ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ എപ്പിസോഡുകളില്‍ ഒന്നായിരുന്നു ഇന്നലത്തേത്. വീണ നായരും ജസ്ല മാടശ്ശേരിയും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് പ്രേക്ഷകരില്‍ ഭൂരിഭാഗത്തെയും രണ്ട് ചേരികളില്‍ ആക്കിയത്. മതങ്ങളിലെ യുക്തിരാഹിത്യത്തെക്കുറിച്ച് സംസാരിച്ച ജസ്ലയെ എതിര്‍ത്ത വീണ നായര്‍ വിശ്വാസികളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത്. സമൂഹത്തിലെ ബഹുഭൂരിപക്ഷവും വിശ്വാസികളാണെന്നും ഭൂരിപക്ഷമാണ് എല്ലായ്‌പ്പോഴും ജയിക്കുകയെന്നുമായിരുന്നു വീണയുടെ വാദം. സ്ത്രീസമത്വത്തിനുവേണ്ടി സംസാരിക്കുന്ന ജസ്ലയെ പലകുറി പരിഹസിക്കുകയും ചെയ്തിരുന്നു വീണ നായര്‍. എന്നാല്‍ ബിഗ് ബോസ് വേദിയില്‍ യാഥാസ്ഥിതികമായ നിലപാടുകള്‍ പറഞ്ഞ വീണ നായരുടെ ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ കൗതുകമുണര്‍ത്തുകയാണ്. കോളെജ് കാലത്ത് ഒരു സമരത്തിന് മുന്നില്‍ നില്‍ക്കുന്ന പത്രവാര്‍ത്തയുടെ പേപ്പര്‍ കട്ടിംഗ് മുന്‍പ് വീണ തന്നെ പോസ്റ്റ് ചെയ്തിരുന്നതാണ് ഇത്.

'പരീക്ഷയ്ക്ക് വിലക്ക്; സംഗീത കോളേജില്‍ സംഘര്‍ഷം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത കഴിഞ്ഞ ഡിസംബര്‍ രണ്ടിനാണ് വീണ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. പത്രവാര്‍ത്തയിലെ ചിത്രം സഹപാഠികള്‍ക്കൊപ്പം ഒരു പൊലീസ് ഓഫീസറോട് സംസാരിക്കുന്ന വീണയുടേതാണ്. തിരുവനന്തപുരം സംഗീത കോളെജ് വിദ്യാര്‍ഥിയും ചെയര്‍പേഴ്‌സണുമായിരുന്നു അവര്‍ അന്ന്. ആ പഴയ പത്ര കട്ടിംഗിനെക്കുറിച്ചുള്ള ഓര്‍മ്മയും വീണ പങ്കുവച്ചിട്ടുണ്ട്. അതിങ്ങനെ..

 

'സംഗീത കോളേജില്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന കാലത്തെ ഒരു പേപ്പര്‍ കട്ടിംഗ്. അന്ന് പ്രതീക്ഷിക്കാതെ എന്റെ കൂട്ടുകാര്‍ക്ക് വന്ന പരീക്ഷയുടെ വിലക്ക്. അത് ചോദ്യം ചെയുന്ന ഞാന്‍, അന്നത്തെ തമ്പാനൂര്‍ പോലീസ്സ്റ്റേഷന്‍ എസ് ഐ സര്‍ ആണെന്ന് തോന്നുന്നു. കൂടെ ജസ്റ്റിന്‍, നീരജ് രഞ്ജിത്ത് (ഇപ്പോള്‍ ഇത് അയച്ചുതന്ന മഹാന്‍). അന്നത്തെ തന്റേടം ഇന്നെനിക്കില്ല. കോളേജ് കാലഘട്ടത്തിലെ മറക്കാനാവാത്ത ഒരു ദിവസം. ആദ്യമായി അറസ്റ്റ് ചെയ്ത് പൊലീസ് വാനില്‍ കൊണ്ടുപോയതും തിരുവനന്തപുരം മൊത്തം കറക്കിയതും, തമ്പാനൂര്‍ പോലീസ്സ്റ്റേഷനില്‍ കൊണ്ടുപോയതും.. കാര്യമറിഞ്ഞ് ഞങ്ങളെ സഹായിക്കാനായി ഓടി വന്നു എം എ ബേബി സര്‍. സാറിനെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. അവസാനം അദ്ദേഹത്തിന്റെ ഓഫീസില്‍ ചര്‍ച്ചക്ക് ശേഷം എല്ലാം നല്ല രീതിയില്‍ അവസാനിപ്പിച്ചതും എല്ലാം ഓര്‍ക്കുന്നു. എന്നായാലും കാര്യങ്ങളൊക്കെ പറഞ്ഞ് ഒത്തു തീര്‍പ്പാക്കി പരീക്ഷയും എഴുതി എന്റെ കൂട്ടുകാര്‍. (കുറച്ചു വൈകിയാണേലും). വെറുതെ കണ്ടപ്പോള്‍ പോസ്റ്റ് ചെയ്യാന്‍ തോന്നി. സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു ഒപ്പം നിന്ന സുഹൃത്തുക്കള്‍ അധ്യാപകര്‍. ഒന്ന് പറഞ്ഞോട്ടേ എനിക്കു രാഷ്ട്രീയമില്ലാട്ടോ. അന്ന് കൈചൂണ്ടി സംസാരിച്ചത് അന്നത്തെ വിവരമില്ലായ്മ. ബഹുമാനിക്കുന്നു പൊലീസുകാരെയും..'