ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ വ്യാഴാഴ്ച എപ്പിസോഡ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വീണ നായരും ജസ്ല മാടശ്ശേരിയും തമ്മിലുണ്ടായ ആശയസംഘട്ടനമായിരുന്നു അതിന് കാരണം. മതത്തിലെ യുക്തിരാഹിത്യത്തെക്കുറിച്ചുള്ള ജസ്ലയുടെ വാദത്തെ വീണ ചോദ്യം ചെയ്തതോടെയാണ് അത് വലിയ തര്‍ക്കത്തിലേക്ക് നീണ്ടുപോയത്. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം നടന്ന സമയത്ത് മറ്റംഗങ്ങള്‍ ഇടപെട്ടില്ലെങ്കിലും രംഗം തണുത്തതിന് ശേഷം വീണയോട് സംസാരിക്കാന്‍ പലരുമെത്തി. എലീന പടിക്കലും മഞ്ജു പത്രോസും ദയ അശ്വതിയും രഘുവുമൊക്കെ വീണയുടെ അടുത്തെത്തി. എന്നാല്‍ ജസ്ലയോട് നടന്ന തര്‍ക്കം വേണ്ടിയിരുന്നില്ലെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് വീണ അവരോടൊക്കെ പറഞ്ഞത്.

ALSO READ: വീണ നായരെ 'കുലസ്ത്രീ'യെന്ന് വിളിച്ച് ജസ്ല; അതൊക്കെ ഫേസ്ബുക്കില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് വീണ

തര്‍ക്കത്തിന്റെ കാരണം തനിക്ക് മനസിലായെന്നും എന്നാല്‍ ഇത്രയും വലിയ ബഹളത്തിലേക്ക് പോകേണ്ടിയിരുന്നില്ലെന്നും ആദ്യമെത്തിയ എലീന പടിക്കല്‍ വീണയോട് പറഞ്ഞു. 'ഒരു സാധാരണ സംഭാഷണത്തില്‍നിന്ന് പെട്ടെന്ന് ചൂടായതുപോലെയാണ് അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് തോന്നുക. പക്ഷേ കുഴപ്പമില്ല', എലീന പറഞ്ഞു. എന്നാല്‍ തന്റെ വിശ്വാസത്തെ ചോദ്യം ചെയ്താല്‍ പ്രയാസം തോന്നാറുണ്ടെന്നായിരുന്നു വീണയുടെ മറുപടി. 'ദൈവവിശ്വാസത്തെക്കുറിച്ചൊക്കെ പറയുമ്പോള്‍ എനിക്കങ്ങ് വല്ലാതാകും. അതൊക്കെ ഓരോ ആള്‍ക്കാരുടെ വ്യക്തിപരമായ ഇഷ്ടമല്ലേ? കേരളത്തില്‍ അവിശ്വാസികളായ ആളുകളുടെ എണ്ണം വളരെ കുറവായിരിക്കും. സ്ത്രീസമത്വമെന്ന് പറഞ്ഞ് കുറേയെണ്ണം ഇറങ്ങിയിട്ടുണ്ട്. ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാ ഇവര്‍ക്ക് വേണ്ടത്? അവരുടെ വിശ്വാസമാണ് ശരിയെന്ന് പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ച് കൊടുക്കില്ല. അത്രയേഉള്ളൂ', വീണ എലീനയോട് പറഞ്ഞു.

 

എന്നാല്‍ ആരും പൂര്‍ണ്ണരല്ലെന്നും ഒരാളുടെ ശരി മറ്റൊരാള്‍ക്ക് ശരിയാവണമെന്നില്ലെന്നുമായിരുന്നു വീണയോടുള്ള മഞ്ജുവിന്റെ അഭിപ്രായം. 'നമ്മുടെ ശരികള്‍ അവര്‍ക്ക് ശരികളാവണമെന്നില്ല, അവരുടെ ശരികള്‍ നമുക്കും ശരിയാവണമെന്നില്ല', മഞ്ജു പറഞ്ഞു. എന്നാല്‍ തനിക്കത് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു മഞ്ജുവിനോടുള്ള വീണയുടെ മറുപടി. അങ്ങനെയെങ്കില്‍ നമ്മള്‍ അവിടെപ്പോയി ഇരുന്നുകൊടുക്കരുതെന്ന് മഞ്ജുവും പറഞ്ഞു. എന്നാല്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തതെന്നും ജസ്ലയെ എന്നെങ്കിലും നേരിട്ട് കാണുമ്പോള്‍ പറയാനിരുന്നതേ പറഞ്ഞുള്ളുവെന്നും വീണ വ്യക്തമാക്കി.

ഹൗസിലെ ഏറ്റവുമടുത്ത സുഹൃത്ത് ആര്യയ്ക്കരികില്‍ നില്‍ക്കുന്ന വീണയെയാണ് എപ്പിസോഡില്‍ പിന്നീട് കണ്ടത്. എന്നാല്‍ ആര്യയ്ക്ക് പറയാനുള്ളത് മറ്റൊന്നായിരുന്നു. 'നീ ബാക്കി പറഞ്ഞത് ശരി, പക്ഷേ ഞാന്‍ നിന്നെ ഒറ്റയ്ക്ക് കിട്ടാന്‍ കാത്തിരിക്കുകയായിരുന്നെന്ന് പറഞ്ഞത്.. അത് അങ്ങനെ ചെയ്യരുതായിരുന്നു', ആര്യ പറഞ്ഞു. എന്നാല്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ എന്ത് പറഞ്ഞാലും, ഇവിടുന്ന് പോകേണ്ടിവന്നാലും താന്‍ തയ്യാറാണെന്നായിരുന്നു ആര്യയോടുള്ള വീണയുടെ മറുപടി.