ബിഗ് ബോസ് ഹൗസിലെ അടുത്തയാഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുക്കാന്‍ വെള്ളിയാഴ്ച നടന്ന ക്യാപ്റ്റന്‍സി ടാസ്‌ക് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. വീണയും രജിത്തും ഫുക്രുവും പങ്കെടുത്ത ഗെയിമില്‍ രജിത് ഇടയ്ക്ക് സ്വയം പിന്മാറിയിരുന്നു. ഫുക്രുവാണ് അന്തിമ വിജയിയായതും ക്യാപ്റ്റന്‍ ആയതും. എന്നാല്‍ ആ ഗെയിമില്‍ രജിത്തിനെ വീണയും ഫുക്രുവും ചേര്‍ന്ന് അറ്റാക്ക് ചെയ്‌തെന്നും അത് ശരിയായില്ലെന്നും അഭിപ്രായമുള്ളവര്‍ ഹൗസില്‍ ഉണ്ടായിരുന്നു. രഘുവും സുജോയുമൊക്കെ ഇക്കാര്യം ഫുക്രുവിനോട് പറഞ്ഞപ്പോള്‍ ആര്യ വീണയോടും ഇക്കാര്യം പറഞ്ഞു.

എന്നാല്‍ മോഹന്‍ലാല്‍ പങ്കെടുത്ത ശനിയാഴ്ച എപ്പിസോഡില്‍ ഫുക്രു ഒരു വെളിപ്പെടുത്തല്‍ നടത്തി. രജിത്തിനെ ടാര്‍ഗറ്റ് ചെയ്ത് കളിക്കാന്‍ താനും വീണയും കളത്തിലിറങ്ങുന്നതിന് മുന്‍പ് പ്ലാന്‍ ചെയ്തിരുന്നു എന്നതായിരുന്നു അത്. മറ്റംഗങ്ങളും മോഹന്‍ലാലും അത്ഭുതത്തോടെയാണ് ഈ വെളിപ്പെടുുത്തല്‍ കേട്ടത്. നേരത്തേ നിങ്ങള്‍ പ്ലാന്‍ ചെയ്തിട്ടാണോ കളിച്ചതെന്ന് ഫുക്രുവിനോടും വീണയോടും മോഹന്‍ലാല്‍ ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തിനാണ് അത്തരത്തിലൊന്ന് നടന്നിരുന്നുവെന്ന് ഫുക്രു മറുപടി പറഞ്ഞത്.

 

പുള്ളിയെ ടാര്‍ഗറ്റ് ചെയ്യാന്‍ നേരത്തേ പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ കളത്തിലിറങ്ങിയപ്പോള്‍ താന്‍ അങ്ങനെയല്ല കളിച്ചതെന്നും ഫുക്രു പറഞ്ഞു. എന്നാല്‍ അത് തങ്ങള്‍ക്കുകൂടി തോന്നണ്ടേ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. രജിത്തിനെ ക്യാപ്റ്റനാക്കാതിരിക്കാന്‍ നടത്തിയ ഒരു നാടകമായി തങ്ങള്‍ ഇതിനെ കണ്ടോട്ടെ എന്നും ഇരുവരോടും മോഹന്‍ലാല്‍ തുടര്‍ന്ന് ചോദിച്ചു. രജിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് കാണാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്നും എന്നാല്‍ കളിക്കളത്തില്‍ മനപൂര്‍വ്വം ഉപദ്രവിച്ചിട്ടില്ലെന്നും വീണ പറഞ്ഞു. ചെയ്തത് തെറ്റായിപ്പോയെന്ന് പിന്നീട് തോന്നിയതുകൊണ്ടാണ് രജിത്തിനോട് പലവട്ടം ക്ഷമ ചോദിച്ചതെന്നും വീണ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ട് പേരും തന്നോട് ക്ഷമ പറഞ്ഞിരുന്നെന്നും ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലേ താനിത് എടുത്തിട്ടുള്ളുവെന്നുമായിരുന്നു മോഹന്‍ലാലിനോടുള്ള രജിത്തിന്റെ പ്രതികരണം.