കടുത്ത മത്സരങ്ങളിലൂടെയാണ് ബിഗ് ബോസ്സിലെ ഓരോ മത്സരാര്‍ഥിയും പോയിക്കൊണ്ടിരിക്കുന്നത്. ടാസ്‍ക്കുകളില്‍ മികവ് കാണിക്കുന്നതിനു പുറമെ പ്രേക്ഷകരുടെ വോട്ടും പരിഗണിച്ചാണ് ഓരോ മത്സരാര്‍ഥിയും ബിഗ് ബോസ്സില്‍ നില്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഓരോ വാരാന്ത്യത്തിലുമാണ് എവിക്ഷൻ ഘട്ടം. ബിഗ് ബോസ്സില്‍ സജീവമായി പങ്കെടുത്തിരുന്ന വീണാ നായരാണ് ഇന്ന് പുറത്തായത്. വീണ പുറത്തായപ്പോള്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അവരുടെ ഭര്‍ത്താവ് കണ്ണൻ.

ബിഗ് ബോസ്സില്‍ വീണാ നായര്‍ പലതവണ പരാമര്‍ശിച്ചയാളാണ് കണ്ണൻ. ഭര്‍ത്താവിനെയും മകനെയും കുറിച്ച് വീണാ നായര്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിഗ് ബോസ്സിലെ മത്സരാര്‍ഥിയെന്ന പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കണ്ണൻ. വീണാ നായര്‍ക്ക് പിന്തുണയുമായി കണ്ണൻ പലവട്ടം രംഗത്ത് എത്തിയിട്ടുമുണ്ട്. ഇപ്പോള്‍ വീണാ നായരുടെ ഫേസ്ബുക്ക് പേജില്‍ നിന്നു തന്നെയാണ് കണ്ണൻ പ്രതികരണമറിയിച്ചിരിക്കുന്നത്. കുറച്ചുനാളായി കണ്ണനാണ് വീണാ നായരുടെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നത്.

കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ,

അങ്ങനെ ബിഗ്‌ബോസ് ഹൌസിൽ നിന്ന് 'എന്റെ പെണ്ണ്' പുറത്തേക്ക്. അൽപ്പം ദുഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങൾ ആയി ഞാൻ അവളോട്‌ സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്.

ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻ ബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനക്കു, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്കു😀, എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദി ❤️🙏😍.

പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ  പേജിൽ നിന്നു വിടവാങ്ങുന്നു. GOOD BYE 🙌✌️

ഒരിക്കൽക്കൂടി നന്ദി

എന്ന്‌ വീണയുടെ 'കണ്ണേട്ടൻ'

"ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) enoc പമ്പിൽ നിന്നാണ്  എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുന്പോട്ടുള്ളു. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം 😍"