ബിഗ് ബോസ് വീണ്ടും സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലേക്ക് കടക്കുകയാണ്. എട്ടാം ആഴ്ചയുടെ അന്ത്യത്തില്‍ മോഹന്‍ലാല്‍ നല്‍കിയ സൂചനകളെല്ലാം അതിലേക്ക് തന്നെയാണ് വിരള്‍ ചൂണ്ടുന്നത്. കണ്ണുരോഗത്തോടെ ശുശ്കമായ ബിഗ് ബോസ് വീട് ഓരോ ആഴ്ച കഴിയുന്തോറും സജീവമായിക്കൊണ്ടിരുന്നു. ആദ്യം തിരിച്ചെത്തിയ പവന്‍ നടുവേദന മൂലം സ്വയം പുറത്തേക്ക് പോയി. പിന്നാലെ വീണ്ടും ശുശ്കമായ ദിവസങ്ങള്‍. അമ്പതാം ദിവസത്തില്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ കൂടുതല്‍ ആളനക്കമുണ്ടായി. പാട്ടുകാരായ രണ്ട് സഹോദരിമരായ അമൃത സുരേഷും അഭിരാമി സുരേഷും വീട്ടിലെത്തി. ഒപ്പം തന്നെ നേരത്തെ കണ്ണു രോഗം മൂലം പുറത്തേക്ക് പോയ രഘുവും അലസാന്‍ഡ്രയും സുജോയും. ഇപ്പോഴിതാ മൂന്നുപേര്‍ കൂടി ബിഗ് ബോസിലേക്ക് തിരികെയെത്തുകയാണ്. 

നാടകീയമായിരുന്നു മൂവരുടെയും തിരിച്ചുവരവ്. എപ്പിസോഡിന്‍റെ ആദ്യം തന്നെ ദയയും രേഷ്മയും മോഹന്‍ലാലിനൊപ്പം വേദിയിലെത്തി. വീട്ടിലുള്ളവരുമായി സംസാരിക്കാന്‍ അവസരവും ലഭിച്ചു. കുറ്റങ്ങളും പരിഭവങ്ങളും സ്നേഹവും പങ്കുവച്ചുകൊണ്ടിരുന്ന ഇരുവരുടെയും അസുഖം പൂര്‍ണമായി മാറാത്തതിനാല്‍ തിരിച്ചയക്കുകയാണെന്ന് മോഹന്‍ലാല്‍ പറ‍ഞ്ഞു. അങ്ങനെ ഇരുവരും പുറത്തേക്ക് പോയി. പിന്നെ അകത്തെ വിശേഷങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം മോഹന്‍ലാലിന്‍റെ പിന്നില്‍ എലീനയെത്തി. ഫുക്രു ഞാന്‍ വന്നത് കണ്ടില്ലേയെന്ന് എലീന വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. പകച്ചുനില്‍ക്കുന്ന ഫുക്രുവിനെയായിരുന്നു എല്ലാവരും കണ്ടത്.

വീട്ടിലേക്ക് കയറിപ്പോയ എലീനയെ മോഹന്‍ലാല്‍ വീണ്ടും വിളിച്ചുവരുത്തി. കണ്ണിനുള്ള അസുഖമൊക്കെ മാറിയാണ് അവര്‍ എത്തിയിരിക്കുന്നത്.  നേരത്തെ വീട്ടിലുള്ളവര്‍ അറിയാതരിക്കാനാണ് തിരിച്ച് പറഞ്ഞയച്ചുവന്നൊക്കെ പറഞ്ഞത് എന്നുപറഞ്ഞ് അവരെ മോഹന്‍ലാല്‍ വീട്ടിലേക്കയച്ചു. അത്യാവേശത്തോടെയായിരുന്നു വീട്ടിലുള്ളവര്‍ മൂവരെയും സ്വീകരിച്ചത്. മിസ് ചെയ്തോ എന്ന എലീനയുടെ ചോദ്യത്തിന് ഇല്ലെന്ന് പറഞ്ഞ ഫുക്രുവിനെ കൂകി വിളിച്ചു പരിഹസിച്ചു.