ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും ശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് എലിമിനേഷനിലൂടെ ഇന്നലെ പുറത്തായത്- വീണ നായര്‍. അലസാന്‍ഡ്ര, പാഷാണം ഷാജി, സുജോ മാത്യു, അമൃത-അഭിരാമി എന്നിവരായിരുന്നു ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍. മറ്റുള്ളവര്‍ 'സേഫ്' ആയപ്പോള്‍ വീണ പുറത്താകുകയാണെന്ന് പ്രഖ്യാപനം വന്നു. ലിസ്റ്റിലുള്ള പല മത്സരാര്‍ഥികളേക്കാളും പുറത്താകാനുള്ള വീണയുടെ സാധ്യത കുറവായാണ് പ്രേക്ഷകരില്‍ പലരും കണക്കുകൂട്ടിയിരുന്നത്. വീണയ്‌ക്കൊപ്പം ഹൗസിലെത്തിയ പലരും കണ്ണിനസുഖം മൂലം ആഴ്ചകള്‍ മാറിനിന്നപ്പോള്‍ വീണ 63 ദിവസവും ഹൗസില്‍ പൂര്‍ത്തിയാക്കിയ മത്സരാര്‍ഥിയാണ്. അത്തരമൊരാള്‍ ആദ്യമായാണ് ബിഗ് ബോസിന് പുറത്ത് പോകുന്നത്. അടുത്ത സുഹൃത്തിന്റെ പുറത്താകലില്‍ ആര്യയാണ് ഏറ്റവും സങ്കടം പ്രകടിപ്പിച്ചത്. എവിക്ഷന്‍ വിവരമറിഞ്ഞ് കരച്ചിടലക്കാനാവാതെ നിന്ന ആര്യയെ വീണ പലതും പറഞ്ഞ് സമാധാനിപ്പിക്കുന്ന കാഴ്ച ബിഗ് ബോസ് പ്രേക്ഷകരുടെ മനസില്‍ നില്‍ക്കുന്ന ഒന്നാവും. 

വീണ പുറത്തായ വിവരം പ്രേക്ഷകര്‍ അറിഞ്ഞതിന് പിന്നാലെ വീണയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭര്‍ത്താവ് ആര്‍ ജെ അമന്‍ ഒരു കുറിപ്പ് എഴുതിയിട്ടിരുന്നു. 65 ദിവസങ്ങള്‍ പിരിഞ്ഞിരുന്നതിന്റെ ബുദ്ധിമുട്ടും ഉടന്‍ കാണാനാവും എന്നതിന്റെ ആഹ്ലാദവും പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റില്‍ ഇത്രകാലവും പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്കുള്ള നന്ദിയും അമന്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിനും മകനുമൊപ്പമുള്ള പുതിയ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് വീണയും അമനും. ഇരുവരും തങ്ങളുടെ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ആക്കിയിരിക്കുന്നത് ഒരേ ഫോട്ടോ ആണ്.

 

ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ഏതെങ്കിലും മത്സരാര്‍ഥിയുടെ കുടുംബാംഗങ്ങള്‍ അത്രമേല്‍ സുപരിചിതരാണെങ്കില്‍ അത് വീണ നായരുടേതായിരിക്കും. ഭര്‍ത്താവ് 'കണ്ണേട്ടനെ'ക്കുറിച്ചും മകന്‍ 'അമ്പുച്ചന്‍' എന്ന അമ്പാടിയെക്കുറിച്ചുമൊക്കെ വീണ പലപ്പോഴായി ബിഗ് ബോസ് ഹൗസില്‍ പറഞ്ഞിട്ടുണ്ട്. അവരെ പലപ്പോഴും മിസ് ചെയ്യുന്നതിനെക്കുറിച്ചും വീണ പറഞ്ഞിരുന്നു. ഒരിക്കല്‍ മത്സരാര്‍ഥികളെ അവരുടെ പ്രിയപ്പെട്ടവരുടെ ശബ്ദസന്ദേശം കേള്‍പ്പിച്ചിരുന്നു ബിഗ് ബോസ്. മകന്‍ അമ്പാടിയുടെ ശബ്ദം കേട്ട വീണ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ന് പ്രതികരിച്ചത്. ഹൗസില്‍ നിന്ന് പുറത്തെത്തി മോഹന്‍ലാലിനൊപ്പം വേദിയില്‍ നില്‍ക്കുമ്പോഴും വീണ പ്രിയപ്പെവരില്‍ നിന്നകന്ന് അറുപത് ദിവസത്തിന് മേല്‍ കഴിയേണ്ടിവന്നതിന്റെ അനുഭവം പങ്കുവപച്ചിരുന്നു.