ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പ്രധാന മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാര്‍ ഷോയില്‍നിന്ന് പുറത്തേക്ക്? ഒറ്റക്കേള്‍വിയില്‍ അവിശ്വാസം തോന്നുന്നതെങ്കിലും അത്തരത്തിലുള്ള സൂചന നല്‍കുന്നതാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്ന പുതിയ പ്രൊമോ. ഇന്നത്തെ എപ്പിസോഡിന്റെ 30 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള പ്രൊമോഷണല്‍ വീഡിയോയിലാണ് ഇത്തരമൊരു വിവരത്തിന്റെ സൂചനകള്‍ ഉള്ളത്. വീഡിയോയ്ക്ക് ഏഷ്യാനെറ്റ് നല്‍കിയിരിക്കുന്ന തലക്കെട്ടും അത്തരത്തിലാണ്. 'രജിത് കുമാര്‍ ബിഗ് ബോസ് ഹൗസിന് പുറത്തേക്കോ' എന്ന് ചോദ്യരൂപത്തിലാണ് ഏഷ്യാനെറ്റിന്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പുറത്തെത്തിയിരിക്കുന്ന വീഡിയോയില്‍ സ്‌കൂള്‍ യൂണിഫോമുകളിലാണ് രജിത് കുമാര്‍ ഉള്‍പ്പെടെയുള്ള മത്സരാര്‍ഥികള്‍. ഇന്നാരംഭിക്കുന്ന ഈയാഴ്ചയിലെ, ലക്ഷ്വറി ബജറ്റിനായുള്ള വീക്ക്‌ലി ടാസ്‌കിലെ ഗെയിം ആണ് ഇതെന്നാണ് സൂചന. ഒരു സ്‌കൂള്‍ ക്ലാസിലെ വിദ്യാര്‍ഥികളായും അധ്യാപകരായുമാണ് മത്സരാര്‍ഥികളുടെ വേഷപ്പകര്‍ച്ചകള്‍. രജിത്തിനെപ്പോലെ സ്‌കൂള്‍ യൂണിഫോമിലാണ് രേഷ്മയും. ഇടയ്ക്ക് രേഷ്മയുടെ കണ്ണിലേക്ക് വിരല്‍ കൊണ്ട് തൊടുന്ന രജിത്തിനെയും കാണാം.

 

തുടര്‍ന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് മറ്റുള്ളവരുടെ സഹായത്തോടെ എത്തുന്ന രേഷ്മയെയും പിന്നാലെ കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസ് വിളിച്ചുവരുത്തുന്ന രജിത് കുമാറിനെയും കാണാം. പിന്നാലെ ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റും പുറത്ത് ഹാളിലെ സോഫയില്‍ ഇരിക്കുന്ന മത്സരാര്‍ഥികളുടെ, ഇത് കേട്ടുള്ള ഞെട്ടലും പ്രൊമോ വീഡിയോയിലുണ്ട്. 'രജിത് കുമാര്‍ ചെയ്ത ക്രൂരമായ പ്രവൃത്തി ബിഗ് ബോസ് ഷോയുടെ നിയമങ്ങള്‍ക്ക് എതിരായതിനാല്‍..' എന്ന് മാത്രമാണ് അനൗണ്‍സ്‌മെന്റില്‍ കേള്‍ക്കുന്നത്.

അതേസമയം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. എല്ലാവരും ആകാംക്ഷ പങ്കുവെക്കുമ്പോള്‍ത്തന്നെ രജിത് പുറത്താക്കപ്പെടുമെന്ന ആശങ്ക പങ്കുവെക്കുന്നത് ചുരുക്കം ചിലര്‍ മാത്രമാണ്. പല പ്രൊമോകളിലെയും പോലെ എഡിറ്റിംഗ് കൗശലം കൊണ്ട് കൗതുകം തീര്‍ക്കുക മാത്രമായിരിക്കാം അണിയറക്കാരെന്ന് ഭൂരിഭാഗവും കരുതുന്നു. അതേസമയം ഇന്നത്തെ എപ്പിസോഡില്‍ ഇതിനുള്ള ഉത്തരം ഉണ്ടാവും.