ആദ്യ സീസണിനേക്കാള്‍ പ്രേക്ഷകപ്രീതിയില്‍ ഏറെ മുന്നിലെത്തിയ ബിഗ് ബോസിന്റെ പതിപ്പിനാണ് ഇന്നലെ അവസാനമായത്. ആദ്യ സീസണിനേക്കാള്‍ 'ആര്‍മികള്‍' എന്ന പേരില്‍ പല ബിഗ് ബോസ് താരങ്ങളുടെയും ആരാധകക്കൂട്ടായ്മകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമായിരുന്നു ഇത്തവണ. എന്നാല്‍ ചിലപ്പോഴെങ്കിലും തങ്ങളുടെ പ്രിയതാരങ്ങള്‍ക്കുള്ള സപ്പോര്‍ട്ടിന്റെ പേരില്‍ മറ്റ് താരങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ മര്യാദയുടെ സീമകള്‍ ലംഘിച്ചിട്ടുണ്ട്, സൈബര്‍ ആക്രമണത്തിന്റെ തലത്തിലേത്ത് നീങ്ങിയിട്ടുണ്ട്. പലപ്പോഴും അത്തരം ആക്രമണം നേരിടേണ്ടിവന്ന താരമായിരുന്നു ആര്യ. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നേരിടേണ്ടിവന്ന ആക്രമണത്തിന് പ്രതികരണമെന്നോണം ആര്യ നിമയവഴി തേടുകയാണോ? ആര്യ ഫേസ്ബുക്കിലിട്ട ഒരു കുറിപ്പാണ് അത്തരത്തില്‍ സൂചന നല്‍കുന്നത്.

 

'നമ്മുടെ സംസ്ഥാന സൈബര്‍ സെല്‍ വളരെ ശക്തമാണ്. നമ്മള്‍ അതില്‍ വിശ്വസിക്കുന്നു', എന്നാണ് ആര്യയുടെ കുറിപ്പ്. ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമുള്ള ആര്യയുടെ ആദ്യ ഫേസ്ബുക്ക് പോസ്റ്റ് ആണിത്. എന്നാല്‍ ഈ പോസ്റ്റിന് താഴെയും ഒരു വിഭാഗം പരിഹാസച്ചുവയുള്ള കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം 100 എപ്പിസോഡുകളില്‍ അവസാനിക്കേണ്ട ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന് 76 എപ്പിസോഡുകളില്‍ ഇന്നലെ അവസാനമായി. കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ ഷോ അടിയന്തിരമായി അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണെന്ന് ഹൗസില്‍ ഇന്നലെ അതിഥിയായി എത്തിയ മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് വിശദീകരിച്ചു. കൊവിഡ് 19 എത്രത്തോളം ജാഗ്രത ആവശ്യപ്പെടുന്ന മഹാമാരിയാണെന്നും 75 ദിവസങ്ങളായി പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ വിശദീകരിച്ചു. കൊവിഡ് മുന്‍കരുതലിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ഷോകള്‍ നില്‍ത്തുന്ന സാഹചര്യം വിശദീകരിച്ച് ബിഗ് ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ നേരത്തേ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഏഷ്യാനെറ്റും സാഹചര്യം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ അടക്കം 21 മത്സരാര്‍ഥികളാണ് സീസണ്‍ രണ്ടില്‍ പങ്കെടുത്തത്.