സവിശേഷതകളുള്ള ഒരു ഗെയിം ബിഗ് ബോസില്‍ രണ്ട് ദിവസമായി തുടരുകയാണ്. ബിഗ് ബോസ് ഹൗസ് വനത്തിനുള്ളിലെ ഒരു ബംഗ്ലാവായി മാറിയ ഗെയിമില്‍ ചില കൊലപാതകങ്ങള്‍ നടക്കുകയും കുറ്റവാളികളെ പിടിക്കാനായി പൊലീസ് ഉദ്യോഗസ്ഥര്‍ എത്തുകയുമായിരുന്നു. വിവിധ കഥാപാത്രങ്ങളായി പതിനേഴ് മത്സരാര്‍ഥികളും ഗെയിമില്‍ പങ്കെടുത്തിരുന്നു.

ബിഗ് ബോസ് ഹൗസ് 'അമ്മച്ചീസ് ബംഗ്ലാവ്' ആയി മാറിയപ്പോള്‍ ബംഗ്ലാവിന്റെ ഉടമസ്ഥയായ കഥാപാത്രത്തെയാണ് രാജിനി ചാണ്ടി അവതരിപ്പിച്ചത്. അവരുടെ സഹായി ആയി രേഷ്മ രാജനും മന്ത്രവാദിനിയായി തെസ്‌നി ഖാനും എത്തി. ആദ്യം സന്യാസി വേഷത്തില്‍ രംഗത്തെത്തിയ രഘുവും രജിത്തും യഥാര്‍ഥത്തില്‍ വേഷം മാറിയ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് ബിഗ് ബോസ് തന്നെ അവസാനം വെളിപ്പെടുത്തി. അവരാണ് നിലവില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അവര്‍ക്ക് യഥാര്‍ഥ കുറ്റവാളികളെ കണ്ടുപിടിക്കാനാവുമോ എന്നാണ് ബിഗ് ബോസ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ ഞെട്ടിക്കുന്ന ചില സര്‍പ്രൈസുകള്‍ ഇന്നത്തെ എപ്പിസോഡില്‍ ബിഗ് ബോസ് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് ഷോയുടെ പുതിയ പ്രൊമോ പറയുന്നു. ബിഗ് ബോസ് ഹൗസിന് പുറത്ത് തയ്യാറാക്കിയിരിക്കുന്ന ജയിലില്‍ അടച്ചിട്ടിരിക്കുന്ന രാജിനി ചാണ്ടിയെയും രജിത് കുമാറിനെയും പ്രൊമോ ദൃശ്യങ്ങളില്‍ കാണാം. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയാന്‍ എപ്പിസോഡ് തുടങ്ങാന്‍ കാത്തിരിക്കണം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9നുമാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് സംപ്രേഷണം ചെയ്യുന്നത്.