്നു. ശരിക്കും ഇവര്‍ ഇതുവഴി രജിത് കുമാറിനെ പ്രതിരോധത്തില്‍ ആക്കുകയാണ് ചെയ്യുന്നത്. അഭിരാമിയും അമൃതയും രഘുവും സുജോയും അലസാന്‍ഡ്രയും രജിത് കുമാറിനൊപ്പം ചേര്‍ന്നതോടെ കളിയും രജിത് കുമാറിന്റെ കളിയുടെ രീതിയും ഒക്കെ മാറിക്കഴിഞ്ഞു.

team sarasu in bigg boss review by sunitha devadas

 

വീട്ടില്‍ തികച്ചും ഒറ്റപ്പെട്ട്, ഒറ്റയ്ക്ക് സംസാരിച്ചു നടന്നിരുന്ന രജിത് കുമാര്‍ ഇപ്പോള്‍ ടീം സരസുവിന്റെ പരദൂഷണ ഗ്യാങ്ങിന്റെ കാപ്റ്റനായി. ആര്യയെക്കുറിച്ചും സെലിബ്രിറ്റി ഗ്യാങ്ങിനെക്കുറിച്ചും പ്രേക്ഷകര്‍ പറഞ്ഞിരുന്ന ഏറ്റവും വലിയ പരാതി അവര്‍ ഗ്യാങ്ങായി ഒത്തു കളിക്കുന്നുവെന്നും പരദൂഷണം പറയുന്നുവെന്നതുമാണ്. എന്നാല്‍ അതുതന്നെയാണ് ഇപ്പോള്‍ ടീം സരസു രജിത് കുമാറിന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. നന്മയുടെയും ദൈവത്തിന്റെയും അവതാരം എന്ന് പറഞ്ഞു നടക്കുന്ന രജിത് കുമാര്‍ ഇപ്പോള്‍ ചെയ്യുന്നത് മുഴുവന്‍ നെഗറ്റീവ് കാര്യങ്ങളാണ്. ആര്യയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സെലിബ്രിറ്റി ടീം ആയിരുന്നു ഇത്ര നാളും അവിടെ ശക്തര്‍. എന്നാല്‍ ഇപ്പോള്‍ ശക്തര്‍ രജിത് കുമാറിന്റെ സരസു ടീമാണ്. എന്നാല്‍ രജിത് കുമാറിന്റെ സരസു ടീം ശക്തമായപ്പോള്‍ രജിത് കുമാര്‍ വ്യക്തി എന്ന നിലയിലും മത്സരാര്‍ത്ഥി എന്ന നിലയിലും ദുര്‍ബലനായി.

രഘുവിന്റെ ഗെയിം സ്ട്രാറ്റജിയാണ് ഇതില്‍ ഏറ്റവും നിഗൂഢതകള്‍ നിറഞ്ഞത്. രജിത്തിനൊപ്പം നില്‍ക്കുന്നു. അതേസമയം അമൃത-അഭിരാമി സഹോദരിമാരെ ഒപ്പംനിര്‍ത്തി വേറൊരു ടീം ഉണ്ടാക്കുന്നു. നിരന്തരം ആര്യയെയും ആര്യയുടെ ഒപ്പം നില്‍ക്കുന്നവരെയും രഘു കുറ്റം പറയുന്നു. തിരിച്ചുവരവില്‍ മറ്റൊരു സാബുവാകാനാണ് രഘു അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത്. എന്നാല്‍ സാബുവിന്റെ റേഞ്ചിന്റെ ഏഴയലത്ത് രഘു എത്തുന്നുമില്ല. ദയയുമായി രഘു ഉണ്ടാക്കിയ അടിയൊക്കെ രജിത് കുമാറിന് വേണ്ടിയാണെന്ന് രഘു നടിക്കുമ്പോഴും ആ അടി കൊണ്ട് ഏറ്റവും ക്ഷീണമുണ്ടാക്കിയത് രജിത് കുമാറിന് തന്നെയാണ്. ബിഗ് ബോസ് സഹോദരിമാരാണെങ്കില്‍ എല്ലാവരെയും കുറ്റം പറയുകയും എല്ലാവരെയും രജിത് കുമാരില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. നിരന്തരം ആര് ആരെ കുറ്റം പറഞ്ഞാലും അത് അരോചകമാണ്. കാരണം പ്രേക്ഷകര്‍ക്ക് എല്ലാവരെക്കുറിച്ചും തങ്ങളുടേതായ ഒരു ധാരണയുണ്ട്.

team sarasu in bigg boss review by sunitha devadas

 

സുജോയും അലസാന്‍ഡ്രയും കളിക്കുന്നത് മറ്റൊരു സ്ട്രാറ്റജി. പരസ്പരം എന്തോ പ്രശ്‌നമുണ്ടെന്ന് എല്ലാവരോടും രണ്ടാളും നടന്നു പറയുന്നുണ്ട്. എന്നാല്‍ ഇരുവരും ഇപ്പോള്‍ ചെയ്യുന്നതും അവരുടെ പുതിയ ഗെയിം സ്ട്രാറ്റജി മാത്രമാണെന്ന് അവരെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ അറിയാം. എങ്ങനെയും ഗെയിമില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് രണ്ടുപേരും. ചുരുക്കി പറഞ്ഞാല്‍ ഇതുവരെ ആര്യ ടീമിനെക്കുറിച്ച് പറഞ്ഞതൊക്കെ ഇനി പ്രേക്ഷകര്‍ക്ക് ടീം സരസുവിനെക്കുറിച്ച് പറയാം. ഇനി ആ വീട്ടില്‍ ഒറ്റപ്പെടാന്‍ പോകുന്നത് ആര്യയാണ്. ആര്യയ്ക്ക് രജിത് കുമാറിന്റെ വിക്ടിം പ്ലേയിലേക്കും മാറാം.

കളി മാറിയത് ഇങ്ങനെയാണ്

രജിത് കുമാര്‍ പട്ടു പാടുന്നു: ആര്യ ചിയര്‍ ഗേളാവുന്നു.

രജിത് കുമാറും കൂട്ടരും പരദൂഷണം പറയുന്നു: എതിര്‍ ടീമിനോട് പ്രേക്ഷകര്‍ക്ക് സഹതാപമുണ്ടാവുന്നു.

അമൃതയും അഭിരാമിയും എല്ലാവരെയും കുറ്റം പറയുന്നു, വെറുപ്പിക്കുന്നു: ഇതുവരെ മറ്റുള്ളവരെ കുറ്റം പറഞ്ഞിരുന്ന ആര്യയും മറ്റും വിശുദ്ധരാവുന്നു.

team sarasu in bigg boss review by sunitha devadas

 

രഘു രജിത്തിന് വേണ്ടിയെന്നപോലെ പലരോടും അടിയുണ്ടാക്കുന്നു: രജിത് അതിനുമുന്നില്‍ നിശ്ശബ്ദനാവുന്നു: അത് രജിത് കുമാറിന് പ്രേക്ഷകര്‍ക്കിടയില്‍ ക്ഷീണമുണ്ടാക്കുന്നു.

സുജോ ടാസ്‌ക്കുകളില്‍ രജിത് കുമാറിനെ ജയിപ്പിക്കാനെന്ന വ്യാജേന അടിപിടിയുണ്ടാക്കുന്നു: രജിത് കുമാര്‍ അടിപിടി ടീമിന്റെ നേതാവാകുന്നു, രഘുവും അഭിരാമിയും അമൃതയും സുജോയും അലസാന്ദ്രയും തന്നെ സ്‌നേഹിച്ചു തലയില്‍ എടുത്തു വച്ചിരിക്കുകയാണെന്നു കരുതി രജിത് കുമാര്‍ ഇവരെ തലയില്‍ കയറ്റി വച്ചിരിക്കുന്നു.

മണ്ണും ചാരി നിന്നവര്‍ കപ്പും കൊണ്ട് പോകുമോ എന്നും കണ്ടറിയണം. ഇപ്പോഴത്തെ അവസ്ഥയില്‍ രജിത് കുമാറും രഘുവും സിസ്റ്റേഴ്‌സും സുജോയും അലസാന്ദ്രയും ഫൈനലില്‍ എത്തുമെന്നാണ് ടീം സരസു കണക്കു കൂട്ടുന്നത്. അതിനുള്ള കളികളാണ് അവര്‍ നടത്തുന്നത്. അതിലെ വെറുമൊരു കരുവായി രജിത് കുമാര്‍ മാറിക്കഴിഞ്ഞു. 

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios