ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഒരു മാസത്തോട് അടുക്കുമ്പോള്‍ പുതിയ എപ്പിസോഡുകളില്‍ കൂടുതല്‍ കൂടുതല്‍ അപ്രതീക്ഷിതത്വങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് ഈ സീസണില്‍ ഇതുവരെ ഉണ്ടായത്. കഴിഞ്ഞയാഴ്ച എത്തിയ ജസ്ല മാടശ്ശേരിയും ദയ അശ്വതിയും. എന്നാല്‍ ഇന്ന് പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാവുമെന്ന പ്രതീക്ഷ ഉണര്‍ത്തിയാണ് ശനിയാഴ്ച എപ്പിസോഡ് അവസാനിച്ചത്. 

അതേസമയം ഇന്നലെ നടന്ന തെസ്‌നി ഖാന്റെ എലിമിനേഷനും അപ്രതീക്ഷിതമായിരുന്നു. ബിഗ് ബോസില്‍ അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന ശനിയും ഞായറും എലിമിനേഷന്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കിലും കൂടുതല്‍ പുറത്താക്കലുകളും നടന്നിട്ടുള്ളത് ഞായറാഴ്ചകളിലാണ്. അതുകൊണ്ടുതന്നെ ഇന്നലെ അത്തരത്തിലൊരു പുറക്കാല്‍ മത്സരാര്‍ഥികളോ പ്രേക്ഷകരോ പ്രതീക്ഷിച്ചിരുന്നതല്ല. എപ്പിസോഡിന്റെ അവസാനം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ച ആറുപേരോട് എണീറ്റുനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം നാടകീയതകള്‍ ഒന്നുമില്ലാതെയായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. 

 

രജിത്, ആര്യ, രഘു, പ്രദീപ്, തെസ്‌നി ഖാന്‍, വീണ എന്നിവരായിരുന്നു കഴിഞ്ഞ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചവര്‍. അതില്‍ തെസ്‌നിയോട് മാത്രമാണ് എലിമിനേഷന്‍ സംഭവിച്ചാലുണ്ടാകാവുന്ന മാനസികാവസ്ഥയെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചത്. തെസ്‌നിയെക്കുറിച്ച് മറ്റുള്ളവരോടും ലാല്‍ സംസാരിച്ചു. അതിനുശേഷമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇന്ന് മറ്റൊരു എലിമിനേഷന്‍ കൂടി സംഭവിക്കുമോ എന്ന കാര്യം അപ്രവചനീയമാണ്. അതേസമയം പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഇന്നുണ്ടാവും. 

ബിഗ് ബോസ് ഹൗസില്‍ ഉച്ചത്തില്‍ പാട്ട് മുഴങ്ങുന്നതും മറ്റുള്ളവര്‍ ഗേറ്റിലേക്ക് ഓടുന്നതും ഗേറ്റ് തുറക്കുന്നതുമായ ആകാംക്ഷ നിറഞ്ഞ രംഗങ്ങളിലാണ് ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചിരിക്കുന്നത്. എന്നാല്‍ ഏഷ്യാനെറ്റ് കുറച്ചുനേരം മുന്‍പ് പുറത്തുവിട്ട പ്രൊമോ വീഡിയോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെക്കുറിച്ചുള്ള കൗതുകകരമായ ചില ദൃശ്യങ്ങള്‍ കൂടിയുണ്ട്. ഒരു സൂപ്പര്‍ബൈക്കിലാണ് ഗേറ്റ് തുറന്ന് ഉള്ളിലേക്ക് പ്രവേശിക്കുന്നയാള്‍ വരുന്നതായി കാണിച്ചിരിക്കുന്നത്. ഇന്നത്തെ വൈല്‍ഡ് കൈര്‍ഡ് എന്‍ട്രിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല പേരുകളും പ്രചരിക്കുന്നുണ്ട്. അതില്‍ വസ്തുതയേത്, അല്ലാത്തതേത് എന്നറിയാന്‍ ഏതാനും മിനിറ്റുകളുടെ കാത്തിരിപ്പ് കൂടി.