രസകരമായൊരു മോണിംഗ് ആക്ടിവിറ്റിയാണ് മത്സരാര്‍ഥികള്‍ക്കായി ബിഗ് ബോസ് ഇന്ന് മുന്നോട്ട് വച്ചത്. 'ബിഗ് ബോസ് ഹൗസില്‍ എങ്ങനെയൊക്കെ പ്രശസ്തരാവാം' എന്നതിനെക്കുറിച്ച് ഓരോരുത്തരും സംസാരിക്കാനായിരുന്നു നിര്‍ദേശം. ഇതുപ്രകാരം തെസ്‌നി ഖാന്‍ ആണ് ആദ്യം സംസാരിച്ചത്. ബിഗ് ബോസ് ഹൗസില്‍ നമ്മള്‍ നമ്മളായിത്തന്നെ തുടരണമെന്ന് പറഞ്ഞുകൊണ്ടാണ് തെസ്‌നി സംസാരം ആരംഭിച്ചത്. എന്നാല്‍ അവസാനം മറ്റുള്ളവരുടെ ചര്‍ച്ചകള്‍ക്ക് ശേഷം ക്രോഡീകരിച്ച് ബിഗ് ബോസ് ഹൗസില്‍ പ്രശസ്തരാവാനുള്ള അഞ്ച് വഴികളെക്കുറിച്ചും തെസ്‌നി രസകരമായി സംസാരിച്ചു. 

'നമ്മള്‍ നമ്മളായിത്തന്നെ നില്‍ക്കണം എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അഭിനയമല്ല ഇവിടെ വേണ്ടത്. അഭിനയിക്കുന്നവര്‍ ഉണ്ടാവാം. ബിഗ് ബോസ് വീട്ടിലെ അഭിനയം പെട്ടെന്ന് കണ്ടുപിടിക്കാന്‍ പറ്റില്ല. പക്ഷേ അഭിനയിക്കുന്നവര്‍ എത്രയായാലും കുറേക്കഴിയുമ്പോള്‍ അവരുടെ യഥാര്‍ഥ സ്വഭാവം കണ്ടുപിടിക്കാന്‍ പറ്റും. മാറി മിണ്ടാതിരുന്നാല്‍ ആരും ശ്രദ്ധിക്കില്ല. അനാവശ്യമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ പ്രശസ്തരാവും', തെസ്‌നി പറഞ്ഞു.

ചര്‍ച്ചയ്‌ക്കൊടുവില്‍ ബിഗ് ബോസ് ഹൗസില്‍ പ്രശസ്തരാവാന്‍ തെസ്‌നി പറഞ്ഞ അഞ്ച് വഴികള്‍ ഇവയാണ്- ഗോഷ്ടി കാണിച്ച് പ്രശസ്തി നേടാം, കോമഡി പറഞ്ഞ് പ്രശസ്തി നേടാം, കരഞ്ഞ് സിമ്പതി പിടിച്ചുപറ്റി പ്രശസ്തി നേടാം, പാട്ട് പാടി പ്രശസ്തി നേടാം, അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കിയും പ്രശസ്തി നേടാം', തെസ്‌നി പറഞ്ഞു. സുരേഷും ഫുക്രുവുമാണ് ഈ ചര്‍ച്ചയില്‍ സജീവമായി അഭിപ്രായം പറഞ്ഞ മറ്റ് രണ്ടുപേര്‍. രജിത് ശ്രദ്ധ നേടാന്‍ ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് സുരേഷ് പറഞ്ഞത് വലിയ ബഹളത്തിലേക്ക് നീങ്ങിയിരുന്നു. ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരാളെ സപ്പോര്‍ട്ട് ചെയ്തും പ്രശസ്തി നേടാമെന്നായിരുന്നു ഫുക്രുവിന്റെ അഭിപ്രായം. രജിത്തിനെ ചിലപ്പോഴൊക്കെ സപ്പോര്‍ട്ട് ചെയ്യുന്ന പരീക്കുട്ടിയെയാണ് ഫുക്രു ഉദ്ദേശിച്ചത്.