ഓരോ ദിവസവും വ്യത്യസ്‍ത ടാസ്‍ക്കുകളിലൂടെയും നിര്‍ദ്ദേശങ്ങളിലൂടെയും മുന്നോട്ടുപോകുകയാണ് ബിഗ് ബോസ്സിലെ മത്സരാര്‍ഥികള്‍. കടുപ്പമേറിയ ടാസ്‍ക്കുകളും പുറംലോകവുമായി ബന്ധവുമില്ലാത്ത ജീവിതവും ബിഗ് ബോസ് മത്സരാര്‍ഥികളില്‍ സംഘര്‍ഷമുണ്ടാക്കാറുണ്ട്. കയ്യാങ്കളിയോളമെത്തുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ബിഗ് ബോസ്സിലുണ്ടായിട്ടുമുണ്ട്. അങ്ങനെയുള്ള ബുദ്ധിമുട്ടേറിയ രംഗങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന വിഷമത്തിലായിരുന്നു വീണ. അക്കാര്യത്തെ കുറിച്ച് ബിഗ് ബോസ് ചോദിച്ചപ്പോഴാകട്ടെ വീണ പൊട്ടിക്കരയുകയും ചെയ്‍തു.

ക്യാപ്റ്റൻസി ടാസ്‍ക്കുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാൻ ബിഗ് ബോസ് വീണയെ വിളിപ്പിക്കുകയായിരുന്നു. എന്താണ് വിഷമത്തിലെന്ന പോലെ കാണുന്നത് എന്ന് ബിഗ് ബോസ് ചോദിച്ചു. അപ്പോഴേക്കും വീണയ്‍ക്ക് കരച്ചില്‍ വരികയായിരുന്നു. തനിക്ക് പറ്റുന്നില്ല ബിഗ് ബോസ് എന്ന് വീണ പറഞ്ഞു. പൊട്ടിക്കരഞ്ഞ വീണ തന്നെ അലട്ടുന്ന കാര്യങ്ങള്‍ വ്യക്തമാകുകയായിരുന്നു. താൻ ഇനി ഇവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ തീരെ മനുഷ്യത്വമില്ലാതാകും ബിഗ് ബോസ് എന്ന് വീണ പറഞ്ഞു. എല്ലാവരും അങ്ങനെയാണ് പറയുന്നത്. തന്നെ മന:പൂര്‍വം ടാര്‍ജറ്റ് ചെയ്യുന്നു. കഴിഞ്ഞ ദിവസം നടന്ന കാര്യം അത്രത്തോളം വഴക്കിലേക്ക് പോകേണ്ടിയിരുന്നില്ല. സാധാരണ ഇതിലും വലിയ പ്രശ്‍നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പറഞ്ഞു തീര്‍ക്കുകയാണ് പതിവ്. പക്ഷേ ഇപ്പോള്‍ അങ്ങനെ അല്ല. രജിത്തേട്ടൻ ഓടിയപ്പോള്‍ ഞാൻ ഡ്രസ്സിലാണ് പിടിച്ചത്. കയ്യിലാണ് പിടിച്ചത് എന്ന് പറഞ്ഞ് മന:പൂര്‍വം അമൃത ബഹളം വെച്ചു. എന്നെ ടാര്‍ജറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. രജിത്തേട്ടൻ വീണപ്പോള്‍ ഹെല്‍പ് ചെയ്യാൻ ശ്രമിച്ചപ്പോഴും എന്നെ കുറ്റക്കാരിയാക്കാനാണ് ശ്രമിച്ചത്. ഒരുപക്ഷേ ഇത് ചെറിയ കാര്യമായിരിക്കും. തന്നെ സംബന്ധിച്ചിടത്തോളം ടാസ്‍ക് കഴിയുമ്പോഴത്തേയ്‍ക്കും എന്ന് പറഞ്ഞ് വീണ വീണ്ടും പൊട്ടിക്കരഞ്ഞു. വീണ പറഞ്ഞതുപോലെ തന്നെ ഇതൊരു നിസ്സാര പ്രശ്‍നമാണ് തളരാതിരിക്കുകയെന്നാണ് ബിഗ് ബോസ് പറഞ്ഞത്.