Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് അവസാനിക്കുമ്‌പോള്‍ ജയിച്ചവരും തോറ്റവരും ഇവരാണ് !

ഇന്നാണ് ബിഗ് ബോസിന്റെ അവസാന എപ്പിസോഡ്. ഇന്നത്തോടെ ബിഗ് ബോസ് സീസണ്‍ 2 മലയാളം തീര്‍ന്നു. ജയിച്ചതാരൊക്കെ? തോറ്റതാരൊക്കെ? വീണു പോയതാരൊക്കെ? നേടിയവര്‍ ആരൊക്കെ എന്നൊരന്വേഷണം നടത്താം. ബിഗ് ബോസ് കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഒരു മത്സരാര്‍ത്ഥി ഫുക്രുവാണ്.

who is the real winner of bigg boss season 2 sunitha devadas review
Author
Kerala, First Published Mar 20, 2020, 2:32 PM IST

ഇന്നാണ് ബിഗ് ബോസിന്റെ അവസാന എപ്പിസോഡ്. ഇന്നത്തോടെ ബിഗ് ബോസ് സീസണ്‍ 2 മലയാളം തീര്‍ന്നു. ജയിച്ചതാരൊക്കെ? തോറ്റതാരൊക്കെ? വീണു പോയതാരൊക്കെ? നേടിയവര്‍ ആരൊക്കെ എന്നൊരന്വേഷണം നടത്താം. ബിഗ് ബോസ് കൊണ്ട് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഒരു മത്സരാര്‍ത്ഥി ഫുക്രുവാണ്.

ഫുക്രുവിന്റെ നേട്ടങ്ങള്‍: മികച്ച മത്സരാര്‍ത്ഥി, ടാസ്‌ക്കുകളിലെ അജയ്യന്‍. വെറും ടിക് ടോക് കളിച്ചു നടന്ന തരികിട ഇമേജില്‍ നിന്നും ഫുക്രു മെയിന്‍ സ്ട്രീമിലേക്ക് എത്തി. ഫുക്രുവിനെ പരിചയില്ലാത്ത, ഫോളോ ചെയ്യാത്ത നിരവധി പേര് അവനെ അറിയാന്‍ തുടങ്ങി. ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി ഫുക്രു ആയിരുന്നു. എന്നിട്ടും അവിടെയുള്ള പല മുതിര്‍ന്ന മനുഷ്യരെക്കാളും സെന്‍സിബിളായി അവന്‍ പല സന്ദര്‍ഭങ്ങളിലും പ്രതികരിക്കുന്നത് നമ്മള്‍ കണ്ടു. തന്റെ ജീവിതം രൂപപ്പെടുത്തുന്നതിന് മുന്‍പ് അവനു കിട്ടിയ ഗോള്‍ഡന്‍ ചാന്‍സ് ആണ് ഈ അനുഭവങ്ങള്‍. 22 തരം, മനുഷ്യര്‍, അവരുടെ അതിജീവനം. ഫക്രുവിനാണ് ബിഗ് ബോസില്‍ നിന്നും ഏറ്റവും കൂടുതല്‍ ബന്ധങ്ങള്‍ ഉണ്ടായത്. സുരേഷേട്ടന്‍ മുതല്‍ എലീന വരെയുള്ള എത്രയോ മനുഷ്യരെ അവനു ഈ ഷോകൊണ്ട് കിട്ടി. ഫുക്രു വീണതെവിടെയൊക്കെ?
ചിലപ്പോഴൊക്കെ അവന്‍ വൈകാരികമായി തളര്‍ന്നു പോകുന്നത് നമ്മള്‍ കണ്ടു. ചിലപ്പോഴൊക്കെ ദേഷ്യം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല  

who is the real winner of bigg boss season 2 sunitha devadas review

രജിത് കുമാര്‍ ഒരുപാട് പ്രത്യേകതകള്‍ ഉള്ള മത്സരാര്ഥിയാണ്. ഏറ്റവും കൂടുതല്‍ ആരാധകരും ഏറ്റവും കൂടുതല്‍ ഹേറ്റേഴ്‌സും ഉള്ള മത്സരാര്‍ത്ഥി. ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട മത്സരാര്‍ത്ഥി. രജിത് കുമാര്‍ ബിഗ് ബോസിലേക്ക് പോകുമ്പോള്‍ രജിത് കുമാറിന്റെ ഇമേജ് ഒന്നാം നമ്പര്‍ സ്ത്രീവിരുദ്ധന്‍ എന്നും സ്യുഡോ സയന്‍സ് പ്രചരിപ്പിക്കുന്നതിന് സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും വിലക്കപ്പെട്ട അധ്യാപകന്‍ എന്നുമായിരുന്നു. ബിഗ് ബോസ് കൊണ്ട് രജിത് കുമാറിന് ധാരാളം ആരാധകരെ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം.
എന്നാല്‍ അത്ര തന്നെയോ അതിലധികമോ  ക്ഷീണമുണ്ടാക്കുന്നതാണ് ഒരു അധ്യാപകന്‍ ഒരു റിയാലിറ്റി ഷോയില്‍ ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക് തേച്ചതിനു പുറത്താക്കപ്പെട്ടു എന്നതും. മലയാളം ബിഗ് ബോസില്‍ എല്ലാവരും എവിക്റ്റഡ് ആയപ്പോ ഇജക്ട് ആക്കപ്പെട്ട ഒരു മത്സരാര്‍ത്ഥിയായ രജിത് കുമാര്‍ ബിഗ് ബോസ് ചരിത്രത്തില്‍ ഇടവും നേടി.

ബിഗ് ബോസില്‍ വന്നിട്ട് നേട്ടമുണ്ടാക്കിയ മറ്റൊരാള്‍ പവന്‍ ജിനോ തോമസാണ്. വെറും 10 ദിവസം മാത്രം ഷോയില്‍ നിന്ന്, ധാരാളം ആരാധകരെ പുറത്തുണ്ടാക്കാന്‍ കഴിഞ്ഞു. കരിയറില്‍ അത് ഗുണകരമാവും. ഒരു ഷോ കൊണ്ട് നേടേണ്ട മുഴുവന്‍ പ്രശസ്തിയും പത്തു ദിവസം കൊണ്ട് നേടിയ മത്സരാര്‍ത്ഥി. പവന്‍ വീണതെവിടെയൊക്കെ? പവന്റെ കളിയുടെ രീതി പേടിപ്പിക്കുന്നതായിരുന്നു. എല്ലാവരെയും ഉപദ്രവിക്കാന്‍ പോകുന്ന പോലെയുള്ള പെരുമാറ്റവും അനാവശ്യമായ തെറി വിളിയും ഒക്കെ അസഹനീയമായിരുന്നു.

who is the real winner of bigg boss season 2 sunitha devadas review

പാഷാണം ഷാജിയും  ബിഗ് ബോസില്‍ നിന്നും നേട്ടമുണ്ടാക്കാന്‍ സാധിച്ച മത്സരാര്‍ത്ഥിയാണ്. ഒരു കൊമേഡിയനായ ഷാജിയെ മാത്രമേ പ്രേക്ഷകര്‍ കണ്ടിട്ടുള്ളു. എന്നാല്‍ ബിഗ് ബോസിലൂടെ മറ്റൊരു പാഷാണം ഷാജിയെ പ്രേക്ഷകര്‍ കണ്ടു. നിഷ്പക്ഷനായി ഗെയിം കളിക്കുന്ന, എന്നാല്‍ അതേസമയം എല്ലാവരെയും ഒരേ പോലെ കെയര്‍ ചെയ്യുന്ന ഒരു പാഷാണം ഷാജി. മൂന്ന് തവണ തുടര്‍ച്ചയായി വീടിന്റെ കാപ്റ്റന്‍. ടാസ്‌ക്കുകളിലെ വിജയി. മികച്ച മത്സരാര്‍ത്ഥി. പാഷാണം ഷാജി വീണതെവിടെയൊക്കെ? അമൃതയെയും അഭിരാമിയെയും സെറ്റപ്പ് എന്ന് ടാസ്‌ക്കിനിടെ വിളിച്ചത് മാത്രമാണ് ഷാജിക്ക് കളിയില്‍ വന്ന പിഴവ്. അതില്‍ ഷാജി തിരുത്തുകയും സഹോദരിമാരോട് മാപ്പു പറയുകയും ചെയ്തു.

ബിഗ് ബോസ് കൊണ്ട് നേട്ടമുണ്ടാക്കിയ മത്സരാര്‍ത്ഥിയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ വിവാദ വീഡിയോകള്‍ മാത്രം ചെയ്തു നിലനിന്നിരുന്ന ദയക്ക് ബിഗ് ബോസ് വേറൊരു അഡ്രസും ഇമേജും നല്‍കി. ചിലപ്പോഴൊക്കെ ദയ പൊളിയായിരുന്നു. ചിലപ്പോഴൊക്കെ വന്‍ കുഴപ്പക്കാരിയും. ഷോ കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയ ഒരാള്‍ ചിലപ്പോ ദയ തന്നെ ആയിരിക്കും. ബിഗ് ബോസ് ഫെയിം എന്ന ഒരു അഡ്രസ് ഉണ്ടായി. വിവാദ വീഡിയോകള്‍ക്കപ്പുറം ദയ എന്ന മനുഷ്യനെ പച്ചയായി തുറന്നു കാണിക്കാന്‍ കഴിഞ്ഞു. വന്‍ മരങ്ങള്‍ വീണപ്പോഴും പുറത്തുപോയപ്പോഴും അവസാന ദിനം വരെ ഷോയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു.

who is the real winner of bigg boss season 2 sunitha devadas review

ഷോ കൊണ്ട് നേട്ടമുണ്ടാക്കിയ മറ്റൊരു വ്യക്തി രേഷ്മ രാജനാണ്. ഏത് പെണ്‍കുട്ടിയും തളര്‍ന്നു പോകുമായിരുന്ന, തകര്‍ന്നു പോകുമായിരുന്ന ഒരു സാഹചര്യത്തില്‍ രജിത് കുമാര്‍ എന്ന ഏറ്റവും കൂടുതല്‍ ഫാന്‍സുണ്ടായിരുന്ന താരത്തെ പുറത്താക്കി പുറത്തേക്കിറങ്ങിയ രേഷ്മയും വിജയിച്ചവളാണ്. നിലപാടുകളില്‍ ഉറച്ചു നിന്നവള്‍, ഒരു ഗ്രൂപ്പിലും ചേരാത്തവള്‍, ഗ്രൂപ്പ് ഉണ്ടാക്കാത്തവള്‍. ഒറ്റക്ക് കളിച്ചവള്‍. പറയേണ്ടിടത്ത് ഉറച്ച ശബ്ദത്തില്‍ തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവള്‍. അത് കൊണ്ട് തന്നെ ധാരാളം ഹേറ്റേഴ്‌സിനെയും ഉണ്ടാക്കി.  രേഷ്മ വീണതെവിടെയൊക്കെ? മത്സരാര്‍ത്ഥി എന്ന നിലയില്‍ വേണ്ടത്ര ശോഭിക്കാന്‍ രേഷ്മക്ക് കഴിഞ്ഞില്ല.

ആര്യയും വീണയും നേട്ടമുണ്ടാക്കിയവര്‍ തന്നെയാണ്. ആര്യയ്ക്ക് ബഡായി ബംഗ്ലാവിലെ വെറും കോമഡി താരമല്ല താന്‍ എന്നും തനിക്ക് കാര്യ ഗൗരവമുണ്ടെന്നും തെളിയിക്കാന്‍ കഴിഞ്ഞു. ആര്യയുടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള കഴിവും ഭാഷാ പ്രാവീണ്യവും പ്രേക്ഷകര്‍ കണ്ടു. വീണ ഒരു സീരിയല്‍- സിനിമ താരം  എന്നതിനപ്പുറം ഒരു ഓള്‍റൗണ്ടര്‍ ആണെന്ന് പ്രേക്ഷകര്‍ കണ്ടു. ബിഗ് ബോസിലെ ഏറ്റവും നല്ല എന്റര്‍ടെയിനര്‍ വീണ ആയിരുന്നു. ആര്യയും വീണയും വീണത് നല്ല മത്സരാത്ഥികള്‍ ആയിട്ടും ഇവരുടെ ഗെയിം പ്ലാനും ഒത്തുകളിയും പ്രേക്ഷകര്‍ സ്വീകരിച്ചില്ല എന്നിടത്താണ്. ഇവര്‍ രണ്ടാളും കൂടി പറഞ്ഞ പരദൂഷണങ്ങളും ആളുകളെ കുറിച്ചുള്ള ചര്‍ച്ചകളും പ്രേക്ഷകര്‍ തള്ളി ക്കളഞ്ഞു. ഇവരുടെ കരച്ചില്‍ പ്രേക്ഷകര്‍ക്ക് അരോചകമായിരുന്നു.

ബിഗ് ബോസിലെ ഏറ്റവും ജനുവിനായ മത്സരാര്‍ത്ഥി മഞ്ജു പത്രോസ് ആയിരുന്നു. മഞ്ജു തന്റെ വ്യക്തിത്വം നിലനിര്‍ത്തി തന്നെ ഗെയിം കളിച്ചു. നിലപാടുകളില്‍ നിലയുറപ്പിച്ചു. എന്നാല്‍ ഷോ കൊണ്ട് പ്രത്യേക നേട്ടമൊന്നും ഉണ്ടാക്കാന്‍ മഞ്ജുവിന് കഴിഞ്ഞില്ല.ധാരാളം നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. രജിത് കുമാറിനെ കുഷ്ഠരോഗിയുടെ മനസുള്ളയാള്‍ എന്ന് വിളിച്ചത്  ക്ഷീണമായി. അതില്‍ മാപ്പ് പറഞ്ഞു ആ തെറ്റ് തിരുത്തി. മഞ്ജുവിന്റെ നിരന്തരമുള്ള കരച്ചിലാണ് ക്ഷീണമുണ്ടാക്കിയ അടുത്ത സംഗതി. മൊത്തത്തില്‍ നോക്കുമ്പോ മഞ്ജുവിന് ഷോ കൊണ്ട് വലിയ നേട്ടമൊന്നും ഉണ്ടായിട്ടില്ല. ബിഗ് ബോസില്‍ നിന്നും നേട്ടമുണ്ടാക്കിയവരില്‍ തെസ്‌നിഖാനും സുരേഷ് കൃഷ്ണനുമുണ്ട്. ഇവര്‍ ആരാണ് എന്നും ഇവരുടെ വ്യക്തിത്വം എന്താണെന്നും ഷോയിലൂടെ കാണിച്ചു. എന്നാല്‍ മത്സരാര്‍ത്ഥികള്‍ എന്ന നിലയില്‍ ഇവര്‍ക്ക് ഇവരെ രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല.

ബിഗ് ബോസ് കൊണ്ട് നേട്ടമുണ്ടായ മറ്റൊരു മത്സരാര്‍ത്ഥിയാണ് അഭിരാമി. അഭിരാമിയെ വീട്ടിനുള്ളില്‍ ഉള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. ഗായിക അല്ലാത്ത അഭിരാമിയെ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞു. അതേസമയം സഹോദരിയായ അമൃതയ്ക്ക് ഷോ കൊണ്ട് നഷ്ടമാണുണ്ടായത്. വീടിനുള്ളിലും പുറത്തും അമൃതയ്ക്ക് ഷോ കൊണ്ട് ഹേറ്റേഴ്സ് ഉണ്ടായി. അമൃതയെ ആളുകള്‍ കരുതിയിരുന്നത് പാട്ടുപാടുന്ന ഒരു പാവം കുട്ടി എന്നായിരുന്നു. എന്നാല്‍ അമൃത ആ വീടിനകത്തു അങ്ങനെ ആയിരുന്നില്ല. ഗ്രൂപ്പ് കളി, മറ്റുള്ളവരെ കുറ്റം പറയല്‍, ടാര്‍ഗറ്റ് ചെയ്തു ചിലരെ അക്രമിക്കല്‍, എതിരാളികളെ മാനസികമായി തകര്‍ക്കല്‍ എന്നതൊക്കെയായിരുന്നു അമൃതയുടെ കളിയുടെ രീതി. ബിഗ് ബോസ് ഗെയിം പോലും അമൃതയുടെ വരവിനു മുന്‍പും ശേഷവും എന്ന് രണ്ടായി വിഭജിക്കാവുന്നതാണ്. അമൃതയുടെ വരവോടെ ബിഗ് ബോസ് മത്സരാര്‍ത്ഥികളിലും കളികളിലും വലിയ മാറ്റമുണ്ടായി.രജിത് കുമാറിന്റെ ഒറ്റക്ക് കളി അവസാനിച്ചു. ആര്യ ടീമിന്റെ ആത്മവിശ്വാസം പോയി. മത്സരാര്‍ത്ഥികള്‍ എന്ന നിലയില്‍ അഭിരാമിയും അമൃതയും മിടുക്കികളായിരുന്നു. എന്നാല്‍ വ്യക്തിപരമായി ആളുകള്‍ക്ക് അമൃതയെ കുറിച്ചുണ്ടായിരുന്ന ഇമേജ് പോയി.

who is the real winner of bigg boss season 2 sunitha devadas review

ബിഗ് ബോസ് കൊണ്ട് നഷ്ടമായുണ്ടായ ഒരാളാണ് ആര്‍ ജെ രഘു. രഘുവിന്റെ ആദ്യ വരവില്‍ പ്രേക്ഷകര്‍ക്ക് രഘുവിനെ ഇഷ്ട്മായിരുന്നു. എന്നാല്‍ കണ്ണിണസുഖം ബാധിച്ചു പുറത്തു പോയി വന്ന രഘുവിന്റെ നിലപാട് മാറ്റം പ്രേക്ഷകരെ അമ്പരപ്പിച്ചു. നിരാശപ്പെടുത്തി. സ്ത്രീപക്ഷം എന്ന് സ്വയം പറഞ്ഞിരുന്ന രഘു വന്‍ സ്ത്രീവിരുദ്ധനായി മാറിയതാണ് രണ്ടാം വരവിലെ പ്രധാന മാറ്റം. രജിത്തിനൊപ്പമുള്ള ഒത്തുകളി, രജിത് പോയ ഉടന്‍ പുള്ളിക്കെതിരായി നടത്തിയ പടയൊരുക്കം.. മൊത്തത്തില്‍ രഘു ഇമേജ് നഷ്ടപ്പെട്ടാണ് ബിഗ് ബോസില്‍ നിന്നും ഇറങ്ങുന്നത്. രഘുവിനുണ്ടായ നേട്ടം കോഴിക്കോട് ഒരു പോപ്പുലര്‍ വോയിസ് ആയി നിലനിന്നിരുന്ന രഘു മലയാളികള്‍ക്കിടയില്‍ പ്രശസ്തനായി എന്നത് മാത്രമാണ്.

ഷോ കൊണ്ട് നേട്ടത്തേക്കാള്‍ കൂടുതല്‍ നഷ്ടമുണ്ടായ രണ്ടു പേരാണ് സുജോയും അലസാന്‍ഡ്രയും. രണ്ടു പേരുടെയും പ്രേമം സ്ട്രാറ്റജി പാളിയതോടെ രണ്ടു പേര്‍ക്കും വ്യക്തിപരമായി അത് ക്ഷീണമുണ്ടാക്കി. അത് കൊണ്ടുണ്ടായ ക്ഷീണം മാറ്റാന്‍ വേണ്ടി പിന്നീട് കളിച്ച കളികള്‍ അതിലും ബോറായി പോവുകയും ചെയ്യും. രണ്ടു പേര്‍ക്കും ഷോ കിട്ടിയ പ്രശസ്തി ഒഴികെ ബാക്കി എല്ലാ തരത്തിലും ഇവര്‍ക്ക് നേട്ടമൊന്നും ഉണ്ടായതായി കാണാന്‍ കഴിയുന്നില്ല. മത്സരാര്‍ത്ഥികള്‍ എന്ന നിലയില്‍ മെച്ചമായിരുന്നെങ്കിലും ജീവിതം വച്ച് കളിച്ചതു കൊണ്ട് നഷ്ടമുണ്ടാക്കിയവര്‍.

ബിഗ് ബോസ് കൊണ്ട് വന്‍ നഷ്ടമുണ്ടാവുകയും ഒരു നേട്ടവുമുണ്ടാവാതിരിക്കുകയും ചെയ്ത ഒരാളാണ് പ്രദീപ് ചന്ദ്രന്‍. ദയ അശ്വതി പ്രദീപിനെക്കുറിച്ചു പറഞ്ഞ കഥയും അതിലെ ദുരൂഹതയുമൊക്കെ പ്രദീപിന് വ്യക്തിപരമായി നഷ്ടമുണ്ടാക്കി. ബിഗ് ബോസ് കൊണ്ട് വലിയ ഒരു നഷ്ടമുണ്ടാവാതിരിക്കുകയും ചെറിയൊരു നേട്ടമുണ്ടാവുകയും ചെയ്ത ആളാണ് എലീന. ആ നേട്ടമെന്ന് പറയുന്നത് ബിഗ് ബോസില്‍ പോകുന്നത് വരെയും ബിഗ് ബോസിന്റെ ആദ്യ ദിവസങ്ങളിലും എലീനയെ കുറിച്ച് ആളുകള്‍ക്കുള്ള അഭിപ്രായം ഈ കുട്ടി വലിയ പൊങ്ങച്ചക്കാരിയും ഫേക്കും എന്നതായിരുന്നു. എന്നാല്‍ അങ്ങനല്ല, ഇത് തന്നെയാണ് എലീന എന്ന് ഷോ കൊണ്ട് ആളുകള്‍ക്ക് മനസിലായി എന്നതാണ് എലീനക്കുണ്ടായ നേട്ടം. പ്രത്യേകിച്ച് നഷ്ടമൊന്നും പറയാനുമില്ല.

who is the real winner of bigg boss season 2 sunitha devadas review

ഷോ കൊണ്ട് വലിയ നഷ്ടമുണ്ടായ ആളാണ് ജസ്ല മാടശ്ശേരി. നിലപടുള്ള പെണ്‍കുട്ടി എന്ന ജസ്ലയെക്കുറിച്ചുള്ള ഇമേജ് കുറെ പേര്‍ക്ക് മാറി. എന്നാല്‍ അതേസമയം ബിഗ് ബോസ് വീടിനകത്തു ഭരണഘടനയും സ്യുഡോ സയന്‍സും വിശ്വാസവും തുല്യതയുമൊക്കെ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞത് ജസ്ലയുടെ വലിയ നേട്ടവുമാണ്. കുറെ ശത്രുക്കളെ കൂടി ബിഗ് ബോസ് കൊണ്ട് ജസ്ലക്ക് കിട്ടി . ഷോ കൊണ്ട് പ്രത്യേകിച്ച് നഷ്ടമോ നേട്ടമോ ഉണ്ടാവാത്തവരാണ് പരീക്കുട്ടി, സോമദാസ് , എന്നിവര്‍. ഇവര്‍ അങ്ങനെ പ്രത്യേകിച്ചൊന്നും ബിഗ് ബോസില്‍ ചെയ്തില്ല. നഷ്ടവുമില്ല, ലാഭവുമില്ല.

സൂരജിന് മൊത്തത്തില്‍ നോക്കുമ്പോള്‍ നേട്ടമാണുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ സൂരജിനുണ്ടായ ഇമേജ് മാറി. സൂരജ് ഒരു പക്വതയുള്ള മനുഷ്യനാണ് എന്നറിയാന്‍ കുറെ പേര്‍ക്ക് അവസരം കിട്ടി. മത്സരാര്‍ത്ഥി എന്ന നിലയില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഷോ കൊണ്ട് വലിയ നഷ്ടമുണ്ടായ മത്സരാര്‍ത്ഥി രാജിനി ചാണ്ടിയാണ്. മലയാളിയുടെ മുത്തശ്ശിയെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ ബിഗ് ബോസ് കൊണ്ട് അവര്‍ക്ക് കുറച്ചു ശത്രുക്കള്‍ ഉണ്ടായി. ഷോ കൊണ്ട് ഒരു നേട്ടവും ഉണ്ടാക്കാന്‍ കഴിഞ്ഞുമില്ല.

Follow Us:
Download App:
  • android
  • ios