ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ എലിമിനേഷനിലൂടെ ഈ വാരാന്ത്യത്തില്‍ പുറത്തായത് തെസ്‌നി ഖാന്‍ ആയിരുന്നു. പതിവില്‍നിന്ന് വ്യത്യസ്തമായി ശനിയാഴ്ചയായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. എലിമിനേഷന്‍ പ്രഖ്യാപനം കേട്ടപ്പോഴും ഹൗസില്‍നിന്നും പുറത്തിറങ്ങുമ്പോഴും തെസ്‌നി സമചിത്തത കൈവിട്ടില്ലെങ്കിലും മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്ക് എത്തിയപ്പോള്‍ അവര്‍ ഒരു വേള വിതുമ്പി. ഒരു മാസമൊക്കെ നില്‍ക്കാനാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഇതുതന്നെ വലിയ കാര്യമായാണ് കാണുന്നതെന്നും അവര്‍ മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.


'ഒരുപാട് സന്തോഷമുണ്ട് ലാലേട്ടാ. ഭയങ്കര എക്‌സ്പീരിയന്‍സ് ആയിരുന്നു കേട്ടോ അതിനകത്ത്. ഇനി വരുന്ന ബിഗ് ബോസ് സീസണില്‍ പങ്കെടുത്തേ പറ്റൂ ആരായാലും ഇതില്‍ (സദസ്സില്‍ ഉണ്ടായിരുന്നവരോട്). അത്രയ്ക്ക് രസമാണ് അതിനകത്ത്. ഇപ്രാവശ്യത്തെ സീസണ്‍ അടിപൊളിയായിരുന്നു കേട്ടോ. പറയാതിരിക്കാന്‍ വയ്യ. നല്ല ചുണക്കുട്ടികളുണ്ട് അവിടെ. എപ്പോഴും പാട്ടും മേളവും.. ഭയങ്കര ലൈവ് ആണ് അവിടെ. (പുറത്തേക്ക്) വന്നതില്‍ ഒരുപാട് സങ്കടമുണ്ട് എനിക്ക്. പക്ഷേ വന്നേ പറ്റൂ അല്ലേ? ഗെയിം അല്ലേ.. അതുകൊണ്ട് വന്നു', തെസ്‌നി പറഞ്ഞു.

 

ഇത്രയും ദിവസം നില്‍ക്കാന്‍ സാധിക്കുമെന്ന് വിചാരിച്ചിരുന്നോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ.. 'സത്യമായിട്ടും ലാലേട്ടാ, എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം എന്റെ ജൂനിയേഴ്‌സ് ആയിരിക്കും മിക്ക കുട്ടികളും. അപ്പോള്‍ അവരുടെ കൂടെ എനിക്ക് ഒരാഴ്ചയെങ്കിലും നില്‍ക്കാന്‍ പറ്റുമോ എന്ന് സംശയം തോന്നിയിരുന്നു. പക്ഷേ ഒരു മാസം നിന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട് ലാലേട്ടാ. ഇത്രയും പറ്റിയല്ലോ എന്നെക്കൊണ്ട്. എനിക്ക് ആരോടും ഉച്ചത്തില്‍ സംസാരിക്കാനോ ആരെയും വിഷമിപ്പിക്കുന്ന രീതിയില്‍ സംസാരിക്കാനോ അറിയില്ല. എല്ലാവരും എന്റെയടുത്ത് പറയും തെസ്‌നിയേച്ചി ഒന്ന് ചൂടാവ്, ചടാവ് എന്ന്. ഞാന്‍ ചൂടായിക്കഴിയുമ്പൊ ഫുക്രുവൊക്കെ പിന്നില്‍നിന്ന് എന്തെങ്കിലും കാണിച്ചാല്‍ എനിക്ക് ചിരി വന്നുപോകും. നേരെമറിച്ച് ഒരു സിനിമയില്‍ എന്നോട് ചൂടാവാന്‍ പറഞ്ഞാല്‍ ഞാന്‍ ചൂടാവും. അത് അഭിനയമാണെന്ന് എനിക്കറിയാം', തെസ്‌നി ഖാന്‍ പറഞ്ഞു.

തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളം നീണ്ടുനിന്ന തെസ്‌നി ഖാന്റെ ബിഗ് ബോസ് ജീവിതം ചിത്രീകരിച്ച വീഡിയോ മോഹന്‍ലാല്‍ വേദിയില്‍ പ്ലേ ചെയ്തു. അത് കണ്ടതിന് ശേഷം എന്ത് തോന്നുന്നുവെന്നും ചോദിച്ചു. ഇപ്പോള്‍ സങ്കടം വരുന്നുവെന്നായിരുന്നു വിതുമ്പലോലെ തെസ്‌നിയുടെ മറുപടി. അകത്തുള്ളവര്‍ക്കും സങ്കടം ഉണ്ടാവുമോ എന്ന ചോദ്യത്തിന് 'ഉണ്ടാവും' എന്നായിരുന്നു മറുപടി. എന്നാല്‍ ആശ്വാസ വാക്കുകളുമായാണ് മോഹന്‍ലാല്‍ ഇതിനോട് പ്രതികരിച്ചത്. 'ഇതൊരു മത്സരമല്ലേ, അങ്ങനെ ചിന്തിച്ചാല്‍ പോരേ?', മോഹന്‍ലാല്‍ ചോദിച്ചു. തുടര്‍ന്ന് തെസ്‌നിക്കൊപ്പം ഒരു ഫോട്ടോയും എടുത്താണ് മോഹന്‍ലാല്‍ അവരെ വേദിയില്‍നിന്ന് അയച്ചത്.