ജസ്ല മാടശ്ശേരി എത്തിയതോടെ സമകാലികമായ പല വിഷയങ്ങളെക്കുറിച്ചും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും ബിഗ് ബോസ് ഹൗസ് വേദിയാവുന്നുണ്ട്. ലിംഗ സമത്വമാണ് ജസ്ല പ്രധാനമായും സംസാരിക്കുന്ന ഒരു വിഷയം. രജിത് കുമാറുമായുണ്ടാവുന്ന വാക്കുതര്‍ക്കങ്ങള്‍ ജസ്ല തന്റെ വാദഗതികള്‍ മൂര്‍ച്ഛയുള്ള ഭാഷയില്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍ തനിക്ക് എതിരഭിപ്രായങ്ങളുള്ള വിഷയങ്ങള്‍ ജസ്ല സംസാരിക്കുമ്പോള്‍ ആദ്യമൊക്കെ രജിത് പ്രതികരിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നു. എന്നാല്‍ ജസ്ല പറയുന്നതിനെ അംഗീകരിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ഒരു പുച്ഛഭാവം അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടാവാറുമുണ്ട്. ഇന്നത്തെ എപ്പിസോഡും അത്തരത്തിലുള്ള രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. എന്നാല്‍ കൗതുകകരമായ മറ്റൊരു അഭിപ്രായപ്രകടനവും ഇന്നത്തെ എപ്പിസോഡില്‍ ഉണ്ടായിരുന്നു. സ്ത്രീസമത്വത്തിനുവേണ്ടിയുള്ള ജസ്ലയുടെ വാദങ്ങളെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ള ചര്‍ച്ച നടന്നത് വീണ നായരുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ അത് ജസ്ലയുടെ സാന്നിധ്യത്തിലല്ലെന്ന് മാത്രം.

രജിത്തിന്റെ അഭിപ്രായപ്രകടനങ്ങളോടുള്ള തന്റെ വിയോജിപ്പ് അവിടെയുള്ള മറ്റുള്ളവരോട് സംസാരിക്കുകയായിരുന്നു ജസ്ല. ബഡ്‌റൂമില്‍ ആയിരുന്നു ഇത്. ജസ്ലയ്ക്കും രജിത്തിനുമൊപ്പം അവിടെയപ്പോള്‍ അലസാന്‍ഡ്ര, സുജോ, തെസ്‌നി, ഫുക്രു, രഘു എന്നിവരും ഉണ്ടായിരുന്നു. ഇതേസമയം പുറത്തിരിക്കുകയായിരുന്നു വീണ, ആര്യ, പ്രദീപ്, സാജു നവോദയ എന്നിവര്‍. ജസ്ല പറയുന്നത് കൃത്യമായി കേള്‍ക്കുന്നില്ലെങ്കിലും അവരുടെ സ്ത്രീസമത്വ വാദങ്ങളോടുള്ള തങ്ങളുടെ പ്രതികരണം പറയുകയായിരുന്നു അവര്‍.

 

ഇനി എന്ത് സമത്വമാണ് വേണ്ടത് എന്ന ചോദ്യത്തോടെ സാജു നവോദയയാണ് ആ ഗ്രൂപ്പിലെ ചര്‍ച്ച ആരംഭിച്ചത്. തുടര്‍ന്ന് വീണ അതേറ്റെടുക്കുകയായിരുന്നു. 'ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാണ് സ്ത്രീക്കും പുരുഷനും വേണ്ടത്? പാതിരാത്രിയില്‍ വഴിയിലിറങ്ങി നടക്കണോ? രാത്രി ആയാല്‍ എന്തിനാന്നേ ഈ പെണ്ണുങ്ങള് വഴിയിലിറങ്ങി നടക്കുന്നത്', പരിഹാസഭാവത്തില്‍ രോഷത്തോടെ വീണ ചോദിച്ചു. 'അല്ല, ഇറങ്ങി നടക്കാതിരിക്കാന്‍ ഇവിടെ ആരെങ്കിലും പിടിച്ചുവച്ചിട്ടുണ്ടോ' എന്നായിരുന്നു ആര്യയുടെ പ്രതികരണം. 'ആണുങ്ങളുടെകൂടെ കള്ള് കുടിക്കുന്നു, സിഗരറ്റ് വലിക്കുന്നു, രാത്രിയിലിറങ്ങി നടക്കുന്നു, ഇതില്‍ക്കൂടുതല്‍ എന്ത് സമത്വമാണ് പെണ്ണുങ്ങള്‍ക്ക് വേണ്ടത്, കുറേയെണ്ണങ്ങള് ഇറങ്ങിക്കോളും, സ്ത്രീസമത്വമെന്ന് പറഞ്ഞ്', ജസ്ലയെ ഉദ്ദേശിച്ച് വീണ പറഞ്ഞു. ജസ്ലയെ ഇങ്ങോട്ട് വിളിച്ചാല്‍ ഇതുപോലെയൊക്കെ പറയുമോ എന്നായിരുന്നു അഴിടെയുണ്ടായിരുന്ന പ്രദീപിന്റെ ചോദ്യം. 'എന്റെ മുന്നില്‍ ഇതൊന്ന് പറയാന്‍വേണ്ടി ഞാന്‍ കാത്തിരിക്കുകയാ', എന്നായിരുന്നു വീണയുടെ മറുപടി.

നേരത്തേ 'എങ്ങനെ വൈറല്‍ വീഡിയോകള്‍ സൃഷ്ടിക്കാം' എന്ന, ജസ്ലയ്ക്ക് ബിഗ് ബോസ് നല്‍കിയ ടാസ്‌കിന്റെ അവതരണത്തിനിടയിലും ജസ്ലയോടുള്ള അഭിപ്രായവ്യത്യാസം വീണ നായരും സാജു നവോദയയും പ്രകടിപ്പിച്ചിരുന്നു.