ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പുതിയ എപ്പിസോഡില്‍ എലിമിനേറ്റ് ചെയ്യപ്പെട്ട വീണ നായര്‍ക്ക് സഹമത്സരാര്‍ഥികളുട വികാരനിര്‍ഭരമായ യാത്രയയപ്പ്. എപ്പോഴും കരയുന്നയാളെന്ന് പലപ്പോഴും ആരോപണം ഏറ്റിട്ടുള്ള വീണ പക്ഷേ താന്‍ പുറത്താക്കപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ വൈകാരികമായി സന്തുലിതമായാണ് പ്രതികരിച്ചത്. വിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഏറ്റവുമടുത്ത സുഹൃത്ത് ആര്യയെ ആശ്വസിപ്പിക്കുന്ന വീണ ബിഗ് ബോസ് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന ഒരു ദൃശ്യമായിരിക്കും. ബിഗ് ബോസ് ഹൗസിനെ താന്‍ ഒരുപാട് മിസ് ചെയ്യുമെന്ന് പുറത്തിറങ്ങുംമുന്‍പ് ബിഗ് ബോസിലെ സുഹൃത്തുക്കളോടും പുറത്ത് വേദിയിലെത്തിയപ്പോള്‍ മോഹന്‍ലാലിനോടും വീണ പറഞ്ഞു. ഒപ്പം തന്റെ ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും ചുരുങ്ങിയ വാക്കുകളില്‍ വീണ മോഹന്‍ലാലിനോട് പറഞ്ഞു.

 

'അറുപത് ദിവസത്തിന് മുകളില്‍ വീട്ടിലെ ഉറ്റവരൊന്നുമില്ലാതെ ഒരിടത്ത് ഇങ്ങനെ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. പിന്നെ, എനിക്ക് ഇത്രയും ദേഷ്യമുണ്ടെന്ന് ഇവിടെ വന്നപ്പോഴാ മനസിലായത്. പക്ഷേ ഒരു കാര്യം എനിക്ക് മനസിലായി, എന്നെ ദേഷ്യം പിടിപ്പിക്കുന്ന ഒരു കാര്യം ഇങ്ങോട്ട് വന്നാലേ ഞാന്‍ ദേഷ്യം പിടിക്കൂ എന്ന കാര്യം. ആറേഴ് വര്‍ഷത്തിന് ശേഷം ഇവിടെ വന്നിട്ടാണ് ഞാന്‍ ദേഷ്യപ്പെടുന്നത്. പിന്നെ പെട്ടെന്ന് കരയുന്നത്.. നമ്മുടെ കൂട്ടത്തില്‍ തന്നെയില്ലേ അങ്ങനെയുള്ളവര്‍.. വിഷമം വരുമ്പോള്‍ പെട്ടെന്ന് കരഞ്ഞുപോകും. അത് നിയന്ത്രിക്കാന്‍ പരമാവധി ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുഞ്ഞിനെയും കണ്ണേട്ടനെയും ഭയങ്കര മിസ്സിംഗ് ആയിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ഒരാഴ്ചയായിട്ട്. സാധാരണ ഉള്ളതിനേക്കാള്‍ ഇന്ന് ഞാന്‍ പ്രിപ്പയേര്‍ഡ് ആയിരുന്നു. ഇന്ന് പോകുന്നത് ഞാനാണെന്ന് തോന്നിയിരുന്നു', വീണ പറഞ്ഞു.

പോകുംമുന്‍പ് മോഹന്‍ലാലിനൊപ്പം ലൈവ് സ്‌ക്രീനിലൂടെ ഹൗസിലെ പ്രിയപ്പെട്ടവരെ ഒരിക്കല്‍ക്കൂടി കണ്ടതിന് ശേഷമാണ് വീണ വേദി വിട്ടത്. താന്‍ പോയാല്‍ ആര്യയാവും ഏറ്റവും വിഷമിക്കുകയെന്നും രജിത്തിനും മറ്റുള്ള എല്ലാവര്‍ക്കും വിഷമം കാണുമെന്നും മോഹന്‍ലാലിന്റെ ചോദ്യത്തിന് മറുപടിയായി വീണ പറഞ്ഞു. ആര് പോയാലും ഹൗസില്‍ അവശേഷിക്കുന്നവര്‍ക്ക് വിഷമം തോന്നാറുണ്ടെന്നും. സ്‌ക്രീനില്‍ ഒരിക്കല്‍ക്കൂടി തനിക്കൊപ്പം ഇത്രദിവസം ഒരുമിച്ച് കഴിഞ്ഞവരെ കണ്ടപ്പോള്‍ ഗ്രൂപ്പിസം ഒഴിവാക്കണമെന്നായിരുന്നു വീണയ്ക്ക് പറയാനുണ്ടായിരുന്നത്. ടാസ്‌കിന്റെ സമയത്ത് വഴക്ക് പിടിച്ചാലും അത് കഴിയുമ്പോള്‍ ഒരുമിക്കണമെന്നും വീണ പറഞ്ഞു. തുടര്‍ന്ന് വീണയുടെ പക്കല്‍ ഇനിയും ഉപയോഗിക്കാതെ അവശേഷിക്കുന്ന ജയില്‍ കാര്‍ഡ് ആര്‍ക്കെങ്കിലും നല്‍കുന്നുണ്ടോ എന്ന് മോഹന്‍ലാല്‍ ചോദിച്ചു. അത് പ്രിയസുഹൃത്ത് ആര്യയ്ക്ക് നല്‍കാനായിരുന്നു വീണയുടെ തീരുമാനം.

 

'ജയില്‍ കാര്‍ഡ് ഞാന്‍ ഉറപ്പായും ആര്യയ്ക്ക് തന്നേ കൊടുക്കൂ. കാരണം രജിത്തേട്ടന്‍ ഇപ്പോള്‍ അവിടെ സേഫ് ആണെന്ന് എനിക്കിപ്പോള്‍ നൂറ് ശതമാനം ഉറപ്പുണ്ട്. രജിത്തേട്ടന്‍ പോവില്ല ജയിലില്. ഇനി അക്കൂട്ടത്തില്‍ ജയിലില്‍ പോവാന്‍ സാധ്യതയുള്ളത് ആര്യയ്ക്കാണ്. കാരണം വലിയ ടാസ്‌കുകളൊക്കെ വരുമ്പോള്‍ അവള്‍ പിന്നിലാവാന്‍ സാധ്യതയുണ്ട്. ഇക്കൂട്ടത്തില്‍ എനിക്ക് ഏറ്റവും സേഫ് ആവണമെന്ന് ആഗ്രഹമുള്ളതും അവള്‍ തന്നെയാണ്. അതുകൊണ്ട് അവള്‍ക്ക് കാര്‍ഡ്. ലവ് യൂ ആര്യ', വീണ പറഞ്ഞുനിര്‍ത്തി.